ഉരുക്കുകോട്ട തീർക്കുന്ന യുദ്ധ ടാങ്കുകളുടെ ചരിത്രം; സിംഹങ്ങളെ പോലെയുളള പോരാട്ടം
യുദ്ധ ടാങ്കുകൾ എപ്പോഴും നമ്മൾക്ക് അത്ഭുതങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുളളത്. അതിൻ്റെ പ്രവർത്തനവും നിർമാണവും ഉപയോഗവും എല്ലാം പലപ്പോഴും അത്ഭുതത്തോടെ വായിച്ചറിയുകയും കാണുകയും ചെയ്തിട്ടുളളവരാണ് നമ്മൾ. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
രണ്ട് ചെയിനുകളിലായി ഏത് ശത്രു പാളയത്തിലും ഒരു കുലുക്കവുമില്ലാതെ ധൈര്യമായി കടന്നു കയറി സൈനികരെ എത്തിക്കുകയും ശത്രുപാളയം തവിടുപൊടിയാക്കി തിരികെ വരുകയും ചെയ്യുക എന്നതാണ് ടാങ്കുകളുടെ ജോലി. ടാങ്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ആയുധങ്ങൾ നോക്കുകയാണെങ്കിൽ സിംഗിൾ റൈഫിൾ-കാലിബർ മെഷീൻ ഗണ്ണുകൾ മുതൽ 120- അല്ലെങ്കിൽ 125-എംഎം കാലിബർ നീളമുള്ള ബാരൽ തോക്കുകൾ വരെയുണ്ട്.

യുദ്ധത്തിനായി വാഹനങ്ങൾ ഉപയോഗിച്ചത് ബിസി രണ്ടാം നൂറ്റാണ്ടിലാണ്, കുതിരവണ്ടിയും രഥങ്ങളും യുദ്ധത്തിനായി ഈജിപ്ത് ഉപയോഗിച്ചിരുന്നു. സംരക്ഷിത വാഹനങ്ങൾ എന്ന ആശയം മധ്യകാലഘട്ടത്തിലെ ചക്രങ്ങളുള്ള ഉപരോധ ഗോപുരങ്ങളിലൂടെയും ബാറ്ററിംഗ് റാമുകളിലൂടെയും ബിസി 9-ാം നൂറ്റാണ്ടിൽ അസീറിയക്കാർ ഉപയോഗിക്കുകയും ചെയ്തു.
എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കവചിത യുദ്ധ വാഹനങ്ങൾക്ക് പ്രായോഗിക രൂപം പ്രാപിക്കാൻ തുടങ്ങിയത് എന്ന് വേണമെങ്കിൽ പറയാം. കാരണം അപ്പോഴേക്കും ട്രാക്ഷൻ എഞ്ചിന്റെയും ഓട്ടോമൊബൈലിന്റെയും കണ്ടുപിടുത്തങ്ങൾ സജീവമായി നടക്കുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ (ബോയർ) യുദ്ധത്തിൽ (1899-1902) സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ജോൺ ഫൗളറും കമ്പനിയും തങ്ങളുടെ സ്റ്റീം ട്രാക്ഷൻ എഞ്ചിനുകളിൽ ഒന്ന് കവചിതമാക്കിയതോടെയാണ് 1900-ൽ ഇംഗ്ലണ്ടിൽ ആദ്യമായി സ്വയം ഓടിക്കുന്ന കവചിത വാഹനം നിർമ്മിച്ചത്.

ആയുധങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആദ്യത്തെ മോട്ടോർ വാഹനമായ എഫ്.ആറിൽ 1899 ൽ ഇംഗ്ലണ്ടിൽ സിംസ് ഒരു മെഷീൻ ഗൺ സ്ഥാപിച്ചു. വിക്കേഴ്‌സ്, സൺസ്, മാക്‌സിം ലിമിറ്റഡ് എന്ന കമ്പനിയുടെ ഓർഡറിന് അനുസരിച്ചാണ് ഇത്തരമൊരു വാഹനം നിർമ്മിച്ചത്, 1902-ൽ ലണ്ടനിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തു.
1914 -ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. കവചിത വാഹനങ്ങൾക്ക് ആവശ്യം വർധിക്കുകയും ചെയ്തു. ബെൽജിയം, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ അവയുടെ എണ്ണം അതിവേഗം കൂട്ടുകയും ചെയ്തതോടെ ഏത് അവസ്ഥയിലൂടേയും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുളള വാഹനങ്ങൾ നിർമ്മിച്ചു.
1918-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഫ്രാൻസ് 3,870 ടാങ്കുകളും ബ്രിട്ടൻ 2,636 ടാങ്കുകളും നിർമ്മിച്ചിരുന്നു. മിക്ക ഫ്രഞ്ച് ടാങ്കുകളും യുദ്ധാനന്തര കാലഘട്ടത്തിൽ നിലനിന്നിരുന്നവയാണ്. രണ്ടാം ലോകമഹായുദ്ധത്തോടെ ടാങ്കുകൾ നിർമിക്കുന്ന കാര്യത്തിലും പരിപാലിക്കുന്ന കാര്യത്തിലും ജർമ്മനി മുന്നിലെത്തി.
ടാങ്കുകളിൽ സാധാരണ റബർ ടയറുകൾ ഉപയോഗിച്ചാൽ ഭാരത്താൽ ദുർഘടമായ പാതകളിലും ചെളിനിറഞ്ഞ പ്രദേശങ്ങളിലുമെല്ലാം താഴ്ന്നുപോവാനും സാധ്യതയേറെയാണ്. മണ്ണും ചെളിയും മണലും പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കുന്ന അവസ്ഥയിലൂടെയാണ് സൈന്യം നീങ്ങുന്നത്. ആയതിനാൽ ക്യാറ്റർപില്ലറുകളാണ് ടാങ്കുകൾക്ക് ഉത്തമെന്ന് കണ്ടുപിടിച്ചു. അവ ഭൂമിയുമായുള്ള സമ്പർക്കത്തിന്റെ വിസ്തീർണം ഗണ്യമായി വർധിപ്പിക്കുന്നു.
തറയിൽ ചെലുത്തുന്ന മർദ്ദം കുറയ്ക്കാനായി ടാങ്കുകളിലെ പാളങ്ങൾ കഴിയുന്നത്ര വീതിയിലാണ് പണിയാറുള്ളത്. ഭാരം കുറഞ്ഞ ചില ടാങ്കുകളിൽ മർദ്ദം ചതുരശ്ര സെന്റിമീറ്ററിനു 0.35 കി. ഗ്രാം വരെ മാത്രമേ വരൂ. തന്മൂലം അവയ്ക്ക് മനുഷ്യർക്കു നടന്നു പോകാൻ പ്രയാസമേറിയ പാതകളിൽക്കൂടി പോലും കടന്നു പോകാൻ സാധിക്കുന്നു. യുദ്ധ ടാങ്കിന്റെ ഭാരം ചക്രങ്ങൾക്ക് കഴിയുന്നതിനേക്കാൾ ഒരു വലിയ ഉപരിതലത്തിൽ തുല്യമായി വിതരണം ചെയ്യാൻ ക്യാറ്റർപില്ലറുകൾക്കാവും. ജലസംഭരണിയിൽ നിന്ന് പീരങ്കിയാക്കി മാറ്റിയപ്പോഴും യുദ്ധ ടാങ്കുകളുടെ ഉദ്ദേശം ഒന്നുതന്നെയായിരുന്നു.
വെള്ളത്തിന് പകരം ബോംബുകൾ, തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ കൊണ്ടുപോവാണ് പൊതുവേ ഇപ്പോൾ ഇവ ഉപയോഗിക്കുന്നത്. അതോടൊപ്പം മുകളിൽ ഘടിപ്പിച്ച പീരങ്കികളിൽ വെടിയുണ്ടകൾ നിറച്ച് പ്രതിരോധത്തിനായും അണിനിരത്താറുണ്ട്. ഇരുമ്പിൽ തീർത്ത ക്യാറ്റർപില്ലറുകളുടെ ഉപയോഗം കാരണം ഈ പീരങ്കികൾക്ക് വേഗതത്തിൽ സഞ്ചരിക്കാനാവില്ലെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? എന്നാൽ മിക്ക യുദ്ധ ടാങ്കുകളും പീരങ്കികളും പരന്ന ട്രാക്കുകളിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പ്രാപ്തമാണ്.


Click it and Unblock the Notifications








