ബ്രസീലിനും അര്‍ജന്റീനയ്ക്കും ആര്‍പ്പുവിളിച്ച് ടാറ്റ നെക്‌സോണുകള്‍
ടാറ്റയുടെ പുതുതലമുറ കാറുകളില്‍ മൂന്നാമനാണ് നെക്‌സോണ്‍. ആദ്യ രണ്ടു മോഡലുകളാകട്ടെ ടിയാഗൊയും ടിഗോറും. 2016 -ല്‍ ആദ്യമെത്തിയ ടിയാഗൊയില്‍ തുടങ്ങും ടാറ്റയുടെ ഫുട്‌ബോള്‍ ബന്ധം. തുടക്കകാലത്ത് അര്‍ജന്റീനിയന്‍ താരം സാക്ഷാല്‍ ലയണല്‍ മെസ്സിയായിരുന്നു ടിയാഗൊയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരത്തെ കൂട്ടുപിടിച്ചെത്തിയ ടാറ്റ പിന്നീടങ്ങോട്ടു കായിക രംഗത്തു സജീവമായി തുടര്‍ന്നു. റഷ്യയില്‍ ആരംഭിച്ച ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലലിഞ്ഞ് ഒരുങ്ങിയ ടാറ്റ നെക്‌സോണുകളാണ് ഇപ്പോള്‍ വാഹന ലോകത്തെ പുതിയ ചര്‍ച്ചാവിഷയം.

സംഭവം ഫുട്‌ബോള്‍ ജ്വരം അലയടിക്കുന്ന കേരളത്തില്‍ തന്നെ. ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ക്കു വേണ്ടി മലയാളം മോട്ടോര്‍സ് പുറത്തിറക്കിയ പ്രത്യേക നെക്‌സോണ്‍ പതിപ്പുകള്‍ ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധനേടിക്കഴിഞ്ഞു.

ആകെമൊത്തം മൂന്നു നെക്‌സോണുകളെയാണ് ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ഉള്‍ക്കൊണ്ടു ഇവര്‍ ഒരുക്കിയത്. ഒന്നു ചുവപ്പു നിറത്തില്‍. പിന്തുണ ലോകകപ്പിൽ പങ്കെടുക്കുന്ന ഇംഗ്ലീഷ് പടയ്ക്ക്. മറ്റൊന്നു നീല നിറത്തില്‍. പിന്തുണ അര്‍ജന്റീനയ്ക്ക്.

മഞ്ഞ നിറത്തിലുള്ള മൂന്നാം നെക്‌സോണാണ് ബ്രസീലിന് വേണ്ടി ആര്‍പ്പുവിളിക്കുന്നത്. എസ്‌യുവിക്ക് മേലുള്ള നിറങ്ങള്‍ കേവലം റാപ്പിംഗ് മാത്രമാണ്. റാപ്പിംഗ് എളുപ്പം അഴിച്ചുകളയാന്‍ പറ്റും. ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് ആരാധകര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും അവരുടെ ഇഷ്ട ടീമുകളുടെ നിറത്തില്‍ നെക്‌സോണിനെ അണിയിച്ചൊരുക്കാന്‍ അവസരമുണ്ട്.

നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ അതത് ടീമുകളുടെ ജഴ്‌സിയണിഞ്ഞ് നെക്‌സോണുകള്‍ രംഗത്തു വന്നിരുന്നു. മുംബൈയുടെയും, ചെന്നൈയുടേയും, ഹൈദരാബാദിന്റെയും നിറത്തില്‍ എത്തിയ ഐപിഎല്‍ എഡിഷന്‍ നെക്‌സോണുകളാകട്ടെ വന്‍പ്രചാരമാണ് നേടിയതും.

ഇതിന്റെ ചുവടുപിടിച്ചാണ് ലോകകപ്പ് ഫുട്‌ബോള്‍ ടീമുകള്‍ക്ക് പിന്തുണയര്‍പ്പിച്ചുള്ള നെക്‌സോണുകളുടെ അണിഞ്ഞൊരുക്കം. എന്തായാലും ഏറ്റവും മികച്ച ടാറ്റയേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ഒന്നേയുള്ളു, നെക്‌സോണ്‍!

പ്രധാന എതിരാളികള്‍ മാരുതി വിറ്റാര ബ്രെസ്സയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും. ഓരോ മാസത്തെ വില്‍പന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ബ്രെസ്സയിലേക്കുള്ള നെക്‌സോണിന്റെ ദൂരം കുറയുകയാണ്. എന്തുകൊണ്ടാണ് നെക്‌സോണിന് ഇത്ര പ്രചാരമെന്ന് ചിന്തിച്ചിട്ടുണ്ടോ? ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും പോരായ്മകളും പരിശോധിക്കാം —

ടാറ്റ നെക്‌സോണിലെ പോരായ്മകൾ
ടാറ്റയുടെ പരമ്പരാഗത മുഖഭാവങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രൂപം. 'ഇംപാക്ട് ഡിസൈനെന്ന്' പുതിയ ശൈലിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പേര് ചൊല്ലി വിളിച്ചു. ഏതു കോണില്‍ നിന്നു നോക്കിയാലും നെക്‌സോണിന്റെ ഒഴുകിയിറങ്ങുന്ന ചാരുത കാണാം.

പക്ഷെ എസ്‌യുവിയുടെ പിന്‍ഭാഗം എല്ലാവരെയും പ്രീതിപ്പെടുത്തില്ല. ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതിയേറിയ വെളുത്ത വര എസ്‌യുവിയുടെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സംശയം പല കാഴ്ചക്കാര്‍ക്കുമുണ്ട്.

ഡയമണ്ട് ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ അഭിപ്രായം ആളുകളില്‍ നിന്നും ആളുകളിലേക്ക് വരുമ്പോള്‍ മാറാം. നെക്‌സോണിലെ യാത്ര സുഖകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മൃദുവേറിയ സസ്‌പെന്‍ഷനും സീറ്റുകളുടെ മികവേറിയ ഘടനയും നെക്‌സോണില്‍ പ്രത്യേകം എടുത്തുപറയണം. അഞ്ചു സീറ്ററെന്നാണ് കടലാസില്‍. പക്ഷെ നെക്‌സോണില്‍ അഞ്ചു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റുമോ എന്ന കാര്യവും സംശയം.

നാലു മീറ്ററില്‍ താഴെയുള്ള മിക്ക എസ്‌യുവികളിലും ഈ പ്രശ്‌നം കാണാം. ബെഞ്ച് സീറ്റിന് വീതി കുറവായതു കൊണ്ടു പിറകില്‍ മൂന്നുപേരുള്ള സന്ദര്‍ഭങ്ങളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടി വരും. ഉയരം കൂടിയ ആളുകള്‍ക്ക് ഹെഡ്‌റൂമും നെക്‌സോണില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇടത് കാലിന് വിശ്രമം നല്‍കാന്‍ 'ഡെഡ് പെഡല്‍' നെക്‌സോണില്‍ പ്രത്യേകമുണ്ട്. എന്നാല്‍ ക്ലച്ചും ഡെഡ് പെഡലും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ലച്ച് ചവിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഇതു തടസ്സം സൃഷ്ടിക്കും.

നെക്‌സോണിന്റെ അകത്തളം ആധുനികമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും വൈകിയാണ് ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. എസി വെന്റുകള്‍ക്ക് താഴെയുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം വേഗം തിരിച്ചറിയാം.

ഉള്ളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ചയെ A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യവും നെക്‌സോണിലെ നിരാശയാണ്. പില്ലറുകള്‍ക്ക് വീതി കൂടുതലുള്ളതാണ് പ്രശ്‌നം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങള്‍
നിരയില്‍ അവസാനം വന്നെത്തിയ പുതിയ എഎംടിയില്‍ നിന്നു തുടങ്ങും നെക്‌സോണിന്റെ വിശേഷങ്ങള്‍. തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങളില്‍ തെല്ലും ആശങ്കയില്ലാതെ ഓടിക്കാന്‍ എഎംടി പതിപ്പ് ഉപഭോക്താക്കളെ സഹായിക്കും.

നിലവില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി വരുന്നത്. എന്നാല്‍ നെക്‌സോണിന്റെ താഴ്ന്ന വകഭേദങ്ങളിലും എഎംടി പതിപ്പിനെ ടാറ്റ ഉടന്‍ നല്‍കും.

ഫീച്ചറുകളുടെ ബാഹുല്യമാണ് നെക്‌സോണില്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ നെക്‌സോണിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ഏറ്റവും മികച്ച പാനലുകളാണ് നെക്‌സോണില്‍. എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനമാണ് നെക്‌സോണ്‍ ഫീച്ചറുകളില്‍ മുഖ്യം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളോടെയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നെക്‌സോണില്‍ പ്രത്യേകം പരാമര്‍ശിക്കണം. എസ്‌യുവിയുടെ പ്രീമിയം മുഖമാണ് തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയ്.

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍; കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങുന്നതും ഇതാദ്യം. അതത് അവസരങ്ങളില്‍ സിറ്റി, ഇക്കോ, സ്‌പോര്‍ട് മോഡുകള്‍ നെക്‌സോണിന്റെ കരുത്തിനെയും, മൈലേജിനെയും, ആക്‌സിലറേഷനെയും സ്വാധീനിക്കും.
Image Source: Facebook


Click it and Unblock the Notifications








