ട്രംപ് കേറിയതോടെ ശുക്രനുദിച്ചത് ടെസ്‌ലയ്ക്ക്! മാനം മുട്ടെ വളർച്ചയിലേക്ക് ഇലോൺ മസ്ക്
ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ എന്ന നമ്മുടെ പഴഞ്ചൊല്ല് അമേരിക്കൻ പ്രസിഡന്റ് ട്രംപും കേട്ടിരിക്കാം എന്ന് പ്രതക്ഷിക്കുന്നു. അതിനാൽ തന്നെ താൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ തനിക്ക് അകമഴിഞ്ഞ് പിന്തുണ നൽകിയ ഇലോൺ മസ്കിനും വളർച്ചയുടെ പാത തുറന്നിരിക്കുകയാണ് എന്ന് നിസംശയം പറയാം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ വിപണിമൂല്യം ഇപ്പോൾ ഒരു ലക്ഷം കോടി ഡോളര്‍ (ഏകദേശം 84 ലക്ഷം കോടി രൂപ) പിന്നിട്ടിരിക്കുകയാണ്. മുകലിൽ സൂചിപ്പിച്ചതുപോലെ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം വൻ മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 29 ശതമാനം വരെയാണ് ഇതിലുണ്ടായ വര്‍ധന എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുമ്പ് 2022 ഏപ്രിലിനുശേഷം ആദ്യമായാണ് ടെസ്‌ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് ഇലോൺ മസ്കിനും ടെസ്‌ലയ്ക്കും വളരെ സന്തോഷകരമായ നേട്ടമാണ്.

ടെസ്‌ല എന്ന ഇവി കമ്പനിയില്‍ 13 ശതമാനം ഓഹരികളാണ് നിലവിൽ മസ്‌കിനുള്ളത്. ഏകദേശം 13,000 കോടി ഡോളറാണ് ഈ ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം. ഇത് കൂടാതെ, മറ്റൊരു ഒന്‍പത് ശതമാനം ഓഹരികള്‍ മസ്‌കിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്.
ഇപ്പോൾ ഉണ്ടായ ടെസ്‌ല ഓഹരി വിലയിലെ ഈ കുതിപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തികളുടെ മൂല്യം 30,000 കോടി ഡോളര്‍ (25.3 ലക്ഷം കോടി രൂപ) പിന്നിട്ടിരിക്കുകയാണ്. പ്രശത്സമായ ഫോബ്‌സ്, ബ്ലൂംബെര്‍ഗ് എന്നിവയുടെ ശതകോടീശ്വര പട്ടികയില്‍ ഒന്നാമതുള്ളതും മസ്‌ക് തന്നെയാണ്.

ഈ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അകമഴിഞ്ഞ പിന്തുണയാണ് ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തത്. ഇതിനുള്ള പ്രത്യുപകാരമായി മസ്‌കിന് അനുകൂലമായി ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറിന് അനുമതി നല്‍കുന്നതില്‍ ട്രംപ് നടപടികൾ എടുക്കും എന്ന പ്രതീക്ഷകളാണ് ടെസ്‌ല ഓഹരികളിലെ ഈ വമ്പൻ കുതിപ്പിനു പിന്നിലെ കാരണം.
കഴിഞ്ഞ ആഴ്ച മാത്രം ടെസ്‌ലയുടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ 29 ശതമാനം വരുന്ന 23,000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. S & P 500 സൂചികയില്‍ ഒരുലക്ഷം കോടി ഡോളറിനു മുകളില്‍ ഏഴു കമ്പനികള്‍ മാത്രമാണുള്ളത് എന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ ടെസ്‌ല തങ്ങളുടെ ഡ്രൈവറില്ല റോബോ ടാക്സിയും റോബോ വാനും പ്രദർശിപ്പിച്ചിരുന്നു. സ്റ്റിയറിംഗും ആക്സിലേറ്റർ, ബ്രേക്ക് പെഡലുകൾ ഒന്നുമില്ലാത്ത ഒരു ഓട്ടോണമസ് സെൽഫ് ഡ്രൈവിംഗ് മോഡലാണിത്. ലോകത്തെ ടാക്സി, മൊബിലിറ്റി സർവ്വീസുകളെ അടുത്ത ഒരു തലത്തിലേക്ക് ഇവ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.
എന്നിരുന്നാലും ഇവയ്ക്ക് അനുമതി ലഭിക്കാൻ പല കടമ്പകളും ടെസ്‌ലയ്ക്ക് കടക്കേണ്ടി വരും എന്ന് പ്രദർശനത്തിന് പിന്നാലെ വന്ന മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഒട്ടനവധി ടെസ്റ്റുകളും റെഗുലേഷനുകളും കമ്പനി പാലിക്കേണ്ടത് അനിവാര്യമാണ്. ഈ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടേയും റോഡിലെ മറ്റ് യാത്രക്കാരേയും സുരക്ഷ കമ്പനി ഉറപ്പാക്കുകയും വേണം.
അത്ര നിസാരമല്ലാത്ത ഈ കാര്യങ്ങൾ എല്ലാം ക്രമീകരിച്ച് അനുമതി നേടിയെടുക്കുക എന്നത് എളുപ്പമല്ല, എന്നിരുന്നാലും തന്നെ പിന്തുണച്ച മസ്കിനെ ഒന്നു തിരിച്ച് സഹായിക്കാം എന്ന് ട്രംപ് മനസുവെച്ചാൽ ഈ പദ്ധതികൾ എല്ലാം തന്നെ അധികം താമസിയാതെ തന്നെ നടപ്പാവുകയും, നമുക്ക് ഉടനടി തന്നെ ഡ്രൈവറില്ലാ കാറുകളിൽ സഞ്ചരിക്കാനാവും.


Click it and Unblock the Notifications