Ford Endeavour-ന് മുകളില്‍ പവന്‍ കല്ല്യാണിന്റെ സിനിമ സ്‌റ്റൈല്‍ വീഡിയോ; യാത്ര പൊലീസിനെ വെല്ലുവിളിച്ച്
തെലുഗു സിനിമയിലെ നായകന്‍മാര്‍ സ്വന്തം ആരാധകരുടെ കൈയ്യടി നേടുന്നതിനായി അതിനാടകീയ രംഗങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്നവരാണ്. അവരില്‍ ചിലര്‍ രാഷ്ട്രീയത്തിലും അങ്കത്തിനിറങ്ങിയവരാണ്. അപ്പോള്‍ പൊതുപ്രവര്‍ത്തനത്തിനിടയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നുറപ്പ്.

ടോളിവുഡില്‍ 'പവര്‍സ്റ്റാര്‍' എന്നറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ കഴിഞ്ഞ ദിവസം പൊലീസിനെ വെല്ലുവിളിച്ച് നടത്തിയ ഒരു യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജനസേന പാര്‍ട്ടി തലവന്‍ പൊലീസ് ഉത്തരവുകള്‍ ലംഘിച്ചാണ് കാറുകളുടെയും എസ്‌യുവികളുടെയും അകമ്പടിയോടെ ഗുണ്ടൂരില്‍ ജനങ്ങളെ കാണാനെത്തിയത്.

എന്നാല്‍ യാതൊരു റോഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു ഫോര്‍ഡ് എന്‍ഡവറിന്റെ മുകളില്‍ കയറിയായിരുന്നു യാത്ര എന്ന് മാത്രം. അടുത്തിടെ വീടുകളും മറ്റും പൊളിച്ചുമാറ്റപ്പെട്ടതിനെ തുടര്‍ന്ന് കഷ്ടപ്പാടിലായ ഗ്രാമീണരെ കാണാനാണ് പവന്‍ കല്ല്യാണ്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെത്തിയത്.

ഗ്രാമത്തിലേക്ക് പോകുന്ന വേളയില്‍ വാഹനവ്യൂഹത്തെ നയിച്ചുകൊണ്ട് ഫോര്‍ഡിന്റെ ആഡംബര എസ്‌യുവിയായ എന്‍ഡവറിന്റെ റൂഫിലിരുന്നായിരുന്നു പവന്‍ കല്ല്യാണിന്റെ ഷോ. മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര TUV300 എസ്‌യുവികള്‍ എന്നിവയുള്‍പ്പെടെ ഒരു കൂട്ടം എസ്‌കോര്‍ട്ട് വാഹനങ്ങള്‍ പിന്നില്‍ അണിനിരന്നു.

ഏതാണ്ട്, ഈ വാഹനവ്യൂഹത്തിലെ എല്ലാ എസ്‌യുവികളും അശ്രദ്ധമായാണ് ഓടിക്കുന്നതെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പവന്‍ കല്യാണ്‍ ഒരു ഹൈവേയിലൂടെയും പിന്നീട് ഒരു മണ്‍പാതയിലൂടെയും സഞ്ചരിക്കുമ്പോള്‍ ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവിയുടെ മുകളില്‍ ഇരിക്കുന്നതായി വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

എങ്കിലും എന്‍ഡവര്‍ മാന്യമായ വേഗതയിലാണ് ഓടിക്കുന്നതെന്ന് തോന്നുന്നു. എസ്‌യുവിയുടെ റൂഫ് റെയിലുകള്‍ ഒഴികെ പവന്‍ കല്യാണിന് ഒന്നും പിടിക്കാനില്ല എന്നത് ശ്രദ്ധിക്കണം. ഇതോടൊപ്പം ഒരു കൂട്ടം സെക്യൂരിറ്റിക്കാരും എന്‍ഡവറിന്റെ റണ്ണിംഗ് ബോര്‍ഡില്‍ വളരെ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.
വാഹനവ്യൂഹത്തിലെ കാറുകള്‍ വന്യമായാണ് നീങ്ങിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ അകമ്പടി വാഹനങ്ങളിലെ ഒരു കറുത്ത മഹീന്ദ്ര സ്‌കോര്‍പ്പിയോ ഇടതുവശത്തുള്ള മറ്റൊരു കാറുമായി ഉരസാന്‍ പോകുന്നതായി വീഡിയോയിലുണ്ട്. എന്നാല്‍ ഭാഗ്യത്തിന് അപകടം ഒന്നും പറ്റിയില്ല. ആളുകളെ രസിപ്പിക്കാന്‍ നടന്‍മാര്‍ക്ക് തിയേറ്ററില്‍ ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കമെങ്കിലും. രാഷ്ട്രീയക്കാരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മോശം സന്ദേശമാണ് നല്‍കുക.

പവന്‍ കല്ല്യാണിന്റെ ഈ ഒരു 'റോഡ് ഷോ' വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു പ്രവര്‍ത്തി ആണ്. ഫോര്‍ഡ് എന്‍ഡവര്‍ ഓടിക്കുന്ന ഡ്രൈവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ബ്രേക്ക് അമര്‍ത്തേണ്ടി വന്നിരുന്നെങ്കില്‍ റൂഫില്‍ ഇരിക്കുന്ന പവന്‍ കല്യാണും ബോര്‍ഡുകളില്‍ നില്‍ക്കുന്ന മുഴുവന്‍ ആളുകളും നിയന്ത്രണം് നഷ്ടപ്പെട്ട് വാഹനത്തില്‍ നിന്ന് വീഴാന്‍ സാധ്യതയുണ്ട്.

സാമാന്യം വേഗതയില്‍ പോകുന്ന വാഹനത്തില്‍ നിന്ന് താഴെ വീണാല്‍ തലയ്ക്ക് മാരകമായി പരിക്കേല്‍ക്കാം. ഒപ്പം തന്നെ റോഡിലേക്ക് വീണാല്‍ പിന്നില്‍ നിന്ന് വരുന്ന അകമ്പടി വാഹനങ്ങള്‍ ഇടിക്കാനും സാധ്യത കൂടുതലാണ്. ഏതായാലും പവന്‍ കല്ലാണിന്റെ പ്രവര്‍ത്തി കടുത്ത വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. പവന്‍ കല്യാണിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉയരുന്നുണ്ട്.

ഓടുന്ന വാഹനത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ പെരുമാറിയതിന് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്ല്യാണിനെ ശിക്ഷിക്കണമെന്നാണ് ട്വിറ്ററാറ്റികളുടെ ആവശ്യം. പവന്‍ കല്യാണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ ആന്ധ്രാപ്രദേശ് പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റുകളിട്ടു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ രാഷ്ട്രീയക്കാര്‍ എസ്‌യുവികളില്‍ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്നത് തെളിയിക്കുന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രവൃത്തികള്‍ അപകടകരമായ ഡ്രൈവിംഗ് സാധാരണമാക്കുകയും പൊതുജനങ്ങള്‍ക്ക് വളരെ തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു.

പൊതുജനങ്ങള്‍ ഇത് അനുകരിച്ചേക്കാം. ജനങ്ങളുടെ ക്ഷേമത്തിനായി ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് മാന്യമായി ശിക്ഷ നല്‍കി താക്കീത് ചെയ്യണം. പൊതുപ്രവര്‍ത്തകര്‍ നിയമനിര്‍മാതാക്കളാണ് അവര്‍ ഒരിക്കലും നിയമലംഘകരായി മാറരുത്. അത് കണ്ടാകും വരും തലമുറ പഠിക്കുക. അതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന സന്ദേശങ്ങള്‍.


Click it and Unblock the Notifications








