ഇത് തളളല്ല, ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയുടെ മികവ് തെളിയിച്ച് ടിയാഗോ, അപകടത്തിൽപ്പെട്ട വണ്ടിയുടെ വീഡിയോ കാണാം
ടാറ്റയുടെ വാഹനങ്ങൾ ബിൽഡ് ക്വാളിറ്റിക്ക് പേരുകേട്ടതാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് തളള് ആയും പ്രെമോഷനായും തോന്നിയേക്കാം, എന്നാൽ സത്യം അതല്ല സുഹൃത്തുക്കളെ, നിരവധി തവണ ടാറ്റയുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട വാർത്തകളും വീഡിയോകളും നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒരു ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് ഒരു റോഡിൻ്റെ വശത്ത് മറിഞ്ഞ് കിടക്കുന്നത് കാണാം. ഭാഗ്യവശാൽ, ഈ ഹാച്ച്ബാക്കിനുള്ളിൽ യാത്ര ചെയ്ത നാല് യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാം.
വടക്കൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ കഹാനിലാണ് അപകടമുണ്ടായതെന്ന് വീഡിയോയിലൂടെ മനസിലാക്കാം. ഈ അപകടം എങ്ങനെ സംഭവിച്ചു എന്നതിൻ്റെ കൃത്യമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും രാത്രിയിലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. സംഭവം നടന്നത് ഒരു വളവിൽ ആയത് കൊണ്ട് രാത്രി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാവാനാണ് സാധ്യത.

ഈ ടാറ്റ ടിയാഗോയിൽ യാത്ര ചെയ്ത നാല് യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർക്ക് നിസാര പരിക്കുകൾ പറ്റിയെങ്കിലും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൻ്റെ ബൂട്ടിൽ നിന്ന് ലഗേജുകൾ പുറത്തെടുക്കാനായെന്ന് പറയുന്നു. ടാറ്റ ടിയാഗോയെ സംബന്ധിച്ചിടത്തോളം, മുൻവശത്തെ മുഴുവൻ ബമ്പറും തകർന്നിട്ടുണ്ട്. മുൻവശത്താണ് വാഹനത്തിൻ്റെ പ്രധാന തകരാർ സംഭവിച്ചിരിക്കുന്നതെന്ന് വാഹനം കാണുമ്പോൾ അറിയാം.
വീഡിയോയിൽ കാണുന്നത് പോലെ വാഹനം തല കീഴായി കിടന്നത് കൊണ്ട് റൂഫിലേക്ക് മുഴുവൻ ഭാരവും കൊണ്ടിട്ടുണ്ട്.ഡോറുകൾക്കും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എയർബാഗുകൾ പുറത്ത് വന്നോ എന്ന് വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല എന്നാലും വാഹനത്തിന് ഡ്രൈവർ സൈഡിലും കോ-ഡ്രൈവർ സൈഡിലും എയർബാഗ് സജ്ജീകരണങ്ങൾ ഉളളതാണ്.

ടാറ്റയുടെ മറ്റ് കാറുകളെ പോലെ തന്നെ GNCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ താരമാണ് ടാറ്റ ടിയാഗോ. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടാറ്റ ടിയാഗോ സ്വന്തമാക്കിയത്. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനില്‍ ടാറ്റ ടിയോഗോ സ്വന്തമാക്കാന്‍ സാധിക്കും. 5.6 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.
ഇതില്‍ ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളായി ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍-3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി മോഡലുകള്‍ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 84 bhp പവറും 115 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിഎന്‍ജി മോഡിലാണെങ്കില്‍ 72 bhp പവറും 95 Nm ടോര്‍ക്കുമായിരിക്കും പവര്‍ഔട്ട്പുട്ട്.

ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിലേക്ക് വന്നാല്‍ ഇതിന് 72 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വരുന്നത്. ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. 8.49 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
2016-ല്‍ വിപണിയില്‍ എത്തിയ ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് വിറ്റഴിച്ചത്. എന്നാല്‍ അവസാന 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ 15 മാസം മാത്രമാണ് വേണ്ടി വന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്നു ലക്ഷം ടിയാഗോയാണ് നിര്‍മിക്കപ്പെട്ടത്. 2020-ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ വില്‍പ്പന കുതിച്ചുയരുകയായിരുന്നു. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടിയാഗോ. 5.60 ലക്ഷം രൂപയില്‍ തുടങ്ങി 8.11 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.
14 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങിയ 7.0 ഇഞ്ച് ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ 8 സ്പീക്കര്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ പോകുന്നു ഫീച്ചര്‍ ഹൈലൈറ്റുകള്‍. പുതിയ കാലത്ത് ടാറ്റ മോട്ടോര്‍സിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പരിഗണന ലഭിക്കാന്‍ സഹായിച്ച മോഡലുകളില്‍ ഒന്നാണ് ടിയാഗോ.


Click it and Unblock the Notifications








