ഒറ്റയടിക്ക് 3 റെക്കോഡ് ബുക്കുകളില്‍ കയറി ടാറ്റ ഹാരിയര്‍ ഇവി! ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ഇവി
ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി പുറത്തിറങ്ങിയ അന്ന് മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. പാന്‍ ഇന്ത്യ ലെവലില്‍ ചര്‍ച്ചയായ കേരളത്തിലെ ആനപ്പാറ അനായാസം കയറുന്ന വീഡിയോയില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും ആരംഭം. ഹാരിയര്‍ ഇവിയുടെ വരവോടെ ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 2025 ജൂലൈ മാസത്തില്‍ സ്വന്തമാക്കി. നിലവില്‍ ഹാരിയര്‍ ഇവിയുടെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം 7 മാസത്തിനടുത്താണ്. ഇപ്പോള്‍ ഹാരിയര്‍ ഇവിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായിരിക്കുകയാണ് ഒരു പുത്തന്‍ റെക്കോഡ്. അത് എന്താണെന്ന് നമുക്ക് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
ഐതിഹാസികമായ ഡെസേര്‍ട്ട് ക്വസ്റ്റ് റാലിയില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായി ഹാരിയര്‍ ഇവി മാറിയതായി ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ഏഷ്യയില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനവും ടാറ്റ ഹാരിയര്‍ ഇവിയാണ്. ഏഷ്യ ബുക്ക്, ലിംക ബുക്ക്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ ഒരേസമയം ഹാരിയര്‍ ഇവി കടപുഴക്കിയതായി കമ്പനി വ്യക്തമാക്കി.

ഡെസേര്‍ട്ട് ക്വസ്റ്റ് റാലിയില്‍ പങ്കെടുത്ത രണ്ട് ഹാരിയര്‍ ഇവികളുടെയും അവയുടെ സാരഥികളായ ചുണക്കുട്ടന്‍മാരായ ഡ്രൈവര്‍മാരുടെയും ടീം അംഗങ്ങളുടെയും ചിത്രങ്ങള്‍ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിതേഷ് മമോദിയയും കരണ്‍ കോഹ്ലിയുമായിരുന്നു ഹാരിയര്‍ ഇവിലെ ഏറ്റവും കഠിനമായ റാലി ടെറെയ്‌നില്‍ ഒന്നില്‍ വെന്നിക്കൊടി പാറിക്കാന്‍ ടാറ്റയെ സഹായിച്ചത്. രാജസ്ഥാന്‍ മരുഭൂമിയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഒരു പ്രശസ്തമായ റാലിയാണ് ഡെസേര്‍ട്ട് ക്വസ്റ്റ്.
വേഗത കൊണ്ട് മായാജാലം കാണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല ഈ റാലിയില്‍ പ്രാധാന്യമുള്ളത്. മാറിമറിഞ്ഞ് കൊണ്ടിരിക്കുന്ന മണല്‍തിട്ടകളിലൂടെയും, ചരിവുകളിലൂടെയും, പ്രവചനാതീതമായ ഭൂപ്രദേശങ്ങളിലൂടെയും കൃത്യമായ ശരാശരി വേഗത നിലനിര്‍ത്തുന്ന വാഹനങ്ങള്‍ക്കും ടീമുകള്‍ക്കുമാണ് ഇവിടെ വിജയം കണ്ടെത്താന്‍ സാധിക്കുക. ഹാരിയര്‍ ഇവിയുടെ ടോപ്പ് സ്‌പെക്ക് QWD വേരിയന്റാണ് ടാറ്റ ഡെസേര്‍ട്ട് ക്വസ്റ്റ് റാലിക്ക് അയച്ചത്.

നിലവില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ഏക ഓള്‍-വീല്‍-ഡ്രൈവ് വാഹനമാണ് ഹാരിയര്‍ ഇവി. നാല് വീലുകള്‍ക്കും ശക്തി നല്‍കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സംവിധാനം ഉപയോഗിക്കുന്ന ടാറ്റയുടെ ക്വാഡ് വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതില്‍ വരുന്നത്. നോര്‍മല്‍, സ്‌നോ/ഗ്രാസ്, മഡ്-റട്ട്‌സ്, സാന്‍ഡ്, റോക്ക് ക്രാള്‍, കസ്റ്റം എന്നിങ്ങനെ ആറ് ടെറൈന്‍ മോഡുകളും ഇവിയില്‍ ലഭിക്കുന്നു.
ഓഫ്-റോഡ് അസിസ്റ്റ്, വാഹനത്തിന്റെ അടിഭാഗത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന 540-ഡിഗ്രി ട്രാന്‍സ്പരന്റ് വ്യൂ ക്യാമറ എന്നിവയും ഹാരിയര്‍ ഇവിയുടെ QWD സിസ്റ്റത്തിന്റെ പ്രധാന സവിശേഷതകളാണ്. ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഐ-വിബാക്ക് ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സിസ്റ്റം എന്നീ സവിശേഷതകളും ഈ കാറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V), വെഹിക്കിള്‍-ടു-ലോഡ് (V2L) ശേഷികളും ഇതില്‍ ലഭ്യമാണ്.

പവര്‍ട്രെയില്‍ വശം നോക്കുമ്പോള്‍ ഹാരിയര്‍ ഇവിയുടെ മുന്നിലെയും പിന്നിലെയും മോട്ടോറുകള്‍ യഥാക്രമം 158 PS, 238 PS പവര്‍ നല്‍കുന്നു. രണ്ട് മോട്ടോറുകളും ചേര്‍ന്ന് 396 PS പവറും 594 Nm പീക്ക് ടോര്‍ക്കും നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഹാരിയര്‍ ഇവി QWD വേരിയന്റിലെ 75 kWh ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 622 കിലോമീറ്റര്‍ റേഞ്ചാണ് ഇത് നല്‍കുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 490 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയപ്പെടുന്നത്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ സഹായിക്കാനയി ബൂസ്റ്റ് മോഡും നല്‍കിയിട്ടുണ്ട്. നിലവില്‍ 28.99 ലക്ഷം രൂപയാണ് ഹാരിയര്‍ ഇവിയുടെ എക്‌സ്‌ഷോറൂം വില. റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന മഹീന്ദ്ര XEV 9e മോഡലുമായാണ് പ്രധാന മത്സരം.


Click it and Unblock the Notifications








