ടാറ്റയ്ക്ക് തലവേദനയായി എംജി കോമറ്റ്; നാനോ ഇവി അവതരിപ്പിക്കാതെ രക്ഷ ഇല്ലെന്നാ തോന്നുന്നേ
ഇന്ത്യയുടെ കുഞ്ഞൻ കാർ എന്ന പദവി ഇത്രയും നാൾ അലങ്കരിച്ചിരുന്ന വാഹനമായിരുന്നു ടാറ്റ നാനോ, പക്ഷേ ടാറ്റയുടെ കുറിക്ക് കൊള്ളുന്ന ഒരു കുഞ്ഞനുമായിട്ടാണ് എംജി എത്തിയത്. നാനോയേക്കാൾ നീളക്കുറവും എന്നാൽ വിശാലമായ സ്പേസുമെല്ലാം നൽകുന്ന എംജി കോമറ്റ്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ടാറ്റയ്ക്ക് കൊടുത്ത പണി അൽപ്പം വലുതാണ്.
എന്തായാലും ടാറ്റ തങ്ങളുടെ നാനോയുടെ ഇവി അവതരിപ്പിക്കുമെന്നൊരു സൂചന പണ്ട് നൽകിയിരുന്നു. ഇനി കോമറ്റ് കൂടെ എത്തിയ സ്ഥിതിക്ക് നാനോ ഇവിയുടെ അവതരണം ഉടനെ തന്നെ കാണുമെന്ന കാര്യത്തിൽ സംശയമില്ല, കാരണം എംജി വിപണി പിടിച്ചാൽ അത് ടാറ്റയ്ക്ക് ക്ഷീണമായിരിക്കും. ആദ്യമായി കുഞ്ഞൻ കാർ എത്തിച്ച് വിപണി പിടിച്ച ടാറ്റ ഒരിക്കലും ഇത് വിട്ടുകൊടുക്കില്ല. നാനോ വളരെ മികച്ച ഒരു കാർ ആണെങ്കിലും മാർക്കറ്റിങ്ങിൽ ചില പോരായ്മകളുണ്ടായിരുന്നു.

അത് എന്താണെന്ന് വച്ചാൽ ബൈക്കിൽ ഒരു കുടുംബത്തിലെ നാല് പേർ യാത്ര ചെയ്യുന്നത് രത്തൻ ടാറ്റ കാണുകയും ഒരു കുടുംബത്തിന് യോജിക്കുന്ന ഒരു കാർ വേണമെന്ന അദ്ദേഹത്തിൻ്റെ ചിന്തയാണ് നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിയത്. അദ്ദേഹത്തിൻ്റെ ആശയം വളരെ മികച്ചതും ഗംഭീരവും ആയിരുന്നുവെങ്കിലും മാർക്കറ്റിങ്ങിൽ ചില പിഴവ് വന്നിട്ടുണ്ട്.കാരണം വളരെ ഇക്കണോമിക്കലായി വാങ്ങാൻ കഴിയുന്ന കാർ എന്നാണ് പരസ്യം ചെയ്യേണ്ടിയിരുന്നത്.
എന്നാൽ ഏറ്റവും വില കുറഞ്ഞ കാർ എന്ന ഒരു ടാഗ് ലൈനിലാണ് നാനോ വിൽപ്പനയ്ക്ക് എത്തിയത്. ഏറ്റവും വില കുറഞ്ഞ കാർ എന്ന് കേൾക്കുമ്പോൾ ഒരു സുരക്ഷയും ഒരു സംവിധാനങ്ങളും ഇല്ലാത്ത കാർ എന്നേ ആർക്കും തോന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം ഇത്തരത്തിലുളള വാർത്തകളും വന്നിട്ടുണ്ട്.1,000 കിലോമീറ്റർ ഓടാൻ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് വേണ്ടി വരിക അതായത് ഇന്നത്തെ പെട്രോൾ ഡീസൽ വിലയിൽ നോക്കിയാൽ കണ്ണു തള്ളി പോകും
17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞൻ കാറിൽ പ്രവർത്തിക്കുന്നത്. 42 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിൽ അണിനിരത്തുന്നത്. പൂർണമായി ചാർജ് ചെയ്‌ത ബാറ്ററിയിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഈ മിടുക്കനാവും എന്ന കാര്യവും ഏറെ കൈയടി അർഹിക്കുന്നുണ്ട്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്.
ചാർജിംഗിന്റെ കാര്യത്തിലും വലിയ തലവേദനകളൊന്നുമുണ്ടാവില്ല. അതായത് 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാൻ സാധിക്കും. തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷനാവും. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി മോട്ടോർ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ. അകത്തളവും കിടിലൻ ഫീച്ചറുകളാൽ അതിസമ്പന്നമാണ്.


Click it and Unblock the Notifications








