കാര്‍ ഓടിക്കാന്‍ ഇഷ്ടമാണോ? ടെസ്റ്റ് ഡ്രൈവ് ചെയ്താല്‍ ക്യാഷ് അങ്ങോട്ട് തരും!
നമ്മളില്‍ പലര്‍ക്കും കാര്‍ ഓടിക്കുന്നത് വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ഡ്രൈവിംഗ് തൊഴിലാക്കി സ്വീകരിച്ചവര്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് അതിന് പ്രതിഫലം ലഭിക്കുന്നില്ല. നമ്മള്‍ കാര്‍ ഓടിക്കുമ്പോള്‍ ഇന്ധനത്തിനും മെയിന്റനന്‍സിനും മറ്റുമായി പണം അങ്ങോട്ട് മുടക്കേണ്ടതായി വരും. എന്നാല്‍ ഈ ചെലവുകള്‍ ഒന്നുമില്ലാതെ കാര്‍ ഓടിക്കുന്നതിന് പണം ഇങ്ങോട്ട് തന്നാല്‍ എങ്ങനെയുണ്ടാകും.
എന്നാല്‍ ചുമ്മാ അങ്ങ് കാറോടിച്ച് ക്യാശുണ്ടാക്കാമെന്ന മോഹം വേണ്ട. ഒന്നാമത്തെ കാര്യം ഈ വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇതില്‍ എന്തെങ്കിലും ഉടായിപ്പുണ്ടാകും എന്ന് കരുതിയെങ്കില്‍ അത് വേണ്ട. സംഗതി സത്യമാണ്. പക്ഷേ പരിപാടി അങ്ങ് അമേരിക്കയിലായതിനാല്‍ കടല്‍ കടക്കേണ്ടി വരുമെന്ന് മാത്രം. ലോകത്തിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയാണ് വേനല്‍ക്കാലത്ത് തങ്ങളുടെ കാറുകള്‍ ഓടിക്കാനായി ഡ്രൈവര്‍മാരെ തേടുന്നത്.

ബിസിനസ് ഇന്‍സൈഡറില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവി ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറിന് 18 മുതല്‍ 46 ഡോളര്‍ വരെ നല്‍കാന്‍ ടെസ്‌ല തയാറാണ്. 'ഉയര്‍ന്ന നിലവാരമുള്ള ഡാറ്റ' ശേഖരിക്കാനാണ് ടെസ്ല ഡ്രൈവര്‍മാരെ തിരയുന്നത്. മണിക്കൂറിന് ഉയര്‍ന്ന് തുക നല്‍കുന്നതിനൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും ആഗോള വാഹന ഭീമന്‍ തയാറാണ്. കമ്പനി യുഎസിലെ ജോബ് ലിസ്റ്റിംഗുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ വാഹനങ്ങളുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഡാറ്റ ശേഖരിക്കാന്‍ കമ്പനി ആളുകളെ തിരയുകയാണെന്ന് ടെസ്ലയുടെ പേസ്റ്റില്‍ പറയുന്നത്. മൂന്ന് മാസത്തേക്കായിരിക്കും ജോലി. രാത്രിയും പകലും ഷിഫ്റ്റുകളായായിരിക്കും ജോലി. ഏത് ജോലിക്കായാലും ചില മാനദണ്ഡങ്ങളോ അല്ലെങ്കില്‍ യോഗ്യതയോ കാണുമെല്ലോ. അത് എന്താണെന്നറിയാനാകും പലര്‍ക്കും ആകാംക്ഷ. ടെസ്‌ലയുടെ ടെസ്റ്റ് ഡ്രൈവര്‍ ജോലി ലഭിക്കാന്‍ ബിരുദമോ മറ്റോ ആവശ്യമില്ലെന്നതാണ് രസകരം.

പക്ഷേ ഉദ്യോഗാര്‍ത്ഥിയുടെ ഡ്രൈവിംഗ് റെക്കോര്‍ഡ് പക്കാ ക്ലീന്‍ ആയിരിക്കണം. കുറഞ്ഞത് 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ഓസ്റ്റിന്‍, ടെക്‌സസ്, ഡെന്‍വര്‍, കൊളറാഡോ എന്നിവക്കൊപ്പം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും നിയമനം. ഇതാദ്യമായല്ല ടെസ്‌ല ഇത്തരത്തില്‍ ക്യാഷ് കൊടുത്ത് ടെസ്റ്റ് ഡ്രൈവര്‍മാരെ നിയമിക്കുന്നതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കട്ടെ.
ഇത് കൂടാതെ സെല്‍ഫ് ഡ്രൈവിംഗ് പ്രോഗ്രാമിംഗ് മെച്ചപ്പെടുത്തുന്നതിനായി ടെസ്‌ല കസ്റ്റമേഴ്‌സില്‍ നിന്നുള്ള ഡേറ്റയും ശേഖരിക്കുന്നു. കസ്റ്റമര്‍ ഡേറ്റയേക്കാള്‍ ഉപരി കമ്പനി ടെസ്റ്റിംഗ് ഡേറ്റയെ കൂടുതല്‍ ആശ്രയിക്കുന്നുവെന്നതാണ് പുതുതായി കമ്പനി ടെസ്റ്റ് ഡ്രൈവര്‍മാരെ നിയമിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത്തരം ടെസ്റ്റുകള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാറുകള്‍ ഒരുപിടി സെന്‍സറുകള്‍ സജ്ജീകരിച്ചാണ് വരിക.
ലെഫ്റ്റ് ഹാന്‍ഡ് ടേണുകള്‍ അസാധാരണ ടേണുകള്‍ എന്നിവയെ കുറിച്ച് പഠിക്കും. ടെസ്‌ല കാറുകളുടെ ഓട്ടേണോമസ് രൈഡവിംഗ് എയ്ഡുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം പ്രവണതകളെ കുറിച്ച് മനസ്സിലാക്കാനാണ് ഇത്. ശേഖരിച്ച ഡാറ്റ ടെസ്ല പ്ലാന്റിലെ ഡാറ്റ ലേബലര്‍മാര്‍ അവലോകനം ചെയ്യുകയും ലേബല്‍ ചെയ്യുകയും ചെയ്യുന്നു. ഇത് തങ്ങളുടെ കാര്‍ നിര്‍മാണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുകയാണ് കമ്പനി ചെയ്യുന്നത്.
ടെസ്‌ലയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ടെസ്‌ല ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ച സജീവമാക്കിയിട്ടുണ്ട്. രാജ്യത്ത് ഒരു ഇലക്ട്രിക് വാഹന ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ഇന്‍വെസ്റ്റ്മെന്റ് പ്രപോസലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിവര്‍ഷം ഏകദേശം 5 ലക്ഷം ഇവികളുടെ ഉത്പാദനമാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപയിലായിരിക്കും ടെസ്ലയുടെ മോഡല്‍ നിര ആരംഭിക്കുകയെന്നാണ് സൂചനകള്‍. എന്നാല്‍ ടെസ്‌ല എഫക്ടിന്റെ ഫലമായി അവരുടെ ചൈനീസ് എതിരാളികളായ BYD ഇന്ത്യയില്‍ 1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഇന്ത്യയില്‍ ഇവി, ബാറ്ററി നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നതിനായി BYD നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








