ടാറ്റ ടിയാഗോയുടെ ബില്‍ഡ് ക്വാളിറ്റി നോക്കിക്കേ; മാരുതി പിക്കപ്പ് നില്‍ക്കുന്ന നില്‍പ്പ് കണ്ടോ?
ടാറ്റ മോട്ടോര്‍സിന്റെ കാറുകള്‍ ബില്‍ഡ് ക്വാളിറ്റിക്ക് പേരുകേട്ടവയാണ്. ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ വരെ ഇക്കാര്യത്തില്‍ വേറെ ലെവലാണ്. സേഫ്റ്റിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ടാറ്റ കാറുകള്‍ വന്‍ അപകടങ്ങളില്‍ നിന്ന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് കര്‍ണാടകയില്‍ അടുത്തിടെ നടന്ന ഒരു അപകടം.
ഇവിടെ ബില്‍ഡ് ക്വാളിറ്റി കൊണ്ട് ആളുകളെക്കൊണ്ട് മൂക്കത്ത് വിരല്‍ വെപ്പിച്ചത് ടാറ്റ ടിയാഗോയാണ്. ടാറ്റയുടെ പാസഞ്ചര്‍ കാര്‍ നിരയിലെ എന്‍ട്രി ലെവല്‍ മോഡലാണ് ടിയാഗോ. കര്‍ണാടകയിലെ ദാവനഗരെക്ക് സമീപമുണ്ടായ അപകടത്തില്‍ ടാറ്റ ടിയാഗോ ഇടിച്ച് മാരുതി ക്യാരി പിക്കപ്പാണ് കൊടിമരം പോലെ കുത്തനെ നിന്നത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ടിയാഗോ ഉടമ ശിവകുമാര്‍ കാറിന്റെ ബില്‍ഡ് ക്വാളിറ്റിയെ പ്രശംസ കൊണ്ട്മൂടി.

കാറിന്റെ സേഫ്റ്റി കാരണം ജീവന്‍ രക്ഷപ്പെടുത്തിയതിന് ടാറ്റയെ അഭിനന്ദിച്ച നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണിത്. അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ വ്യക്തമല്ല. ടിയാഗോ കാര്‍ ഉടമക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മാരുതി സുസുക്കി ക്യാരി പിക്ക് അപ്പ് ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് മറിഞ്ഞു. അപകടത്തില്‍ ടിയാഗോയുടെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
എന്നാല്‍ ബോഡി ഷെല്ലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം കാറുടമക്ക് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. പിക്ക് അപ്പ് ട്രക്ക് ഡ്രൈവറും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ മറ്റ് കാറുകളെ പോലെ തന്നെ GNCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ താരകമാണ് ടാറ്റ ടിയാഗോ. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടാറ്റ ടിയാഗോ സ്വന്തമാക്കിയത്.

പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനില്‍ ടാറ്റ ടിയോഗോ സ്വന്തമാക്കാന്‍ സാധിക്കും. 5.6 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില ആരംഭിക്കുന്നത്. ഇതില്‍ ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളായി ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍-3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി മോഡലുകള്‍ക്ക് തുടിപ്പേകുന്നത്.
ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 84 bhp പവറും 115 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിഎന്‍ജി മോഡിലാണെങ്കില്‍ 72 bhp പവറും 95 Nm ടോര്‍ക്കുമായിരിക്കും പവര്‍ഔട്ട്പുട്ട്. ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിലേക്ക് വന്നാല്‍ ഇതിന് 72 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്.

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വരുന്നത്. ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. 8.49 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
പെട്രോള്‍, സിഎന്‍ജി വേരിയന്റുകളെ പോലെ ടിയാഗോ ഇവിയിലും ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡാണ്. പണ്ടത്തെ കാലത്ത് നിന്ന് വ്യത്യസ്തമായി ആളുകള്‍ സേഫ്റ്റി നോക്കിയാണ് ഇന്ന് കാറുകള്‍ വാങ്ങുന്നത്. ടിയാഗോയെ പോലെ എന്‍ട്രി ലെവല്‍ കാറുകള്‍ വരെ മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ ഒരു കാര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മികച്ച സേഫ്റ്റി റേറ്റിംഗുള്ള കാര്‍ തന്നെ നോക്കി വാങ്ങാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








