ടൊയോട്ടയ്ക്കിത് നിസാരം, ചെളിയിൽ താഴ്ന്ന ബസിന് രക്ഷകനായി ഹൈലക്‌സ്
വാഹനം കെട്ടിവലിക്കുന്ന വീഡിയോകൾ ഒരുപാട് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്, എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റാരുമല്ല, അത് ടൊയോട്ടയുടെ ഹൈലക്സ് ആണ്. കഴിഞ്ഞ വർഷമാണ് ടൊയോട്ട തങ്ങളുടെ ജനപ്രിയ പിക്കപ്പ് ട്രക്കായ ഹൈലക്സ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആരാധകർ കാത്തിരുന്ന മോഡലായിരുന്നത് കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഒരു ഹൈലക്സ് ഉടമ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വാഹനമുടമയും സുഹൃത്തുക്കളും ചിക്കമംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് വഴിയിൽ നിന്ന് തെന്നിമാറി കുടുങ്ങി കിടക്കുന്ന ഒരു ബസ് ശ്രദ്ധയിൽപ്പെട്ടത്. അപകടം പറ്റിയതായിരുന്നില്ല പകരം വീലുകൾ ചെളിയിൽ താഴ്ന്ന് പോയത് കാരണം കുടുങ്ങിക്കിടന്നതായിരുന്നു. ബസിൻ്റെ ടയറുകൾ റിയർ വീൽ ഡ്രൈവ് ആയത് കൊണ്ട് തന്നെ ചെളിയിൽ നിന്ന് പുറത്ത് കടക്കാനുളള ട്രാക്ഷൻ ലഭിക്കുന്നില്ലായിരുന്നു. ഹൈലക്സ് അങ്ങോട്ട് ചെല്ലുകയും ബസിൽ നിന്ന് ഒരു കയർ വാഹനത്തിലേക്ക് കെട്ടുകയും ചെയ്തു.

ഹൈലക്സ് വളരെ അനായാസം മുന്നോട്ട് നീങ്ങുകയും പിന്നാലെ ബസ് ചെളിയിൽ നിന്ന് മെല്ലെ പുറത്തേക്ക് വരുന്നതും കാണാൻ സാധിക്കും. നിരവധി ഓഫ് റോഡ് പ്രേമികൾ വർഷങ്ങളായി വിപണിയിൽ ആഗ്രഹിക്കുന്ന ഒരു എസ്‌യുവിയായിരുന്നു ഇത്. ഏത് ദുർഘട പാതകളും, ഏത് പ്രതിബന്ധങ്ങളും വളരെ നിസാരമായി കടക്കാന സാധിക്കുമെന്ന് തെളിയിച്ച വാഹനമാണ് ഹൈലക്സ്.
ടൊയോട്ടയുടെ കാളകൂറ്റനായ ഹൈലക്‌സ് 4×4 പിക്കപ്പ് ട്രക്കിനെ ഇന്ത്യൻ ആർമി തങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ചേർത്തിരിക്കുകയാണ്. വിവിധ സാധ്യതയുള്ള വാഹനങ്ങളെ താരതമ്യം ചെയ്ത് ആർമിയുടെ ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി നടത്തിയ കർശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് ജാപ്പനീസ് ലൈഫ്-സ്റ്റൈൽ പിക്കപ്പിനെ സൈന്യത്തിലെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ടൊയോട്ട ഹൈലക്‌സ് 4×4 പിക്കപ്പ് ട്രക്ക് ഇതിനകം നിലവിലുള്ള ടാറ്റ സഫാരി സ്റ്റോം, മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്, മറ്റ് 4×4 എസ്‌യുവികൾ എന്നിവയോടൊപ്പെം ഇനി സേവനമനുഷ്ഠിക്കും. വാഹനത്തിന്റെ ഏതാനും യൂണിറ്റുകൾ ടൊയോട്ട സൈന്യത്തിന് കൈമാറുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണിപ്പോൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ കരസേനയുടെ ആവശ്യകതകൾ വാഹനം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സൈന്യത്തിന്റെ സാങ്കേതിക മൂല്യനിർണയ സമിതി സൂക്ഷ്മമായ വിലയിരുത്തൽ പ്രക്രിയ നടത്തുകയുണ്ടായി.
ഏതു കുന്നും മലയും താണ്ടാൻ കഴിവുള്ള ഫോർച്യൂണർ എസ്‌യുവിയുടെ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന്റെ ഹൃദയം. മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 204 bhp പവറിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm torque വരെ നൽകും. ഫോർച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈലക്‌സിന് 4×4 ശേഷിയുണ്ട്.
ഹൈ-ലോ ട്രാൻസ്ഫർ കേസും ടൊയോട്ടയുടെ A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഹൈലക്‌സിനെ വേറെ ലെവലിൽ എത്തിക്കുന്നുണ്ട്. ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഓഫ്റോഡിംഗ് ശേഷി വർധിപ്പിക്കുന്നുമുണ്ട്. നിരവധി ഫീച്ചറുകളാൽ നിറഞ്ഞ പുതിയ ടൊയോട്ട ഹിലക്‌സ് ഒരു ആഡംബര ഡ്രൈവിംഗ് അനുഭവം തന്നെയാണ് പ്രദാനം ചെയ്യുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ), എൽഇഡി ടെയിൽ ലാമ്പുകൾ എന്നീ സവിശേഷകളും കാണാനാവും.
കൂടാതെ പിൻ ബമ്പറിൽ ക്രോം ബാർ, ക്രോം ബെൽറ്റ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, പവർ ഫോൾഡബിൾ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ എന്നിവയും ഹൈലൈറ്റുകളാണ്. ഹൈലക്സ് യാത്രക്കാർക്ക് ലെതർ സീറ്റുകൾ, 8-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, രണ്ടാം നിര എസി വെന്റുകൾ, 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടിഎഫ്ടി മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, യുവി കട്ട് ഗ്ലാസ് എന്നീ ഫീച്ചറുകളും നൽകുന്നുണ്ട്.


Click it and Unblock the Notifications








