ടാറ്റക്ക് ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത് 766 കോടി രൂപ! എന്തിനാണെന്നറിയണോ?
സിംഗൂരില്‍ നാനോ കാര്‍ നിര്‍മാണ ശാല പൂട്ടിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനുമായി നടത്തിയ നിയമ യുദ്ധത്തില്‍ ടാറ്റ മോട്ടോര്‍സിന് വിജയം. ബംഗാളില്‍ ആരംഭിക്കാനിരുന്ന നാനോ കാര്‍ പ്ലാന്റ് ഉപേക്ഷിക്കേണ്ടി വന്നതില്‍ ടാറ്റ മോട്ടോര്‍സിന് 766 കോടി രൂപയും പലിശയും നല്‍കാന്‍ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ആണ് വിധി പുറപ്പെടുവിച്ചത്.
പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രൈബ്യൂണലിന്റെ ഏകകണ്ഠമായ വിധിയില്‍ പറയുന്നതെന്ന് ടാറ്റ മോട്ടോര്‍സ് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ 11 ശതമാനം പലിശ സഹിതമാണ് നഷ്ടപരിഹാരം അനുവദിച്ചത്. മൂന്നംഗ ട്രൈബ്യൂണല്‍ സമിതിയാണ് വിധി പുറപ്പെടുവിച്ചത്.

'മൂന്നംഗ ട്രൈബ്യൂണലിന് മുമ്പാകെയുണ്ടായിരുന്ന കേസ് 2023 ഒക്ടോബര്‍ 30-ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു. ടാറ്റ മോട്ടോര്‍സിന് അനുകൂലമായ വിധിയാണിത്' -കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. കേസിന്റെ നടത്തിപ്പിനായി ടാറ്റ മോട്ടോര്‍സിന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കാനും അര്‍ഹതയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൂവണിയിക്കാനാണ് ടാറ്റ ബംഗാളില്‍ വാഹന നിര്‍മാണ ശാല ആരംഭിക്കാനിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ വന്‍ പ്രക്ഷോഭം അരങ്ങേറിയതിനെ തുടര്‍ന്ന് ടാറ്റക്ക് സിംഗൂരിലെ തങ്ങളുടെ പ്ലാന്റ് പദ്ധതി കെട്ടിപൂട്ടേണ്ടതായി വന്നു. സിംഗൂരിലെ യൂണിറ്റിനായി അപ്പോഴേക്കും ടാറ്റ 1000 കോടിയിലധികം രൂപ നിക്ഷേപിച്ചിരുന്നു. ഈ ഭീമമായ നഷ്ടം ചൂണ്ടിക്കാണിച്ചാണ് ടാറ്റ പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെതിരെ നിയമനടപടി സ്വീകരിച്ചത്.

ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് 2008 ഒക്ടോബറില്‍ ബംഗാളിലെ സിംഗൂരില്‍ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പ്ലാന്റ് പറിച്ചുനട്ടു. നാനോ കാര്‍ നിര്‍മ്മിക്കാനായി സ്ഥാപിച്ച നിര്‍മ്മാണ യൂണിറ്റാണ് മാറ്റിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും രത്തന്‍ ടാറ്റയും ചേര്‍ന്നായിരുന്നു പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
34 വര്‍ഷമായി ബംഗാള്‍ ഭരിച്ചിരുന്നു സിപിഎമ്മിനെ താഴെയിറക്കി 2011-ല്‍ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഏറ്റവും കൂടുതല്‍ സഹായിച്ച ഘടകമാണ് സിംഗൂര്‍ പ്രക്ഷോഭം. സിപിഎം സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്ത 1000 ഏക്കറോളം കൃഷിഭൂമി മമത മുഖ്യമന്ത്രി ആയ ശേഷം കോടതി ഉത്തരവിനെ തുടര്‍ന്ന് ടാറ്റയില്‍ നിന്ന് തിരിച്ചെടുത്തിരുന്നു. ഇത് ഭാഗികമായി ഉടമകള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്തു.

ടാറ്റ മോട്ടോഴ്സ് 2008-ല്‍ ആണ് നാനോ കാര്‍ പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണത്തോടെയാണ് നാനോ ടാറ്റ വിപണിയില്‍ എത്തിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കുഞ്ഞന്‍ കാറിന് സാധിച്ചില്ല. മോശം വില്‍പ്പനയെ തുടര്‍ന്ന് 2018-ല്‍ നാനോ ടാറ്റ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ചെറു ഇലക്‌രടിക് കാറുകള്‍ക്ക് പ്രചാരമേറുന്ന സാഹചര്യത്തില്‍ ടാറ്റ നാനോ ഇലക്ട്രിക് അവതാരത്തില്‍ തിരികെ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
നാനോയുടെ നിലവിലെ പ്ലാറ്റ്ഫോമില്‍ ക്രമീകരണങ്ങള്‍ വരുത്തി കമ്പനി ചെറു ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വാഹനം സാധാരണക്കാരന്റെ ബജറ്റിന്റെ പരിധിക്കുള്ളിലാണെന്നും പുതിയ ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നുമാണ് സൂചന. എന്നാല്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഈ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിഭാഗം നയിക്കുന്നത് ടാറ്റയാണ്.

അവരുടെ ജനപ്രിയ മോഡലുകളായ നെക്‌സോണ്‍, ടിഗോര്‍, ടിയാഗോ ഇവികളെല്ലാം അവയുടെ ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ പതിപ്പുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞ് വന്നത്. ഈ സാഹചര്യത്തില്‍ ടാറ്റ നാനോ കാറും ടാറ്റയുടെ ഭാവി പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലര്‍ മോഡലായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ടാറ്റയില്‍ നിന്നുള്ള പുത്തന്‍ ഇവി. ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി പരീക്ഷണയോട്ടം നടത്തുന്ന ഈ കാര്‍ ഉടന്‍ വിപണിയില്‍ എത്തും.


Click it and Unblock the Notifications








