അൽപം ഓവറായാലെ ആളുകൾ ശ്രദ്ധിക്കൂ! ലോണെടുത്ത് വാങ്ങിയ വണ്ടിക്ക് പതിനായിരങ്ങൾ മുടക്കി ആഘോഷമൊരുക്കി ചായക്കടക്കാരൻ
സ്വന്തമായി ഒരു വാഹനം എന്നത് പലരുടേയും സ്വപ്നം തന്നെയാണ്. നാളുകളുടെ കാത്തിരിപ്പിനും സ്വരുക്കൂട്ടലിനും ഒടുവിലാവും പലരും തങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഈ ഒരു അവസരത്തിൽ ഉണ്ടാവുന്ന സന്തോഷം പ്രകടിപ്പിക്കുന്നതും ആഘോഷിക്കുന്നതും പലരീതിയിൽ ആവാം. ഒരു മനുഷ്യന്റെ സന്തോഷത്തിന് അങ്ങനെ പ്രത്യേക അളവുകോൽ ഒന്നും തന്നെ ഇല്ലല്ലോ. എന്നാൽ സന്തോഷവും ആഹ്ലാദപ്രകടനവും അതിരു കടന്നാൽ വിഷയമാവും. അത്തരം ഒരു ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഒരു മോപ്പെഡ് സ്വന്തമാക്കിയ ചായക്കടക്കാരനായ മുരാരി ലാൽ കുഷ്വാ എന്ന വ്യക്തിയുടെ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. വാഹനം വാങ്ങിയത് ആഘോഷിക്കാൻ 60,000 രൂപയാണ് ഇയാൾ യാതൊന്നും നോക്കാതെ പൊട്ടിച്ചത്. DJ പാർട്ടിയും ഡാൻസും ഒക്കെ ഉൾപ്പെടെ വമ്പൻ ആഘോഷം തന്നെയായിരുന്നു.

വാഹനം JCB ഉപയോഗിച്ച് ഉയർത്തി നിർത്തി എല്ലാവരേയും കാണിച്ചും മുരാരി തന്റെ ആഹ്ളാദം പ്രകടിപ്പിച്ചു. എന്നാൽ 20,000 രൂപ ഡൗൺപേമെൻ്റ് അടച്ചാണ് മുരാരി വാഹനം സ്വന്തമാക്കിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ലോൺ എടുത്തു വാങ്ങിയ വണ്ടിക്ക് ഇത്രയും ചെലവഴിച്ച് ഒരു ആഘോഷമോ എന്ന് നമ്മിൽ പലരും ഇപ്പോൾ നെറ്റി ചുളിച്ചേക്കാം.
എന്നാൽ ഇതെല്ലാം ചെയ്തതിന് തൻ്റേതായ കാരണവും മുരാരിക്കുണ്ട്. താൻ കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നതിൽ വളരെ സന്തുഷ്ടനാണ് എന്നും മക്കളുടെ സന്തോഷത്തിനായിട്ടാണ് ഇത്തരം ആഘോഷങ്ങൾ എന്നും മുരാരി പറയുന്നു. ഗ്വാളിയോറിൽ നിന്ന് 115 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലാണ് മുരാരിയുടെ ചായക്കട എന്നതും ശ്രദ്ധിക്കേണ്ടതാണ്.

പക്ഷേ മുരാരിയുടെ ആഘോഷവും ആഹ്ലാദപ്രകടനവും നാട്ടുകാരെപ്പോലെ പൊലീസ് കണ്ടുനിന്നില്ല. ശബ്ദമലിനീകരണത്തിന് മുരാരിയ്ക്കും DJ ഓപ്പറേറ്റർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാദ്യോപകരണങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഇതാദ്യമായല്ല മുരാരി ഇത്തരം ആഘോഷം സംഘടിപ്പിക്കുന്നത് എന്നത് വീണ്ടും കൗതുകം ഉയർത്തുന്നു. മൂന്ന് വർഷം മുൻപ് 12,500 രൂപ വിലയുള്ള മൊബൈൽ ഫോൺ ലോണിൽ വാങ്ങിയതിന് 25,000 രൂപയുടെ ആഘോഷ പരിപാടികളാണ് അദ്ദേഹം സംഘടിപ്പിച്ചത്.
മുരാരി വാങ്ങിയത് ഒരു ടിവിഎസ് XL സീരീസിൽ വരുന്ന മോപ്പഡാണ് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്, 44,999 രൂപ മുതൽ 60,905 രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. പ്രായോഗികമായി ചിന്തിച്ചാൽ ആഘോഷത്തിനായി പോടിച്ച 60,000 രൂപ ഉണ്ടായിരുന്നെങ്കിൽ ലോൺ പോലുമില്ലാതെ വാഹനം എടുക്കാമായിരുന്നു. കൂടാതെ ഡൗൺപേമെൻ്റ് നൽകിയ 20,000 രൂപയ്ക്ക് ഒരു വർഷത്തോളം മോപ്പഡിന് പെട്രോളും അടിക്കാമായിരുന്നു. പിന്നെ എല്ലാം ഓരോരുത്തരുടേയും ഇഷ്ടമാണല്ലോ.
സന്തോഷ വേളകൾ ആഘോഷമാക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാൽ അവ അതിരു കടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ചുമതലയാണ്. ജനങ്ങൾക്കും പൊതു മുതലിനും ജീവിതത്തിനും യാതൊരു ശല്യവുമില്ലാതെ നമുക്ക് എന്ത് ആഘോഷവും നടത്താം. അല്ലാത്തപക്ഷം നിയമ നടപടികളും മറ്റ് പ്രയാസങ്ങളും നേരിടേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല.
പണ്ട് 2019-20 കാലയളവിൽ ടോറസ് ലോറികൾ സ്വന്തമാക്കിയ സന്തോഷത്തിന് അവയുമായി റാലി നടത്തുകയും തന്റെ മെർസിഡീസ് ബെൻസ് കാറിന് മുകളിൽ കയറിയിരുന്നു അകമ്പടി പോവുകയും ചെയ്ത മലയാളി വ്യവസായ്ക്ക് എതിരേയും പൊലീസും എംവിഡിയും നിയമ നടപടികൾ എടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായ സംഭവം കൂടെ ഞാൻ ഓർക്കുകയാണ്.


Click it and Unblock the Notifications








