ആദ്യം ജോലി, പിന്നെ ശമ്പളം; ഇലോൺ മസ്കിന് കണ്ടകശനി
ട്വിറ്റർ ഏറ്റെടുത്ത ശേഷം നടത്തുന്ന പരിഷ്കാരങ്ങളുടെ തിരക്കിൽ നിൽക്കുന്ന ഇലോൺ മസ്കിന് ടെസ്‍ല കേസ് തലവേദനയായികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയിൽ, സ്ഥാപകൻ കൂടിയായ മസ്കിന്റെ പ്രതിഫലം സംബന്ധിച്ച കേസിൽ വിചാരണ 14ന് തുടങ്ങും.

കമ്പനിയിൽ മുഴുവൻ സമയ സേവനമനുഷ്ഠിക്കാതെ 5600 കോടി ഡോളർ (4.58 ലക്ഷം കോടിയിലേറെ രൂപ) ശമ്പളം മസ്കിനു നൽകുന്ന പാക്കേജ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെസ്‍ലയുടെ ഓഹരിയുടമകളിലൊരാളാണു മസ്കിനെതിരെ കേസു കൊടുത്തത്.

ചൊവ്വയിൽ മനുഷ്യവാസമെന്ന സ്പേസ് എക്സ് സ്വപ്നപദ്ധതിക്കു പണം കണ്ടെത്താനാണ് ടെസ്‍ലയിൽനിന്നു മസ്ക് വൻ തുക പ്രതിഫലം പറ്റുന്നത് എന്നതാണ് സത്യം. ട്വിറ്റർ ഏറ്റെടുക്കുന്നതിനായി ചെലവഴിച്ച 4400 കോടി ഡോളർ (3.60 ലക്ഷം കോടി രൂപ) മസ്ക് മിക്കവാറും കണ്ടെത്തിയതും ടെസ്‍ല ഓഹരികളിൽനിന്നാണ് ഇതിനോടകം മനസിലായി കാണുമല്ലോ.

ഏറെ കാലമായി ഇന്ത്യയിലെ വാഹന പ്രേമികൾ കാത്തിരിക്കുകയാണ് ടെസ്‌ലയെ. എന്നാൽ പല കാരണങ്ങളാലും കമ്പനിയുടെ വരവ് ഏറെ വൈകുകയാണ്. ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്നതാണ് അമേരിക്കക്കാരെ ഇത്രയും ജനപ്രിയമാക്കിയത്.

ടെസ്ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ 2019 മുതൽ തന്നെ ഉടമസ്ഥനായ എലോൺ മസ്‌ക് നീക്കം നടത്തിവരികയാണ്. നിലവിൽ 100 ശതമാനം ഡ്യൂട്ടിയിൽ നിൽക്കുന്ന സിബിയു ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകളുടെ നികുതി കുറയ്ക്കുന്നതിനായി മസ്‌ക് സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. കാർ ഇന്ത്യയിലെത്തിക്കാൻ ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്നാണ് മസ്ക് അറിയിച്ചത്.

ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള സാധ്യത നിർണയിക്കാൻ പൂർണമായും ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഉപയോഗിച്ച് വിപണി പ്രതികരണം പരിശോധിക്കാനാണ് കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്.

ഇവികളുടെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള ടെസ്‌ലയുടെ ആഹ്വാനത്തിന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എന്നിവയുൾപ്പെടെ കുറച്ച് കാർ നിർമാതാക്കളിൽ നിന്ന് വൻ പിന്തുണയും ലഭിച്ചിരുന്നു. നിലവിൽ ഹ്യുണ്ടായി കോന ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുമുണ്ട്.

അത് പ്രാദേശികമായി അസംബിൾ ചെയ്തതാണ്. കൂടാതെ ഉടൻ തന്നെ പൂർണമായും ഇറക്കുമതി ചെയ്ത അയോണിക് 5 ഇലക്‌ട്രിക് കാർ കമ്പനിയുടെ ശ്രേണിയിലേക്ക് ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും തുടർന്ന് കുറച്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിക്കുന്ന ഇവി പുറത്തിറക്കാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കുറച്ചുകാലമായി ടെസ്‌ലയെ പ്രാദേശിക നിർമാണത്തിനായി പ്രേരിപ്പിച്ചുവരികയാണ്. ടെസ്‌ല ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി ബ്രാൻഡിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും മന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും അത്തരമൊരു പ്രതിബദ്ധതയ്ക്ക് മുമ്പ് ഇറക്കുമതി ചെയ്ത കാറുകൾ ഉപയോഗിച്ച് പരീക്ഷിക്കാനാണ് ടെസ്‌ല ഇപ്പോഴും ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications








