ഒന്നും രണ്ടുമല്ല 1400 ബസുകൾ വാങ്ങാൻ തമിഴ്നാട്; ദീർഘദൂര സർവീസാണ് ലക്ഷ്യം
തമിഴ്‌നാട് സർക്കാർ തങ്ങളുടെ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനു വേണ്ടി 1400 സിറ്റി, അർബൻ ബസുകൾ വാങ്ങാനുളള പദ്ധതിയിലാണ്. അതുപോലെ തന്നെ പഴയ ബസുകളുടെ രൂപമാറ്റം വരുത്തിയ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ പഴയ എസ്ഇടിസി ബസുകളും നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ്‌നാട് ഗവൺമെന്റ് റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പേരിൽ നവീകരിച്ച ബസുകൾക്ക് മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത്. നിലവിൽ പച്ച-വെള്ളി-നീല നിറത്തിലുള്ള ബസുകൾക്കെല്ലാം വെള്ള-മഞ്ഞയിലേക്ക് മാറ്റിയിട്ടുണ്ട്. @tnstcbus -യാണ് ഈ പുതിയ ബസുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അകത്ത് എല്ലാവിധ സംവിധാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ബസുകൾ നവീകരിച്ചിരിക്കുന്നത്.

നിലവിൽ വെള്ളി-നീല ബസുകളുടെ നിറം വെള്ള-മഞ്ഞയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ അപാകതകളും വാഹനത്തിൽ എന്തൊക്കെ സജ്ജീകരണങ്ങൾ ആവശ്യമാണ് എന്ന് ജനങ്ങളുടെ അഭിപ്രായം അറിയാൻ ജനങ്ങളിലേക്ക് നേരിട്ട് ഫീഡ്ബാക്ക് തിരക്കുന്നുണ്ട്. നിരവധി അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്.

സീറ്റുകൾ, ജനലുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനും, ബസിന്റെ ഉൾഭാഗം പ്രത്യേകിച്ച് ജനലുകളും സ്ക്രീനുകളും വൃത്തിയാക്കണം എന്നും അഭിപ്രായം വന്നിട്ടുണ്ട്. ചിലർ പറയുന്നത് ബസുകളുടെ വേഗത കുറവാണെന്നും അത് അൽപ്പം കൂട്ടണമെന്നുമാണ്. ഏസി ബസുകളുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായവും വന്നിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുകയും, സംസ്ഥാന റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനു പുറമെ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനും പുതിയ ബസുകൾ വാങ്ങാൻ തീരുമാനിക്കുകയും ചെയ്യാനാണ് സാധ്യത. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അടുത്തിടെ 450 ബസുകൾക്കുളള ടെൻഡർ വിളിച്ചിരുന്നു.
കേരളത്തിൽ കെഎസ്ആർടിസിയും ഒരുപാട് മാറ്റങ്ങളും നവീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. അതിൻ്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിരുന്നു. 113 ബസുകളിൽ അറുപതെണ്ണം ഐഷർ ബസുകളും അൻപത്തിമൂന്നെണ്ണം പിഎംഎ ഫോട്ടോണിൻ്റേയുമാണ്. 113 ബസുകളും സിറ്റി സർവീസിനായി വാങ്ങിയിരിക്കുന്നതാണ്. നിലവിൽ ഇപ്പോൾ 50 ഇലക്ട്രിക് ബസുകളാണ് സിറ്റിയിൽ സർവീസ് നടത്തുന്നത്.
ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റാനാണ് ഈ പരിഷ്കാരങ്ങൾ. നഗരത്തിൻ്റെ ഗതാഗത സംവിധാനങ്ങളെല്ലാം വ്യക്തമായി പഠിച്ചതിന് ശേഷമായിരിക്കും ബസുകൾ സർവീസ് തുടങ്ങുക. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ ബസുകളെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. അത് മാത്രമല്ല 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടെ വാങ്ങാനുളള പദ്ധതിയും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായത്തിൽ നിന്ന് വാങ്ങാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഇലക്ട്രിക്കിലേക്ക് മാറുമ്പോൾ ടിക്കറ്റ് നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്. പത്ത് രൂപയിൽ നിന്ന് അഞ്ച് രൂപയായി കുറയ്ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ 46000 യാത്രക്കാരാണുളളത്, അത് ദിവസം ഒരു ലക്ഷമാക്കാനാണ് സർക്കാരിൻ്റെ ലക്ഷ്യം. വിശദമായ പഠനങ്ങൾ നടത്തിയതിന് ശേഷമായിരിക്കും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ചുളള തീരുമാനം എടുക്കുക.
കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.


Click it and Unblock the Notifications








