കുഴിയില്‍പ്പെട്ട് ഇന്നോവയും സ്‌കോര്‍പിയോയും, രക്ഷകനായി ടാറ്റ ഹെക്‌സ — വീഡിയോ
കഴിഞ്ഞ വര്‍ഷമാണ് ഹെക്‌സ എസ്‌യുവിയെ ടാറ്റ ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍. യൂറോപ്യന്‍ ശൈലിയും തിങ്ങി നിറഞ്ഞ ഫീച്ചറുകളും വിപണിയില്‍ ഹെക്‌സയുടെ പ്രചാരം ഉയര്‍ത്തി. ഹെക്‌സയുടെ കാര്യം വരുമ്പോള്‍ ടാറ്റയ്‌ക്കെന്നും നൂറ് നാവാണ്. ടാറ്റ നിരയില്‍ ഏറ്റവുമധികം പരിഗണന ലഭിക്കുന്നത് ഹെക്‌സയ്ക്കാണെന്നും വേണമെങ്കില്‍ പറയാം.

ഹെക്‌സയുടെ കരുത്ത് തെളിയിക്കാനുള്ള ഒരവസരം പോലും ടാറ്റ പാഴാക്കാറില്ല. ഹെക്‌സയെ കൊണ്ടു വിമാനം വരെ ടാറ്റ വലിപ്പിച്ചു! എന്നാല്‍ ഇതെല്ലാം ടാറ്റയുടെ പൊങ്ങച്ചമാണെന്നു വാദിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

തങ്ങളുടെ എസ്‌യുവിക്ക് കരുത്തുണ്ടെന്നു ടാറ്റയ്ക്ക് വരുത്തി തീര്‍ക്കണം. അതിന് കമ്പനി കണ്ടെത്തിയ കുറുക്കുവഴിയാണ് ഹെക്‌സയുടെ അഭ്യാസം, ചൂടന്‍ വാദങ്ങള്‍ കാര്‍ ലോകത്ത് സജീവമാണ്. ഹെക്‌സയെ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ലഡാക്കില്‍ 'രക്ഷാപ്രവര്‍ത്തനം' നടത്തുന്ന എസ്‌യുവിയുടെ ദൃശ്യങ്ങള്‍ ടാറ്റ ആരാധകര്‍ സമര്‍പ്പിക്കുന്നത്.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ 13,900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് തടാകതീരമാണ് വേദി. പാനഗോങ് തടാകത്തെ കുറിച്ച് കേള്‍ക്കാത്താവര്‍ അപൂര്‍വമായിരിക്കും. ലഡാക്ക് യാത്രകളില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥലങ്ങളില്‍ ഒന്നാണിത്.

പാന്‍ഗോങ് തടാകം കാണാന്‍ സ്‌കോര്‍പിയോയിലും ഇന്നോവയിലുമായി ഇറങ്ങി തിരിച്ചതായിരുന്നു ടൂറിസ്റ്റ് സംഘം. തടാകതീരത്തേക്ക് വാഹനം കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് ചിഹ്നങ്ങള്‍ വഴിനീളെ നാട്ടിയിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികള്‍ ഇതു ഗൗരവമായി എടുക്കാറില്ല.

ഇവിടെ സംഭവിച്ചതും ഇതുതന്നെ. മുന്നറിയിപ്പ് അവഗണിച്ച് സ്‌കോര്‍പിയോ തടാകതീരത്തേക്ക് ഇറങ്ങി. എന്നാല്‍ അധികം ദൂരം നീങ്ങാന്‍ സ്‌കോര്‍പിയോയ്ക്ക് കഴിഞ്ഞില്ല. നനഞ്ഞ മണലില്‍ സ്‌കോര്‍പിയോ പൂണ്ടു പോവുകയാണുണ്ടായത്.

പുറത്തുകടക്കാനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ സ്‌കോര്‍പിയോയെ കെണിയില്‍പ്പെടുത്തി. ചക്രങ്ങള്‍ കറങ്ങിയുണ്ടായ കുഴിയില്‍ സ്‌കോര്‍പിയോ പുറത്തുകടക്കാനാകാത്തവിധം പെട്ടു.

ഈ അവസരത്തിലാണ് രക്ഷകനായുള്ള ടാറ്റ ഹെക്‌സയുടെ വരവ്. കുഴിയില്‍പ്പെട്ട സ്‌കോര്‍പിയോയെ ഹെക്‌സ അനായാസം വലിച്ചു പുറത്തെടുക്കുകയായിരുന്നു. കുഴിയില്‍ അകപ്പെട്ട സ്‌കോര്‍പിയോ നാലു വീല്‍ ഡ്രൈവാണോ രണ്ടു വീല്‍ ഡ്രൈവാണോ എന്ന കാര്യം വ്യക്തമല്ല.

നാലു വീല്‍ ഡ്രൈവും കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസും മഹീന്ദ്ര സ്‌കോര്‍പിയോയുടെ മുഖ്യവിശേഷങ്ങളാണ്. അതേസമയം ഹെക്‌സയുടെ കാര്യമെടുത്താല്‍ കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് ടാറ്റ എസ്‌യുവിക്കില്ല.

എന്നാല്‍ സാന്‍ഡ്, കംഫേര്‍ട്ട്, ഡയനാമിക് തുടങ്ങിയ വിവിധ മോഡുകള്‍ ഹെക്‌സയില്‍ ഒരുങ്ങുന്നുണ്ട്. സ്‌കോര്‍പിയോയെ പുറത്തെടുക്കാന്‍ ഹെക്‌സയെ തുണച്ചതും ഇതുതന്നെ.

സമാനരീതിയില്‍ ടൊയോട്ട ഇന്നോവയെയും ഹെക്‌സ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. പാന്‍ഗോങ് തടകം തന്നെയാണ് വേദി. പാന്‍ഗോങ് തടാകത്തിന് സമീപം ദുര്‍ഘടമായ റോഡില്‍ കുടങ്ങി കിടന്ന ടൂറിസ്റ്റ് ഇന്നോവയെയും ഹെക്‌സ വലിച്ചു പുറത്തെടുക്കുകയായിരുന്നു.

വലിയ പാറയില്‍ തട്ടി കിടന്ന നിലയിലാണ് ഇന്നോവ കാണപ്പെടുന്നത്. പിന്നില്‍ നിന്നും ഇന്നോവയെ വലിച്ചു പുറത്തെടുക്കാന്‍ ഹെക്‌സയ്ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു.
ദൃഢതയേറിയ ഹൈഡ്രോഫോം ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ടാറ്റ ഹെക്‌സ ഒരുങ്ങുന്നത്. എസ് യുവിയില്‍ തുടിക്കുന്ന 2.2 ലിറ്റര്‍ VARICOR 400 ഡീസല്‍ എഞ്ചിന്‍ 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും.
ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ ലഭ്യമാണ്. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഹെക്‌സയിലുണ്ട്. ഇതില്‍ രണ്ടു വീല്‍ ഡ്രൈവ് പതിപ്പ് 148 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും. 11.85 ലക്ഷം മുതലാണ് ടാറ്റ ഹെക്‌സയ്ക്ക് ഇന്ത്യയില്‍ വില.


Click it and Unblock the Notifications








