വിമാനത്തെ കെട്ടിവലിച്ചു ടെസ്‌ല മോഡല്‍ എക്‌സ് — അമ്പരന്ന് കാര്‍ ലോകം
വൈദ്യുത കാറുകള്‍ക്ക് കരുത്തു കുറവാണെന്ന പൊതുധാരണ തിരുത്തി ടെസ്‌ല മോഡല്‍ എക്‌സ്. ബോയിംഗ് 787-9 ഡ്രീംലൈനര്‍ ജെറ്റിനെയും കെട്ടിവലിച്ചു ടെസ്‌ല മോഡല്‍ എക്‌സ് P100D നടന്നുകയറിയത് പുതിയ ഗിന്നസ് റെക്കോര്‍ഡിലേക്ക്. ബോയിംഗ് യാത്രാവിമാനം വിജയകരമായി കെട്ടിവലിച്ച ലോകത്തിലെ ആദ്യ വൈദ്യുത കാറായി ടെസ്‌ല മോഡല്‍ എക്‌സ് മാറി.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് കമ്പനിയായ ക്വാന്റസിന്റെ സഹകരണത്തോടെയാണ് ടെസ്‌ലയുടെ പുതിയ റെക്കോര്‍ഡ്. ബോയിംഗ് 787-9 ഡ്രീംലൈനര്‍ ജെറ്റിനെയും വലിച്ചു കൊണ്ടു നീങ്ങുന്ന മോഡല്‍ എക്‌സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

മെല്‍ബണ്‍ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ക്വാന്റസ് എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ യാത്രവിമാനത്തെയാണ് മിഡ്‌നൈറ്റ് സില്‍വര്‍ നിറത്തിലുള്ള മോഡല്‍ എക്‌സ് കെട്ടിവലിച്ചത്.

ഇതിനു മുമ്പ് ഈ സാഹസത്തിന് മുതിര്‍ന്നിട്ടുള്ളത് പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്, ഫോക്‌സ്‌വാഗണ്‍ ടൂറെങ്, ടാറ്റ ഹെക്‌സ പോലുള്ള ഏതാനും ചില എസ്‌യുവികള്‍ മാത്രം. എന്നാല്‍ ഇവരുടെയെല്ലാം ഒരുക്കം ആന്തരിക ദഹന എഞ്ചിനുകളാണ്.

ഇതേ കാരണം കൊണ്ടുതന്നെ വൈദ്യുത പവര്‍ട്രെയിനിലുള്ള ടെസ്‌ല മോഡല്‍ എക്‌സിന്റെ റെക്കോര്‍ഡ് വേറിട്ടുനില്‍ക്കുന്നു. സാധാരണയായി കൂടുതല്‍ ഭാരം വലിക്കാന്‍ വൈദ്യുത കാറുകള്‍ക്ക് കഴിവില്ല; ഭാരമേറിയ വസ്തുക്കള്‍ കെട്ടിവലിക്കുമ്പോള്‍ വൈദ്യുത മോട്ടോര്‍ അതിവേഗം ചൂടാകും.

ഈ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ അവിസ്മരണീയ നേട്ടം. ഏകദേശം 135 ടണ്‍ ഭാരമുണ്ട് ബോയിംഗ് 787-9 ഡ്രീംലൈനറിന്. എന്നാല്‍ യാതൊരു കിതപ്പും കൂടാതെ വിമാനത്തെ കെട്ടിവലിച്ചു നീങ്ങാന്‍ ഓള്‍ വീല്‍ ഡ്രൈവ് ടെസ്‌ല മോഡല്‍ എക്‌സിന് കഴിഞ്ഞു.

2.3 ടണ്‍ ഭാരം വരെ വഹിക്കാന്‍ കാറിന് സാധിക്കുമെന്ന ഉറപ്പോടെയാണ് മോഡല്‍ എക്‌സ് വിപണിയില്‍ എത്തുന്നത്. 100 kWh ബാറ്ററിയും ഡ്യൂവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് ടെസ്‌ല P100D -യില്‍. ഓരോ ആക്‌സിലിനും ഓരോ മോട്ടോര്‍ വീതമാണ് കാറിന്റെ ഘടന.

259 bhp കരുത്തും 329 Nm torque ഉം മുന്‍ ആക്‌സില്‍ മോട്ടോര്‍ ഉത്പാദിപ്പിക്കും. പിന്‍ ആക്‌സില്‍ മോട്ടോറിന് 503 bhp കരുത്തും 660 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 2.9 സെക്കന്‍ഡുകള്‍ മതി.

അതായത് ലോകോത്തര സൂപ്പര്‍കാറുകളുടെ വേഗത ടെസ്‌ല മോഡല്‍ എക്‌സിനുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വൈദ്യുത മോട്ടോറിന്റെ പ്രവര്‍ത്തനം. വൈദ്യുത മോട്ടോറില്‍ പരമാവധി ടോര്‍ഖ് ഞൊടിയിടയില്‍ സൃഷ്ടിക്കപ്പെടും.
എന്നാല്‍ നിശ്ചയിച്ച ആര്‍പിഎമ്മം നില കൈവരിച്ചാല്‍ മാത്രമെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പരമാവധി ടോര്‍ഖ് സൃഷ്ടിക്കാനാവുകയുള്ളു. ആര്‍പിഎം നില പൂജ്യത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ വൈദ്യുത മോട്ടോറില്‍ പരമാവധി ടോര്‍ഖ് ലഭിച്ചു തുടങ്ങും. നിലവില്‍ 75D, 100D, P100D എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ടെസ്‌ല മോഡല്‍ എക്‌സ് വിപണിയില്‍ എത്തുന്നത്.


Click it and Unblock the Notifications








