ഇലക്ട്രിക് കാറില്‍ പെട്രോളടിക്കാനൊരുങ്ങി യുവതി; ഇലോണ്‍ മസ്‌ക് പറഞ്ഞത് കേട്ടോ?
നമ്മള്‍ ഏറെ നാളായി ചെയ്ത് കൊണ്ടിരിക്കുന്ന ശീലങ്ങള്‍ അത്ര പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. വാഹനങ്ങളുടെ കാര്യത്തിലായാലും അത് വളരെ ശരിയാണ്. സിംപിളായി ഒരു ഉദാഹരണം പറഞ്ഞാല്‍ പഴയ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് ഇടത് കാലില്‍ ബ്രേക്കും വലതുകാലില്‍ ഗിയര്‍ പെഡലുമാണുള്ളത്.
ഇന്നത്തെ കാലത്തിറങ്ങുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് നേരെ തിരിച്ചാണ് ഗിയറും ബ്രേക്കും വരുന്നത്. സാധാരണ ബൈക്ക് ഓടിക്കുന്ന ശീലത്തില്‍ ഏതെങ്കിലും വിന്‍േറജ് ബുള്ളറ്റ് ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ഇന്ന് വാഹന വിപണി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്‌കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പിന്തള്ളി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ മുന്‍പന്തിയിലെത്തിക്കൊണ്ടിരിക്കുകയാണ്.

നമ്മള്‍ തുടക്കത്തില്‍ പറഞ്ഞപോലെ ശീലങ്ങളില്‍ നിന്ന് മാറുമ്പോള്‍ ബുദ്ധിമുട്ടുന്ന ഒരുകൂട്ടരാണ് ഇലക്ട്രിക് കാര്‍ ഉടമകള്‍. അതിന്റെ ഉദാഹരണമാണ് ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോ. ശതകോടീശ്വരനാായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ കമ്പനിയാണ് ടെസ്‌ല. ടെസ്ല മോഡല്‍ Y കാര്‍ ഉടമ തന്റെ ഇലക്ട്രിക് ക്രോസ്ഓവറില്‍ പെട്രോള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ വാഹനത്തില്‍ ഫ്യൂവല്‍ ക്യാപ്പ് കാണാത്തതിനെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലാകുന്നതുമാണ് വൈറല്‍ വീഡിയോയില്‍ കാണാനാവുന്നത്.
പുതിയ സങ്കേതികവിദ്യയുമായി ഇണങ്ങിച്ചേരാന്‍ യുകെയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വീഡിയോ വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. 22 കാരിയായ ഡാനിയേല റൈറ്റ് ആണ് വൈറല്‍ വീഡിയോയിലെ താരം. ഒരു പെട്രോള്‍ പമ്പിലേക്ക് തന്റെ ടെസ്ല മോഡല്‍ Y കൊണ്ടുപോയ ഡാനിയേല വാഹനത്തിന്റെ ഫ്യുവല്‍ ഫില്ലര്‍ ക്യാപ് തപ്പിക്കൊണ്ടിരിക്കുന്നത് നമുക്ക് ആ ട്വിറ്റര്‍ വീഡിയോയില്‍ കാണാം.
ഇന്ധനം നിറയ്ക്കുന്ന ഫ്യുവല്‍ നോസല്‍ കയ്യില്‍ വെച്ച് കൊണ്ടാണ് 22 കാരി ഇവിയുടെ ചുറ്റും ഫില്ലര്‍ ക്യാപ് തപ്പുന്നത്. എന്നാല്‍ എത്ര തിരഞ്ഞിട്ടും ഫ്യുവല്‍ റീഫില്‍ ക്യാപ് അവള്‍ക്ക് കാണാന്‍ പറ്റിയില്ല. അത് പെട്രോള്‍ ഉപയോഗിച്ചോടുന്ന കാറല്ല മറിച്ച് ഇലക്ട്രിക് വാഹനമാണെന്ന് ചുറ്റുമുള്ളവര്‍ ഓര്‍മിച്ചപ്പോള്‍ ആണ് യുവതിക്ക് കാര്യം പിടികിട്ടിയത്. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറി.
ഇതിനോടകം 40 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോക്ക് നേടാനായത്. ചിലര്‍ യുവതിയുടെ പ്രവര്‍ത്തിയെ മണ്ടത്തരമെന്ന് പറഞ്ഞ് കളിയാക്കി. എന്നാല്‍ ചിലര്‍ ഈ വീഡിയോ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എടുത്ത ഒന്നാണെന്ന് ആരോപിക്കുന്നുണ്ട്. ഒടുവില്‍ വൈറല്‍ വീഡിയോ ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെയും ശ്രദ്ധയിലുമെത്തി. ട്വിറ്റര്‍ പോസ്റ്റിലൂടെ മസ്‌ക് യുവതിയെ ന്യായീകരിക്കുന്നുണ്ട്.
കാലാകാലങ്ങളായി ഇത് സംഭവിക്കുന്നുവെന്നും ശീലങ്ങള്‍ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ലെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. പുതിയ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയുമായി ഇനിയും ആളുകള്‍ താദാത്മ്യം പ്രാപിച്ച് വരാനുണ്ടെന്നും ടെസ്ല സിഇഒ സൂചിപ്പിച്ചു. വീഡിയോ എടുത്ത സമയം തന്റെ പക്കലുണ്ടായിരുന്ന ടെസ്‌ല കാര്‍ പുതിയതാണെന്നും ഫ്യുവല്‍ സ്റ്റേഷനില്‍ പെട്രോള്‍ കാറുകളില്‍ ഇന്ധനം നിറയ്ക്കുന്ന ശീലത്തില്‍ അറിയാതെ ചെയ്ത് പോയതാണെന്നും ഡാനിയേല ഡെയ്‌ലി സ്റ്റാറിനോട് പ്രതികരിച്ചു.
ടെസ്‌ലയുമായി ബന്ധപ്പെട്ട് ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് പ്രതീക്ഷയുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ അടുത്തകാലത്തായി പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം കാണിച്ച് വീണ്ടും രംഗത്ത് വന്നു. ഇന്ത്യയില്‍ ടെസ്‌ല എവിടെ പുതിയ ഫാക്ടറി സ്ഥാപിക്കണമെന്ന കാര്യം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തീരുമാനിക്കുമെന്ന് മസ്‌ക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലേക്ക് കമ്പനി വരുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ചത്, എന്നാല്‍ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ആദ്യ ശ്രമം അവസാനിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടെസ്‌ല വീണ്ടും ഇന്ത്യയില്‍ കാലുകുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications








