മറ്റുള്ളവർ നിരസിച്ച 10 രൂപ നാണയങ്ങൾ സ്വരുക്കൂട്ടി കാർ സ്വന്തമാക്കി തമിഴ്നാട് സ്വദേശി
ഒരു കാർ വാങ്ങുന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ കാര്യമാണോ എന്ന് ആർക്കും തോന്നാം. ബാങ്കുകളും ചെറു കിട ധനകാര്യ സ്ഥാപനങ്ങളും നിരവധി വായ്പകളും, സാമ്പത്തിക സഹായവും നൽകുന്നത് കൊണ്ട് ആർക്കും ഇന്ന് എളുപ്പത്തിൽ ഒരു കാർ വാങ്ങാൻ സാധിക്കും.

പക്ഷേ തമിഴ്നാട് സ്വദേശിയായ വെട്രിവേൽ ഒരു കാർ വാങ്ങിയത് അല്പം വ്യത്യസ്തമായ രീതിയിലാണ്. ആറ് ലക്ഷം രൂപ വില വരുന്ന മാരുതി സുസുക്കിയുടെ ഇക്കോ എന്ന മോഡലിന്റെ മുഴുവൻ തുകയും 10 രൂപ നാണയങ്ങളായിട്ടാണ് ഇദ്ദേഹം നൽകിയത്.

മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർഷിപ്പിൽ ഇദ്ദേഹം ഒരു ചാക്ക് നിറയെ 10 രൂപ നാണയങ്ങളുമായി, മൊത്തം ആറ് ലക്ഷം രൂപയുമായി വന്ന് പുതിയ മാരുതി സുസുക്കി ഇക്കോ വാങ്ങിയെന്നാണ് തമിഴ്‌നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

തന്റെ അമ്മയുടെ പലചരക്ക് കടയിൽ വരുന്ന ഇടപാടുകാരിൽ നിന്ന് മണി എക്‌സ്‌ചേഞ്ച് ലഭിക്കുന്നതിനിടെയാണ് താൻ ഈ 10 രൂപ നാണയങ്ങൾ ശേഖരിച്ചതെന്നാണ് വെട്രിവേൽ പറഞ്ഞത്.

നമുക്ക് കേട്ടാൽ കൗതുകമായി തോന്നാവുന്നതായ ഒരു തരം നിരാശയിൽ നിന്നാണ് വെട്രിവേൽ 10 രൂപ കോയിനുകൾ കൊണ്ട് കാർ വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യയിലെ പലയിടങ്ങളിൽ സാധാരണക്കാർക്ക് ഇടയിൽ 10 രൂപ കോയിനുകൾ കൈപ്പറ്റുന്നതിന് ഒരു പ്രകടമായ വിമുഖത ഉണ്ട്.

തൻ്റെ കൈയിലുളള നാണയങ്ങൾക്ക് പകരമായി പേപ്പർ നോട്ടുകളോ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പണം കൈമാറ്റമോ നടത്താൻ സാധിക്കുമോ എന്നറിയാൻ വെട്രിവേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ പോയിരുന്നു.

എന്നാൽ ഈ നാണയങ്ങളുടെ തുക എണ്ണാനും കണക്കാക്കാനും ബാങ്കിൽ ആർക്കും മതിയായ സമയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്ക് ഉദ്യോഗസ്ഥർ ഈ നാണയങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു.

ഈ നാണയങ്ങൾ ഉപഭോക്താക്കൾക്കും ബാങ്കുകൾക്കുമായി ഉപയോഗിക്കാനാകാത്തതിന്റെ നിരാശമൂലമാണ്, പുതിയ കാർ വാങ്ങാൻ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഈ നാണയങ്ങൾ ഉപയോഗിക്കാൻ വെട്രിവേൽ തീരുമാനിച്ചത്.

തന്റെ ജന്മനാടായ ധർമ്മപുരിയിലെ മാരുതി സുസുക്കി ഷോറൂമിൽ ചെന്ന്, അവിടെ 10 രൂപയുടെ ഈ 60,000 നാണയങ്ങൾക്ക് പകരമായി ഒരു പുതിയ ഇക്കോ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഡീലർഷിപ്പിലെ ഉദ്യോഗസ്ഥർ ഇടപാടുമായി മുന്നോട്ട് പോകാൻ ആദ്യം ഒരു മടി കാണിച്ചുവെങ്കിലും വെട്രിവേലിന്റെ ഉറച്ച ദൃഢനിശ്ചയം കണ്ട് ഡീലർഷിപ്പ് മാനേജർ ഒടുവിൽ കാർ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

ഡെലിവറിക്ക് മുൻപ്, വെട്രിവേലും കുടുംബാംഗങ്ങളും നാണയങ്ങളടങ്ങിയ ചാക്കുകളുമായി എത്തി ഷോറൂം ഉദ്യോഗസ്ഥർക്ക് കൈമാറി.
അവർ ഓരോ നാണയവും എണ്ണി തിട്ടപ്പെടുത്തിയതിന് ശേഷം, വെട്രിവേലിന് പുതിയ ഗ്രേ നിറത്തിലുള്ള മാരുതി സുസുക്കി ഇക്കോയുടെ താക്കോൽ നൽകി.


Click it and Unblock the Notifications








