2 പടം അടുപ്പിച്ച് പൊട്ടിയിട്ടും അഹങ്കാരത്തിന് കുറവില്ല! റോഡില്‍ ഹുങ്ക് കാണിച്ച നടന്റെ കാര്‍ പിടിച്ചെടുത്തു
BYD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. 2021-ല്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയിലെത്തിയ ബ്രാന്‍ഡ് അത്യാവശ്യം വില കൂടിയ പ്രീമിയം കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് BYD ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കിയ ഇലക്ട്രിക് എസ്‌യുവിയാണ് സീലയണ്‍ 7. നിലവില്‍ BYD സീലയാന്‍ 7 ഇലക്ട്രിക് കാറിന്റെ എക്‌സ്-ഷോറൂം വില 48.90 ലക്ഷം മുതല്‍ 54.90 ലക്ഷം രൂപ വരെയാണ്. ഇത് നിരത്തിലെത്തിക്കാന്‍ ഏതായാലും അരക്കോടിക്ക് മുകളില്‍ പൊടിക്കേണ്ടി വരും.
അതുകൊണ്ട് തന്നെ സമ്പന്നരായ ആളുകളാണ് ഈ കാര്‍ വാങ്ങുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ചില പ്രമുഖരും BYD സീലയണ്‍ 7 ഇലക്ട്രിക് കാര്‍ വാങ്ങിയിട്ടുണ്ട്. ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഈ ചൈനീസ് ഇവി സ്വന്തമാക്കിയ നടന്‍ ആണ് ബെല്ലംകൊണ്ട ശ്രീനിവാസ്. മലയാളികള്‍ക്ക് ഈ നടനെ അത്ര പരിചയമുണ്ടാകാന്‍ വഴിയില്ല. കാരണം ഇദ്ദേഹം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ല. മറ്റ് ടോളിവുഡ് നടന്‍മാരെ പോലെ ഈ നടന്റെ സിനിമകള്‍ മൊഴിമാറ്റി കേരളക്കരയില്‍ എത്തിയിട്ടുമില്ല.

ഇപ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു നടപടി കൊണ്ട് ബെല്ലംകൊണ്ട ശ്രീനിവാസ് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. പൊലീസ് നടന്റെ ഇവി പിടിച്ചെടുത്തതോടെയാണ് നടന്‍ സിനിമയുമായി ബന്ധപ്പെട്ടല്ലാതെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നടന്റെ കാര്‍ പിടിച്ചെടുത്തത്. ജൂബിലി ഹില്‍സ് പ്രദേശത്തെ ജേണലിസ്റ്റ് കോളനി റോഡില്‍ അനധികൃതമായി 'യൂടേണ്‍' എടുക്കാന്‍ ശ്രമിക്കുകയായിരുന്നു നടന്‍.
സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ട്രാഫിക് പോലീസുകാരന്‍ നടനെ തടയാന്‍ ശ്രമിച്ചു. ഇത് അവഗണിച്ച താരം നിയമം ലംഘിച്ച് അതേ റോഡിലൂടെ തന്നെ ഓടിച്ച് പോയി. അവിടെയുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ വൈറലായി. ഇതേത്തുടര്‍ന്ന് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ എസ് നരേഷ് നല്‍കിയ പരാതിയിലാണ് നടന്റെ കാര്‍ പിടിച്ചെടുത്തത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, പൊലീസുകാരന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അമിത വേഗത തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് ജൂബിലി ഹില്‍സ് ഇന്‍സ്‌പെക്ടര്‍ കെ വെങ്കിടേശ്വര്‍ റെഡ്ഡി പറഞ്ഞു. ഇതൊക്കെ വായിച്ചിട്ടും ബെല്ലംകൊണ്ട ശ്രീനിവാസിനെ അറിയാത്തവര്‍ക്കായി അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്താം.
തെലുഗു സിനിമാ നിര്‍മാതാവായ ബെല്ലംകൊണ്ട സുരേഷിന്റെ മകനാണ് 32-കാരനായ ശ്രീനിവാസ്. 2014-ല്‍ 'അല്ലുഡു സീനു' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ചത്. ആദ്യ ചിത്രത്തില്‍ സാമന്തയായിരുന്നു ശ്രീനിവാസിന്റെ നായിക. കന്നി ചിത്രത്തിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ശ്രീനിവാസ് സ്വന്തമാക്കി. സ്പീഡുന്നുഡു, ജയ ജാനകി നായക എന്നീ സിനിമകള്‍ ആവറേജ് ഹിറ്റായി മാറിയെങ്കിലും പിന്നീട് വന്ന കവചവും സീതയും ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
2019-ല്‍ തമിഴ് ഹിറ്റ് സിനിമയായ രക്ഷസന്റെ റീമേക്കായ രാക്ഷസുഡുവിലൂടെ വിജയവഴിയില്‍ തിരിച്ചെത്തി. നടന്റെ അവസാനത്തെ രണ്ട് സിനിമകളായ അല്ലുഡു അദുര്‍സും ഛത്രപതിയും (ഹിന്ദി) ഫേ്‌ലാപ്പായിരുന്നു. പടങ്ങള്‍ പൊട്ടിയിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ലെന്നാണ് പൊതുനിരത്തിലെ നടന്റെ പെരുമാറ്റം കണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്.
BYD സീലയൺ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ലോവര്‍ വേരിയന്റില്‍ 308 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും. അതേസമയം, പെര്‍ഫോമന്‍സ് വേരിയന്റിന് 523 bhp പവറും 690 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണമാണുള്ളത്. രണ്ട് വേരിയന്റുകളിലും ഒരേ ബാറ്ററി പായ്ക്കാണ് പവര്‍ നല്‍കുന്നത്. 82.56 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 567 മുതല്‍ 542 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.

അകത്ത് പ്രീമിയം സവിശേഷതകള്‍ കുത്തിനിറച്ചാണ് പ്രീമിയം ഇവി വരുന്നത്. 11 എയര്‍ബാഗുകള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ സേഫ്റ്റി സ്യൂട്ടില്‍ ഉള്‍പ്പെടുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) കാറില്‍ ഓഫര്‍ ചെയ്യുന്നു.


Click it and Unblock the Notifications








