ടാറ്റക്ക് വീണ്ടും കൈയ്യടി! ട്രെയിനിടിച്ചിട്ടും നെക്‌സോണ്‍ നില്‍ക്കുന്ന നില്‍പ്പ് നോക്കിക്കേ...
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. ബില്‍ഡ് ക്വാളിറ്റി കൊണ്ട് വാഹന പ്രേമികളുടെ മനംകവര്‍ന്ന കാര്‍ നിരവധി അപകടങ്ങളില്‍ യാത്രക്കാരെ രക്ഷിച്ച് കൈയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ഒരു റെയില്‍വേ ക്രോസിംഗില്‍ നെക്‌സോണ്‍ എസ്‌യുവിയെ ഒരു ട്രെയിന്‍ ഇടിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് നെക്‌സോണ്‍. കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ ഒരു മുന്‍നിര പോരാളിയായി തിളങ്ങുന്നതിന്റെ കാരണങ്ങളില്‍ ചിലത് അതിന്റെ ആകര്‍ഷകമായ ഡിസൈന്‍, നിര്‍മാണ നിലവാരം, സുരക്ഷ സവിശേഷതകള്‍, കാലികമായ സവിശേഷതകള്‍ എന്നിവയാണ്. സേഫ്റ്റിയാണ് ഈ കാറിന്റെ മുഖമുദ്രകളില്‍ ഒന്ന്. പലപ്പോഴും കാറുകളും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളിലാണ് നെക്‌സോണ്‍ തങ്ങളുടെ ഉരുക്കിന്റെ ശക്തി പുറത്തെടുക്കാറുള്ളത്.

നെക്‌സോണിന്റെ മുന്‍ തലമുറ പതിപ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ എത്തിയ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് എന്നാല്‍ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മുന്‍ഗാമിയുടെ അതേ പ്ലാറ്റ്‌ഫോം പങ്കിടുന്നതിനാല്‍ ഇതും ഇടിക്കൂട്ടില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെയാണ് നെക്‌സോണില്‍ ട്രെയിനിടിച്ചതിന്റെ ഞെട്ടിക്കുന്ന വീഡിയോ നിഖില്‍ റാണയുടെ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാക്കുകയും ജനപ്രിയ മോഡലുകളുടെ 'ക്രാഷ്' ടെസ്റ്റുകളുടെയും വീഡിയോസ് ഈ ചാനലില്‍ പതിവായി അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ അപകടത്തില്‍ നെക്സോണ്‍ ഡ്രൈവര്‍ അശ്രദ്ധമായി ട്രെയിന്‍ വരുമ്പോള്‍ തന്നെ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.

കണക്കുകൂട്ടലുകള്‍ പിഴച്ചതോടെ ട്രെയിന്‍ വന്ന് കാറിന്റെ വശങ്ങളില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് ഈ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാറില്‍ ഡ്രൈവര്‍ ഒറ്റക്കായിരുന്നോ അതോ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നോവെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നത്തെയും പോലെ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിയുടെ മറ്റൊരു തെളിവായി മാറിയിരിക്കുകയാണ് ഈ സംഭവം.
ഈ അപകടം നടന്ന കൃത്യമായ സ്ഥലം ഏതാണെന്നും വീഡിയോയില്‍ പറയുന്നില്ല. ഏതായാലും നെക്‌സോണില്‍ ഇടിച്ച ട്രെയിന്‍ എസ്‌യുവിയെ മുന്നോട്ട് നീക്കിയതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ സൈഡിലുള്ള ഡോര്‍ പാനല്‍ ആകെ ചളുങ്ങിപ്പോയിട്ടുണ്ട്. ഡ്രൈവര്‍ സൈഡ് ഡോര്‍, റിയര്‍ ഡോര്‍, വിന്‍ഡോ എന്നിവയെല്ലാം തകര്‍ന്നു. ട്രെയിന്‍ എഞ്ചിന്റെ മുന്‍വശം വിന്‍ഡോ തുളച്ച് ക്യാബിനകത്തേക്ക് കയറിയിട്ടുണ്ട്.

കാര്‍ ഡ്രൈവര്‍ വാഹനം റെയില്‍വേ ക്രോസില്‍ കയറ്റുന്നത് കണ്ട് ലോക്കോപൈലറ്റ് തീവണ്ടിയുടെ വേഗത പരമാവധി കുറച്ചതായാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന് ആശ്വസിക്കാം. മാത്രമല്ല ട്രെയിനിടിച്ച വശം മാറ്റി നിര്‍ത്തിയാല്‍ നെക്‌സോണ്‍ കാറിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ട്രെയിന്‍ കാര്‍ ഇടിച്ചുതെറുപ്പിച്ചാലുള്ള അനന്തരഫലങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അതുകൊണ്ട് തന്നെ റെയില്‍വേ ക്രോസിംഗുകളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കാന്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ഉള്ളൂ. നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ആളില്ലാ റെയില്‍വേ ക്രോസിംഗുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ ജീവന് യാതൊരു വിലയും കൊടുക്കാതെ പലരും പതിവായി ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുന്നത് നിരാശാജനകമാണ്.

റെയില്‍വേ ക്രോസിംഗ് ഗെയിറ്റുകള്‍ അടച്ചിടുന്ന വേളയില്‍ യാതൊരു കൂസലും കൂടാതെ മുറിച്ചുകടക്കുന്ന ബൈക്ക് യാത്രികര്‍ നിരവധിയുണ്ട്.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രിയ വായനക്കാര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വന്തം വാഹനത്തിലുള്ളവരെ മാത്രമല്ല മറ്റനേകം പേര്‍ക്ക് കൂടി ദോഷകരമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആരെയെങ്കിലും കണ്ടാല്‍ അത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും ഉത്തരവാദിത്ത ബോധമുള്ള ഓരോ പൗരന്റെയും കടമയാണ്.
റെയില്‍വേ ക്രോസിംഗ് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഇവിടെ നെക്‌സോണ്‍ കാര്‍ ഉള്‍പ്പെട്ട അപകടത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം അറിവായിട്ടില്ല. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനം ഓടിക്കുന്നുവെന്ന് കരുതി നാം വളരെ സുരക്ഷിതരാണെന്ന് കരുതരുത്. നിരത്തുകളിലും അല്ലാത്തയിടങ്ങളിലുമെല്ലാം ക്ഷമയോടെ ശ്രദ്ധയോടെ വളയം പിടിക്കുമ്പോള്‍ ആണ് നമ്മളുടെ ജീവന്‍ കാക്കാനാകൂ.


Click it and Unblock the Notifications








