തൊഴിലാളിയെ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി! കാറുടമയായ നടി രേഖാ നായര്‍ വിവാദങ്ങളുടെ തോഴി
ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. നിരത്തുകളില്‍ ജീവന്‍ പൊലിയുന്നത് തടയാന്‍ അധികാരികള്‍ പല തരത്തിലുള്ള പ്രചാരണ പരിപാടികളും നടത്തി വരുന്നു. കഴിഞ്ഞ ദിവസം ഗ്രേറ്റര്‍ ചെന്നൈ ട്രാഫിക് പൊലീസ് നടപ്പാക്കിയ സീറോ ആക്‌സിഡന്റ് ഡെത്ത് ക്യാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 ദിവസം നീണ്ടുനിന്ന ക്യാമ്പയിന്‍ സമയത്ത് റോഡപകട മരണങ്ങളില്ലാത്ത ആറ് ദിവസം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തമിഴകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഒരു അപകടം. തമിഴ് സീരിയല്‍ നടിയായ രേഖാ നായരുടെ കാറിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് (ഓഗസ്റ്റ് 27) തമിഴ്‌നാടിനെ നടുക്കിയ അപകടം നടന്നത്. ജാഫര്‍ഖാന്‍പേട്ട് മേഖലയില്‍ നടന്ന ഈ അപകടത്തില്‍ മഞ്ഞന്‍ എന്നയാളാണ് മരിച്ചത്. 55-കാരനായ മഞ്ഞന്‍ കൂലിപ്പണിക്കാരനാണ്. ജാഫര്‍ഖാന്‍പേട്ടിലെ റോഡില്‍ വെച്ച് മഞ്ഞനെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തുണ്ടായിരുന്നവര്‍ മഞ്ഞനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പൊലീസ് സിസിടിവി വഴി അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. നടി രേഖാ നായരുടേതായിരുന്നു ഈ കാര്‍. ഇതേത്തുടര്‍ന്ന് രേഖാ നായരുടെ ഡ്രൈവര്‍ പാണ്ഡ്യന്‍ അറസ്റ്റിലായി. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് അന്വേഷിച്ച് വരികയാണ്. സംഭവസമയത്ത് ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അപകടസമയത്ത് രേഖ നായര്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഗിണ്ടി ട്രാഫിക് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം പാണ്ടിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തും. പാണ്ഡ്യന്‍ അന്ന് മദ്യലഹരിയിലായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. രേഖാ നായരുടെ കാര്‍ പിടച്ചെടുത്ത് പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
സെലിബ്രിറ്റിയോ സാധാരണക്കാരനോ ആരുമായിക്കൊള്ളട്ടെ വളയം പിടിക്കുമ്പോള്‍ സദാ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുകയാണ് ഈ സംഭവം. ഈ റോഡപകടത്തില്‍ ഉള്‍പ്പെട്ട വാഹനം മഹീന്ദ്ര ഥാര്‍ ആണെന്നാണ് സൂചന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഓഫ്‌റോഡര്‍ എസ്‌യുവിയാണ് ഥാര്‍. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ രേഖാ നായര്‍ ഒന്ന് രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കാരണമാണ് പലപ്പോഴും രേഖാ നായര്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടിയത്. വിവാഹിതനായ എംഎല്‍എയുമായുള്ള ബന്ധത്തിന്റെ പേരിലും ഒരു സിനിമയില്‍ ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടും നടി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന രേഖാ നായര്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായി മാറിയിരിക്കുകയാണ്.
അപകടം സംബന്ധിച്ച സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തത് ആരായാലും ശിക്ഷക്കപ്പെടണമെന്നാണ് നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്. ഇവിടെ അപകട കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും വാഹനമോടിക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായി ഇത് മാറി. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെയും അപകടങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഇതിലുണ്ട്.
ഇവിടെ അപകടത്തില്‍ മരിച്ച മഞ്ഞന്‍ മദ്യലഹരിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ ഫൂട്പാത്തുകള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. കാരണം രാത്രിയില്‍ പല വാഹനങ്ങളും അമിത വേഗതയിലായിരിക്കും വരിക. ചിലപ്പോള്‍ പെട്ടെന്ന് ശ്രദ്ധിക്കാനും കഴിഞ്ഞുവെന്ന് വരില്ല. അതുകൊണ്ട് രാത്രിയില്‍ കാല്‍നടയായി പോകുന്നവര്‍ പോലും അതീവ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുക. എപ്പോഴും പറയുന്നത് പോലെ തന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








