റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്?
ദിവസേന നിരവധി റോഡപകടങ്ങളാണ് സംഭവിക്കുന്നത്. അപകടങ്ങൾ പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ചില റോഡ് നിയമങ്ങൾ പ്രാവർത്തികമാക്കിയാലും ഇന്ത്യക്കാർ പുച്ഛത്തോടെ തള്ളിക്കളയുകയാണ് പതിവ്. ഒരുപക്ഷെ അന്യരാജ്യങ്ങളിലേതു പോലെ കർശനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിൽ ഇത്തരം അവഗണനകൾ ഉണ്ടാകില്ലായിരുന്നു. ഇന്ത്യൻ നിയമങ്ങളുടെ പാളിച്ചകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നിങ്ങൾ കാറിൽ സുരക്ഷിതരാണോ
അല്പം ചിലകാര്യങ്ങളിൽ ശ്രദ്ധാലുക്കളായാൽ വരാനിരിക്കുന്ന അപകടങ്ങൾ നമ്മുക്ക് തന്നെ ഒഴിവാക്കാവുന്നതാണ്. സ്വയ രക്ഷയ്ക്കും മറ്റുള്ളവർക്കും വേണ്ടി റോഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് വണ്ടിയോടിച്ചാൽ എത്രയെത്ര അപകടങ്ങൾ ഇല്ലാതാക്കാം. റോഡിൽ ഇരുകണ്ണും മനസും തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

ഇരുചക്ര വാഹനങ്ങൾ
ചിലവ് കുറഞ്ഞതും എന്നാൽ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളേയാണ്. ഇന്ത്യയിൽ വാഹനാപകടങ്ങളുടെ കണക്ക് എടുത്തു നോക്കിയാൽ ഇരുചക്രവാഹനങ്ങളുടേതാണ് കൂടുതലായും രേഖപ്പെയുത്തിയിട്ടുള്ളത്. റോഡ് നിയമങ്ങൾ യഥാക്രമം പാലിക്കാത്തതാണ് അപകടങ്ങൾക്കുള്ള മുഖ്യ കാരണങ്ങൾ. ഇന്ത്യയിൽ പ്രത്യേകിച്ച് എന്ത് നിയമങ്ങൾ പ്രാവർത്തികമാക്കിയാലും ആളുകളത് പാലിക്കാനുള്ള മനസ്ഥിതി കാണിക്കാറില്ല. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയും അമിത വേഗതയുമാണ് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. റോഡ് സുരക്ഷാനിയമങ്ങൾ പാലിച്ചാൽ നിങ്ങളുടെ ജീവൻ പൊലിഞ്ഞ് പോകുന്നത് ഒഴിവാക്കാം.

വൺ-വെ ട്രാഫിക്
വൺ-വെ ട്രാഫിക് എന്ന സംവിധാനം ഏർപ്പെടുത്തിയത് തന്നെ എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും റോഡ് മുറിച്ച് കടക്കുന്നവരുടെ സൗകര്യവും കണക്കിലെടുത്താണ്. എന്നാൽ വൺ-വെ സമ്പ്രദായം മിക്കപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നിയമം തെറ്റിക്കുന്നതിൽ മുൻപന്തിയിൽ. വൺ വെ നിയമം തെറ്റിച്ച് റോഡിലേക്ക് കയറിവരുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടത്തിനുള്ള സാധ്യത കൂടുതലാണെന്നോർക്കണം. അല്പം ശ്രദ്ധിച്ചാൽ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ഒഴിവാക്കാം.

ലൈറ്റിടാതെ വണ്ടിയോടിക്കൽ
ലൈറ്റിടാതെയുള്ള വണ്ടിയോടിക്കൽ സർവസാധാരണമാണ്. അത്തരത്തിൽ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഉപയോഗിക്കാതെ വണ്ടിയോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കഴിവതും അത്തരം വാഹനങ്ങളെ പിൻതുടർന്ന് വണ്ടിയോടിക്കാതിരിക്കുക. റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ കണ്ണും മനസും തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

കുട്ടികൾ
കുട്ടികൾ ഏത് സമയത്താണ് റോഡിൽ പ്രത്യക്ഷപ്പെടുകയെന്ന് പറയാനാവുകയില്ല അടിനാൽ കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. മെയിൻ റോഡിനടത്ത് താമസിക്കുന്ന കുട്ടികൾ റോഡിലിറങ്ങി കളിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ അശ്രദ്ധമായി വണ്ടിയോടിച്ചാൽ കുട്ടികളുടെ ജീവനാണ് വിലനൽകേണ്ടി വരിക. അപകടം സംഭവിച്ചാൽ കുട്ടികളിലല്ല കുറ്റം ചുമത്തപ്പെടുക മറിച്ച് നിങ്ങളിലാണ്. കുട്ടികൾ റോഡിൽ കളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഹോണടിച്ച് അവരുടെ ശ്രദ്ധതിരിച്ചതിനുശേഷം വേഗതക്കുറച്ച് കടന്നു പോകാവുന്നതാണ്. കുട്ടികളെ തട്ടിതെറിപ്പിച്ച് നിർത്താതെ പോകുന്ന കേസുകളും നിരവധിയാണ്.

മൃഗങ്ങൾ
പശുക്കളും നായക്കളും റോഡിന് നടുവിൽ വന്നുനിന്ന് ഗതാഗത തടസമുണ്ടാകുന്നത് ദൈനദിന കാഴ്ചകളാണ്. ആ സമയം കുറച്ച് ശ്രദ്ധയോടെ വണ്ടിയോടിക്കുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാം. ബൈക്കുകാരെയാണ് കൂടുതലായും ബാധിക്കുക. പെട്ടെന്നവ കുറുകെ കടക്കുന്ന സമയത്ത് ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ തെന്നിവീഴുന്നതും സർവസാധാരണമാണ്. അതുകൊണ്ട് എപ്പോഴും അപകടം പതിഞ്ഞിരിപ്പുണ്ടെന്ന ഓർമയിൽ വണ്ടിയോടിക്കുന്നതാവും നന്ന്.

കാൽനട യാത്രക്കാർ
റോഡ് സ്വന്തമാണെന്ന ധാരണയിലാണ് മിക്കവരും റോഡിൽ ഇറങ്ങിനടക്കുന്നത്. ചിലർ ഒരുമുന്നറിയിപ്പുമില്ലാതെയാണ് റോഡ് മുറിച്ച് കടക്കുക. ചിലപ്പോൾ കുട്ടികളും റോഡിന് കുറുകെയോടുന്നതും പതിവാണ്. അതിനാൽ കാൽനടയാത്രക്കാർ ശ്രദ്ധയിൽ പെടുകയാണെങ്കിൽ വേഗതകുറയ്ക്കേണ്ടതാണ്. മാത്രമല്ല അവർക്ക് കടന്ന് പോകാനുള്ള സമയം നൽകേണ്ടതുണ്ട്. ഒരാളെ ഇടിച്ച് വീഴ്ത്തിയാൽ എന്താണെന്നുള്ള ശിക്ഷ എപ്പോഴും ഓർമയിലുണ്ടാകണം.

ട്രാക്ടറും കാളവണ്ടികളും
ഹൈവേയിൽ ട്രാക്ടറും കാളവണ്ടികളും സർവസാധാരണമാണ്. അവയ്ക്ക് ഹെഡ്‌ലൈറ്റോ ടെയിൽ ലാമ്പുകളോ ഇല്ലാത്തതിനാൽ രാത്രിക്കാലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

യു-ടേൺ
അപകടസാധ്യത കൂടിയ മേഖലയാണ് യു-ടേൺ പോയന്റെന്ന് ഓർമ്മ വെച്ചാൽ പതിഞ്ഞിരിക്കുന്ന അപകടം ഒഴിവാക്കാവുന്നതാണ്. ചില ഡ്രൈവർമാർ ഇത്തരം ഭാഗങ്ങളിൽ വേഗതക്കുറയ്ക്കാറില്ല. അശ്രദ്ധകൾ അപകടം വിളിച്ചുവരുത്തുമെന്ന് ഓർക്കുക

സിഗ്നൽ ചാടൽ
അല്പം നേരം കാത്തുനിൽക്കാനുള്ള മനസ്ഥിതിയുണ്ടെങ്കിൽ നിങ്ങളുടെ ജീവൻ നഷ്ടമാകുന്നതൊഴിവാക്കാം. ഇങ്ങനെ സിഗ്നൽ ചാടിപ്പോയവരോക്കെ കാലനൊപ്പം മടങ്ങേണ്ടി വന്നിട്ടേയുള്ളൂ.

മദ്യപിച്ച് വാഹനമോടിക്കൽ
കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പേരിലാണ്. അമിതമായി മദ്യപിച്ച് വാഹനം നിയന്ത്രണത്തിക്കാനാകില്ലെന്ന ധാരണയുണ്ടെങ്കിൽ അത്തരം സന്ദർഭങ്ങളിൽ കഴിവതും വണ്ടിയെടുക്കാതെ ഇരിക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോൾ മധിപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാൻ ചെക്കിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതുപോലെ ചില നിയമങ്ങൾ കർശനമാക്കിയാൽ എല്ലാ അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാം.

മരണം പതിഞ്ഞിരിക്കുന്ന പ്രേതബാധയുള്ള 10 റോഡുകൾ


Click it and Unblock the Notifications








