ഡ്രൈവിംഗിനിടെ ബോണറ്റ് തുറന്ന് വിന്‍ഡ്ഷീല്‍ഡില്‍ ഇടിച്ചു; ടാറ്റ ഹാരിയറിന് സംഭവിച്ചത് കാണണോ?
കാര്‍ ഓടിക്കുമ്പോള്‍ നമ്മള്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും നേരിടേണ്ടതായി വരാം. ചിലപ്പോള്‍ നമ്മുടെ അശ്രദ്ധയോ ചിലപ്പോള്‍ വാഹന നിര്‍മാണത്തിലെ തകരാറോ ആകാം ഇത്തരം ദുരനുഭവങ്ങളിലേക്ക് നമ്മെ നയിച്ചേക്കുക. അത്തരത്തില്‍ ഒന്നാണ് ഉയര്‍ന്ന വേഗതയില്‍ വണ്ടി ഓടിക്കുമ്പോള്‍ കാറിന്റെ ബോണറ്റ് അല്ലെങ്കില്‍ ഹുഡ് തുറന്ന് പോകുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ നിര്‍മാതാക്കളുടെ വ്യത്യസ്ത മോഡലുകളും ഇത്തരം കേസുകളുടെ ഭാഗമായിട്ടുണ്ട്. വിവിധ കാരങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം. അടുത്തിടെ ഒരു ടാറ്റ ഹാരിയര്‍ ഉടമ തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുകയുണ്ടായി. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ടാറ്റ ഹാരിയറിന്റെ ബോണറ്റ് തുറന്ന് വിന്‍ഡ് സ്‌ക്രീനില്‍ ഇടിച്ചത്.

വിചിത്രമായ സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തത്. ഭാഗ്യമെന്ന് പറയട്ടെ സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ല. ഇവിടെ എന്തുകൊണ്ടാണ് ബോണറ്റ് തുറന്നതെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണ്. ഒരുപക്ഷേ ബോണറ്റ് അടക്കാതിരുന്നതോ ഭാഗികമായി മാത്രം അടച്ചതോ ആകാം അപകട കാരണം. ഭാഗികമായോ മറ്റോ അടച്ചതാണെങ്കില്‍ അത് ആരുടെയും ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ടായിരിക്കില്ല.
ടാറ്റ ഹാരിയര്‍ എസ്‌യുവിയില്‍ ആണെങ്കില്‍ ഹുഡ് ഓപ്പണ്‍ വാണിംഗ് സിസ്റ്റമില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. അതിനാല്‍ തന്നെ ഭാഗികമായാണ് ബോണറ്റ് അടച്ചതെന്ന് സംശയം ഉണ്ടെങ്കില്‍ ഇറങ്ങിച്ചെന്ന് പരിശോധിക്കുക മാത്രമാണ് പരിഹാരം. ലോക്കിംഗ് മെക്കാനിസത്തിന്റെ പിഴവാകാം മറ്റൊരു കാരണം. ഇവിടെ പതിവായുണ്ടാകുന്ന തേയ്മാനമോ തുരുമ്പോ അതുമല്ലെങ്കില്‍ ലോക്കിംഗ് മെക്കാനിസത്തിന്റെ തെറ്റായ ഫിറ്റിംഗ് കാരണമോ ഇങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്.

നിലവാരമില്ലാത്ത ലോക്ക് ആണ് ഉപയോഗിച്ചതെങ്കിലും ഈ സംവിധാനം പരാജയപ്പെടാം. പലപ്പോഴം വാഹന നിര്‍മാതാക്കള്‍ മറ്റ് വെണ്ടര്‍മാരില്‍ നിന്നായിരിക്കും ഘടകങ്ങള്‍ വാങ്ങുന്നത്. ഇതില്‍ എല്ലാത്തിന്റെയും നിലവാരം പരിശോധിക്കാന്‍ സാധിക്കണമെന്നില്ല. കാറുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മെറ്റല്‍ ഭാഗങ്ങളില്‍ അത്ര പെട്ടെന്ന് കാണാന്‍ സാധിക്കാത്ത കുഞ്ഞ് വിള്ളലുകള്‍ ഉണ്ടായേക്കാം. ഇത് കാലക്രമേണ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
എന്നാല്‍ ഇവിടെ ടാറ്റ ഹാരിയറിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം ആവശ്യമാണ്. ഹാരിയറിന്റെ ബോണറ്റ് ഡിസൈന്‍ ഓവര്‍ലാപ്പ് ചെയ്യുന്നതിനാല്‍ ലോക്ക് ചെയ്തതോ ലാച്ച് ചെയ്തതോ ആയ സ്ഥാനം തമ്മില്‍ വേര്‍തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നു. വ്യത്യാസം ഏകദേശം ഒരു സെന്റീമീറ്ററോ അതിലും കുറവോ ആയിരിക്കാം. എല്ലാവര്‍ക്കും ഇത് പെട്ടെന്ന് മനസ്സിലായേക്കില്ല. ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുമ്പോള്‍ ലാച്ച് വിച്ഛേദിക്കാന്‍ കാരണമായേക്കാം.

ഇവിടെ ഹാരിയര്‍ ഉടമ രാജസ്ഥാനിലെ ടാറ്റ ഡീലറെയാണ് പഴിക്കുന്നത്. ടാറ്റ ഡീലറില്‍ നിന്ന് എസ്യുവി സര്‍വീസ് ചെയ്ത അതേ ദിവസം തന്നെയാണ് സംഭവം നടന്നതെന്നാണ് ഉടമ ഇതിന്റെ കാരണമായി പറയുന്നത്. ഹൈവേയിലൂടെ കാര്‍ ഓടിക്കുന്നതിനിടെ പെട്ടെന്ന് ബോണറ്റ് തുറന്ന് വിന്‍ഡ് സ്‌ക്രീനില്‍ തട്ടുകയായിരുന്നു. നമ്മള്‍ കാര്‍ ഓടിക്കുന്നതിനിടെ കാഴ്ച മുഴുവനായി മറഞ്ഞ് പോകുന്നത് എത്ര അപകടം നിറഞ്ഞ കാര്യമാണെന്ന് പറയേണ്ടതില്ലെല്ലോ.
ഇവിടെ ഹാരിയര്‍ ഡ്രൈവര്‍ എത്ര ദൂരം ഇത്തരത്തില്‍ ഓടിയെന്ന കാര്യം വ്യക്തമല്ല. ഉയര്‍ന്ന വേഗതയില്‍ കാര്‍ പായുമ്പോള്‍ ബോണറ്റ് ഉയരുന്നതോടെ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരാള്‍ക്ക് ഒരു സൂചനയും ഉണ്ടായിരിക്കില്ല. കാര്‍ ഓടിക്കുന്നവരുടെ പേടിസ്വപ്നങ്ങളില്‍ ഒന്നാണിത്. ഇത്തരം സാഹചര്യത്തില്‍ വെപ്രാളപ്പെട്ട് സഡണ്‍ ബ്രേക്കിട്ടാല്‍ അത് ഹൈവേയില്‍ കൂട്ടയിടിക്ക് കാരണമായേക്കാം.
ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കി സാവധാനം കാര്‍ റോഡിന്റെ ഒരു വശത്തേക്ക് സാവധാനം ഒതുക്കുക എന്നതാണ് ഇത്തരം സാഹചര്യത്തില്‍ കൈക്കൊള്ളാവുന്ന ഏറ്റവും സുരക്ഷിതമായ മാര്‍ഗം. മറ്റ് ശ്രദ്ധാലുക്കളായ ഡ്രൈവര്‍മാര്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ദീര്‍ഘദൂര യാത്രക്കും മറ്റും ഒരുങ്ങുമ്പോള്‍ ടയര്‍ പ്രഷറും മറ്റും ചെക്ക് ചെയ്യുമ്പോള്‍ ബോണറ്റിന്റെ ഭാഗത്തേക്കും ചെറുതായി ശ്രദ്ധ പതിപ്പിക്കുക. ബോണറ്റ് ശരിയായായി അടക്കാത്തത് കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങൾ അകറ്റാൻ ഇതുവഴി സാധിക്കും.


Click it and Unblock the Notifications








