ചെന്നൈ പട്ടണം...; ഒന്നും രണ്ടുമല്ല 500 ബസുകളുമായി തമിഴ്നാട് സർക്കാർ
ചെന്നൈയിലും മറ്റ് പ്രാന്തപ്രദേശങ്ങളിലും ബസുകളുടെ കുറവ് പരിഹരിക്കുന്നതിനായി അടുത്ത വർഷത്തോടെ സ്വകാര്യ ബസുകൾ ഓടിക്കാൻ അനുമതി നൽകാനൊരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. ആദ്യഘട്ടത്തിൽ 500 ബസുകൾ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 700-ലധികം റൂട്ടുകളിലായി പ്രതിദിനം 3,454 ബസുകളാണ് സർവീസ് നടത്തുന്നത്.
സാധാരണ നിരക്ക് ഈടാക്കുന്ന 1,559 ബസുകളും, എക്സ്പ്രസ്, ലക്ഷ്വറി 1,674 ബസുകളും, 'എസി' ബസുകൾ 48 -ഉം, സ്നാക്സ് 207 എന്നിങ്ങനെയാണ് സർവീസ് നടത്തുന്ന ബസുകലുടെ എണ്ണം. 28.70 ലക്ഷം പേരാണ് ഇവയിലൂടെ എല്ലാം യാത്ര ചെയ്യുന്നത്. ചെന്നൈയുടെ നവീകരണവുമായി ബന്ധപ്പെട്ട് താംബരവും ആവഡിയും മുനിസിപ്പൽ കോർപ്പറേഷനുകളായി മാറിയിട്ടുണ്ട്. ചെങ്കൽപട്ട്, തിരുവള്ളൂർ, കോവളം, തിരുപ്പോരൂർ, മാമല്ലപുരം, ശ്രീപെരുമ്പത്തൂർ എന്നിങ്ങനെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ അതിർത്തികൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ ഇവിടെയെല്ലാം ആവശ്യത്തിന് ബസില്ല എന്നതായിരുന്നു ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട്. അതിനിടെ, ക്ലാംബാച്ചിൽ പുതിയ ബസ് സ്റ്റേഷൻ തുറക്കുന്നതിനാൽ ചെന്നൈയിലെ പല സ്ഥലങ്ങളിലേക്കും കൂടുതൽ ബസുകൾ ഓടിക്കേണ്ടതായി വന്നിരുന്നു. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിൽ വസതികളുടെയും ഫാക്ടറികളുടെയും ഓഫീസുകളുടെയും എണ്ണം വർധിക്കുന്നതിനാൽ ബസുകളുടെ ആവശ്യം കൂടി വരികയാണ്. 2030ഓടെ സിറ്റി ബസുകളുടെ ആവശ്യം 7,000 ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ന്യൂഡൽഹി ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളിലെയും പോലെ, മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകൾ വാങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പ്രാരംഭ ഘട്ടം ചെന്നൈയിലും ആരംഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പഠിക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിന് തീരുമാനമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവൺമെന്റ് റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പുതിയ നവീകരിച്ച ബസുകൾക്ക് മഞ്ഞ നിറം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ റാപ്പിഡ് ട്രാൻസിറ്റ് ബസുകളിലെ അപാകതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ഇതിനോടനുബന്ധിച്ച് 200 പുതിയ സ്ലീപ്പർ, സീറ്റർ ബസുകൾ വാങ്ങാൻ സർക്കാർ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പദ്ധതിയിട്ടിരിക്കുകയാണ്.
നിലവിൽ വെള്ളി-നീല ബസുകളുടെ നിറം വെള്ള-മഞ്ഞയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ അപാകതകളും വാഹനത്തിൽ എന്തൊക്കെ സജ്ജീകരണങ്ങൾ ആവശ്യമാണ് എന്ന് ജനങ്ങളുടെ അഭിപ്രായം അറിയാൻ ജനങ്ങളിലേക്ക് നേരിട്ട് ഫീഡ്ബാക്ക് തിരക്കുന്നുണ്ട്. നിരവധി അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്.
സീറ്റുകൾ, ജനലുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനും, ബസിന്റെ ഉൾഭാഗം പ്രത്യേകിച്ച് ജനലുകളും സ്ക്രീനുകളും വൃത്തിയാക്കണം എന്നും അഭിപ്രായം വന്നിട്ടുണ്ട്. ചിലർ പറയുന്നത് ബസുകളുടെ വേഗത കുറവാണെന്നും അത് അൽപ്പം കൂട്ടണമെന്നുമാണ്. ഏസി ബസുകളുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായവും വന്നിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുകയും, സംസ്ഥാന റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനു പുറമെ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനും പുതിയ ബസുകൾ വാങ്ങാൻ തീരുമാനിക്കുകയും ചെയ്യാനാണ് സാധ്യത. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അടുത്തിടെ 450 ബസുകൾക്കുളള ടെൻഡർ വിളിച്ചിരുന്നു.
കേരളത്തിൽ കെഎസ്ആർടിസിയും ഒരുപാട് മാറ്റങ്ങളും നവീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. അതിൻ്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിരുന്നു. 113 ബസുകളിൽ അറുപതെണ്ണം ഐഷർ ബസുകളും അൻപത്തിമൂന്നെണ്ണം പിഎംഎ ഫോട്ടോണിൻ്റേയുമാണ്. 113 ബസുകളും സിറ്റി സർവീസിനായി വാങ്ങിയിരിക്കുന്നതാണ്. നിലവിൽ ഇപ്പോൾ 50 ഇലക്ട്രിക് ബസുകളാണ് സിറ്റിയിൽ സർവീസ് നടത്തുന്നത്.


Click it and Unblock the Notifications








