ട്രെയിനിടിച്ചിട്ട് കുലുങ്ങിയില്ല, പിന്നല്ലേ ബസ്; ബില്‍ഡ് ക്വാളിറ്റി വീണ്ടും തെളിയിച്ച് ടാറ്റ നെക്‌സോണ്‍
ക്രാഷ് ടെസ്റ്റില്‍ കഴിവുതെളിയിച്ച ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള കാര്‍ ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ബില്‍ഡ് ക്വാളിറ്റിയുടെ പേരില്‍ പല മുന്‍നിര കാര്‍ നിര്‍മാതാക്കളും വിമര്‍ശനം നേരിടുമ്പോള്‍ സേഫ്റ്റി മുഖ്യം ബിഗിലേ എന്ന പക്ഷക്കാരാണ് ടാറ്റ. ഏറ്റവും ഒടുവിലായി ടാറ്റയുടെ ഹാരിയര്‍, സഫാരി എസ്‌യുവികള്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.
രാജ്യത്ത് ഏറ്റവും ആദ്യം ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹന ഫോര്‍മാറ്റുകളില്‍ ലഭ്യമായ ഏക എസ്‌യുവി കൂടിയാണ് ടാറ്റ നെക്സോണ്‍. സേഫ്റ്റി മുഖമുദ്രയാക്കി വിപണി പിടിക്കുന്ന നെക്‌സോണ്‍ 2023 ഒക്‌ടോബറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവിയുമായി മാറിയിരുന്നു. നെക്സോണ്‍ ഇവി വിപണിയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ ഇലക്ട്രിക് എസ്‌യുവിയാണ്.

വലിയ അപകടങ്ങളില്‍ നിന്ന് നിസാര പരിക്കുകളോടെ ടാറ്റ കാര്‍ ഉടമകള്‍ രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുമ്പും നാം കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ എഞ്ചിന്‍ ഇടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്ന ടാറ്റ നെക്സോണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ടാറ്റ നെക്‌സോണിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന രണ്ട് സംഭവങ്ങള്‍ രാജ്യത്ത് അരങ്ങേറി.
കഴിഞ്ഞ ദിവസം ട്രെയിന്‍ ആയിരുന്നു ഒരുവശത്തെങ്കില്‍ ഇക്കുറി ബസുകളുമായാണ് എസ്‌യുവി കൂട്ടിയിടിച്ചത്. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സ്ഥിരമായി പങ്കുവെക്കുന്ന പ്രതീക് സിങ്ങിന്റെ യൂട്യൂബ് ചാനലിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. രണ്ട് അപകടങ്ങളിലും നെക്സണ്‍, നെക്സോണ്‍ ഇവികളുടെ പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പുകളായിരുന്നു ഉള്‍പ്പെട്ടത്. അപകടങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ആദ്യത്തെ അപകടം ഗുജറാത്തിലെ അഹമ്മദാബാദിലാണുണ്ടായത്.

ടാറ്റ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പാണ് ഇവിടെ അപകടത്തില്‍ പെട്ടത്. അമിതവേഗതയിലെത്തിയ ബസ് ടാറ്റ നെക്സോണ്‍ ഇവിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. ടാറ്റ നെക്സോണ്‍ ഡ്രൈവര്‍ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് ഡ്രൈവര്‍ക്ക് കൃത്യസമയത്ത് വാഹനം നിര്‍ത്താന്‍ സാധിച്ചില്ലെന്നും കാര്‍ ഡ്രൈവറുടെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
ബസ് വശങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നെക്‌സോണ്‍ ഇവിയുടെ ബമ്പര്‍, ഫെന്‍ഡര്‍, ഡോറുകള്‍ എന്നിവയെല്ലാം തകരാറിലായി. പില്ലറുകള്‍ക്ക് ക്ഷതമേറ്റില്ലെങ്കിലും എസ്‌യുവിയുടെ ഇടതുവശത്തെ ഫ്രണ്ട് വീല്‍ കേടായതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അതേസമയം ടാറ്റ കാറിന്റെ അണ്ടര്‍ബോഡിക്ക് വല്ല തകരാറും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം തീര്‍ച്ചയില്ല. അപകടത്തില്‍ കോ-പാസഞ്ചര്‍ വിന്‍ഡോ തകര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരന് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

എയര്‍ബാഗുകള്‍ കൃത്യസമയത്ത് വിന്യസിക്കപ്പെട്ടു. മുന്‍ സീറ്റിലിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ ആഘാതം നന്നായി ആഗിരണം ചെയ്യാന്‍ എസ്യുവിക്ക് സാധിച്ചിട്ടുണ്ട്. ബസിന്റെ ബമ്പറിന് കേടുപാടുകള്‍ സംഭവിച്ചു. യൂട്യൂബ് വീഡിയോയിലെ അടുത്ത അപകടം ഉത്തര മലബാറില്‍ എവിടെയോ വെച്ചാണ് നടന്നതെന്നാണ് കരുതുന്നത്. അപകടത്തില്‍ പെട്ട ബസിന്റെ ബോര്‍ഡില്‍ നിന്ന് നമുക്കത് വായിച്ചെടുക്കാം. ഇവിടെ നെക്‌സോണിന്റെ ഐസി എഞ്ചിന്‍ പതിപ്പാണ് അപകടത്തില്‍ പെട്ടത്.
ഇവിടെ എസ്‌യുവിയുടെ പിന്നിലിടിച്ച സ്വകാര്യബസിന്റെ ഫ്രണ്ട് പാനലിന്റെ ഇടതുവശം തകര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. ബോഡി പാനലുകള്‍ ചളുങ്ങുകയും ഹെഡ്‌ലൈറ്റ് തകരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നടന്ന അപകടത്തില്‍ കുറ്റക്കാര്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. നെക്സോണ്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണോ അതോ ബസ് ഡ്രൈവറുടെ അശ്രദ്ധയാണോ അപകടകാരണമെന്ന് വ്യക്തമല്ല. എന്നാല്‍ ഈ ഒരു അപകടത്തിലും ടാറ്റ കാര്‍ തങ്ങളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ചു.
എസ്‌യുവിയുടെ റിയര്‍ ബമ്പറിനും ടെയില്‍ഗേറ്റിനും മാത്രമേ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂ. മറ്റെല്ലാ ഭാഗങ്ങളും കേടുകൂടാതെ ഇരിക്കുന്നുണ്ട്. സംഭവം സേഫ്റ്റി റേറ്റിംഗുകള്‍ ഉള്ള കാറുകള്‍ സുരക്ഷ കൂട്ടുമെങ്കിലും വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചിലപ്പോള്‍ നമ്മുടെ അശ്രദ്ധ കൊണ്ടോ മറ്റ് റോഡ് ഉപഭോക്താക്കളുടെ ശ്രദ്ധക്കുറവുകൊണ്ടോ അപകടം സംഭവിക്കാം. ഏതായാലും വളയം പിടിക്കുമ്പോള്‍ റോഡിന്റെ എല്ലാവശങ്ങളിലും ശ്രദ്ധിച്ച് ജാഗ്രതയോടെ ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗ് ശീലമാക്കാം.


Click it and Unblock the Notifications








