100 കി.മീ ഓടാന്‍ ചെലവ് 30 രൂപ! സൗരോര്‍ജ്ജത്തിലോടുന്ന നാനോ കാര്‍ ട്രെന്‍ഡിംഗ്
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിലേക്കുള്ള സുസ്ഥിര ഗതാഗത മാര്‍ഗമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. ലോകം കൂടുതല്‍ ശുദ്ധവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്ന വേളയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുന്ന കാഴ്ചക്ക് നാം ഏവരും സാക്ഷ്യം വഹിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യക്തിഗത ഉപഭോക്താക്കളെയും ബിസിനസുകാരെയുമെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്നു. അതിന് നിരവധി കാരണങ്ങളുമുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത വാഹനങ്ങളേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ഇവികള്‍ എന്നതാണ് അതില്‍ ഒന്ന്. ശബ്ദവും മലിനീകരണവുമൊന്നുമില്ല. പിന്നെ പരിപാലന ചെലവ് കുറവാണെന്നതും പലരെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാകുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വായു മലിനീകരണം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്നു.

അതിനാല്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും ഇവികള്‍ ജനകീയമാക്കുന്നതിനായി പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അതിനാല്‍ തന്നെ ഇന്ന് പലരും ഇവികളിലേക്ക് മാറുകയാണ്. എന്നാല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പാതയില്‍ ഒരു പടി കൂടി കടന്ന് ചെല്ലുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു വ്യവസായി. ബങ്കുര നിവാസിയായ മനോജിത് മൊണ്ടലിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ കാര്‍ ആണ് ഇയാളെ പ്രശസ്തനാക്കിയിരിക്കുന്നത്.
വ്യവസായിയായ മനോജിത് സോളാര്‍ വാഹനമാക്കി മാറ്റിയ തന്റെ നാനോ കാറിലാണ് ബങ്കുരയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നത്. ബങ്കുരയുടെ മെക്കാനിക്കല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് ഈ നാനോ കാര്‍. ഈ വാഹനം ഓടിക്കാന്‍ പെട്രോള്‍ അടിക്കുകയും വേണ്ട ഇതിന് ഒരു എഞ്ചിനുമില്ല. അതിനാല്‍ തന്നെ കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ പോലും ഒരുതരി ശബ്ദമുണ്ടാകില്ല. ഈ കാറിന്റെ റണ്ണിംഗ് കോസ്റ്റ് ആണ് ഏവരെയും ഞെട്ടിക്കുന്നത്.

30 മുതല്‍ 35 രൂപ വരെ മുടക്കിയാല്‍ ഈ 'സോളാര്‍ കാര്‍' 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് പറയപെടുന്നത്. ബങ്കുരയില്‍ ഇപ്പോള്‍ ഒരു നായകന്റെ പരിവേഷമാണ് മനോജിതിന്. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളോട് ചെറുപ്പം മുതല്‍ തന്നെ താല്‍പര്യം കാണിച്ചിരുന്ന മനോജിത് ഇന്ധന വില മാനംമുട്ടെ ഉയര്‍ന്നപ്പോള്‍ മുറുമുറുക്കാതെ അതിന് തക്ക പരിഹാരം തേടുകയായിരുന്നു. അതോടെ അദ്ദേഹം സ്വയം സോളാര്‍ കാര്‍ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.
ടാറ്റ നാനോ സോളാര്‍ കാറാക്കി മോാഡിഫൈ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുജനശ്രദ്ധ ഈ വാഹനം പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഇല്ല. ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യതക്കുറവും പാരിസ്ഥിതിക മലിനീകരണവും കുറക്കാന്‍ പറ്റിയ ഒരു ബദല്‍ മാര്‍ഗമാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകളെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ കാറിന് സഞ്ചരിക്കാന്‍ സാധിക്കും. ഒരു കിലോമീറ്റര്‍ ഓടാന്‍ ഈ 'സോളാര്‍ കാറിന്' 80 പൈസ മാത്രമാണ് ചെലവ്. അതിനാല്‍ തന്നെ ഇന്ധന വിലയില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഒരു പുതിയ മാര്‍ഗം വെട്ടിത്തെളിയിച്ച് കാണിക്കുകയാണ് മനോജിത്. ഇന്ധന വിലയെ കുറിച്ച് നോക്കിയാല്‍ കേരളത്തില്‍ ഏകദേശം എല്ലാ ജില്ലയിലും 105 രൂപയില്‍ കൂടുതലാണ് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാനായി കൊടുക്കേണ്ടത്.
95 രൂപയോട് അടുത്താണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഇന്ധന വില കുറയാതെ ഉയരങ്ങളില്‍ തുടരുമ്പോള്‍ സാധരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. അതിനാലാണ് ചെലവ് കുറഞ്ഞ ഇത്തരം നൂതന കണ്ടുപിടുത്തങ്ങള്‍ പിറവിയെടുക്കുന്നതും. ഇന്ന് ആളുകള്‍ ഇന്‍േറണല്‍ കംപള്‍ഷന്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വരെ ഇലക്ട്രിക് ആക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടു. അത് രാജ്യത്ത് ഇവികള്‍ക്ക് വര്‍ധിച്ചു വരുന്ന പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്.

ആ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി ഇവികളെ കുറിച്ച് അടുത്തിടെ നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. lightorium എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കപ്പെട്ട ചെറു വീഡിയോയിലായിരുന്നു കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിഹാരമല്ലെന്ന തരത്തില്‍ ധോണിയുടെ വാക്കുകള്‍.
എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇവികള്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനുള്ള പരിഹാരമായി മാറുന്നതെന്നാണ് അദ്ദേഹം പറയുന്നതെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. താപവൈദ്യുത നിലയത്തില്‍ നിന്നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത് ഹരിത ഊര്‍ജമാണെന്ന് പറയാനാകില്ലെന്നാണ് ധോണി വ്യക്തമാക്കുന്നത്. ഒപ്പം തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ഗ്രീന്‍ എനര്‍ജി ഉല്‍പ്പാദനത്തിനും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഊന്നല്‍ നല്‍കാനും ആഹ്വാനം ചെയ്തു. ഏതായാലും വീഡിയോക്ക് കീഴില്‍ ധോണിക്ക് പൊങ്കാലയിടുകയാണ് ഇവി പ്രേമികള്‍.
Source: News18


Click it and Unblock the Notifications








