ഓട്ടോറിക്ഷകള്‍: ഒരു മൂന്നാംലോക ജീവിതത്തിന്റെ കഥ

By Santheep

ഇടത്തരക്കാരുടെ മീഡിയയില്‍ പിടിച്ചുപറിക്കാരായി മാത്രം ചിത്രീകരിക്കപ്പെടാറുള്ള ഒരു കൂട്ടരാണ് ഓട്ടോറിക്ഷക്കാര്‍. നഗരങ്ങളില്‍ വന്നുപാര്‍ക്കേണ്ടി വരുന്ന ദരിദ്രന്റെ അതിജീവനശ്രമങ്ങളെയാണ് നമ്മള്‍ പിടിച്ചുപറിയായി മനസ്സിലാക്കാറുള്ളത്. ഓലയ്ക്കും, ഷീ ടാക്‌സിക്കും, മേരുവിനും ഉബറിനുമെല്ലാം മുമ്പ് നമുക്കാകെയുണ്ടായിരുന്ന ആശ്രയമായിരുന്നു ഓട്ടോറിക്ഷകള്‍. ഇന്ത്യയടക്കമുള്ള മൂന്നാലോകരാജ്യങ്ങള്‍ വളര്‍ച്ചയുടെ പാതയിലേക്ക് സഞ്ചരിച്ചത് ഓട്ടോറിക്ഷകള്‍ പോലെയുള്ള ചെറുവാഹനങ്ങളില്‍ കയറിയായിരുന്നു എന്നത് നമ്മള്‍ മറക്കാന്‍ പാടുള്ളതല്ല.

മൂന്നാംലോകങ്ങളിലെമ്പാടും പടര്‍ന്നുകയറിയ ഒന്നാണ് ഓട്ടോറിക്ഷാ ഇതിഹാസം. എന്തെന്തെല്ലാം കഥകള്‍ ഈ വാഹനത്തിന് നമ്മോടു പറയാനുണ്ടാകും എന്നോര്‍ത്തു നോക്കൂ. ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഓട്ടോറിക്ഷകളുടെ ഇതിഹാസമാനമായ ജീവിതത്തെക്കുറിച്ചാണ്.

വേരുകള്‍

വേരുകള്‍

ദക്ഷിണേഷ്യയിലെമ്പാടും നമ്മളിന്നു കാണുന്ന ഓട്ടോറിക്ഷകളുടെ ഡിസൈന്‍ വരുന്നത് 1957ല്‍ പുറത്തിറങ്ങിയ ദെയ്ഹാട്‌സു മിഡിജെറ്റ് എന്ന ത്രീ വീലര്‍ മിനി ട്രക്കില്‍ നിന്നാണെന്നു പറയാം. ഇതിനു മുമ്പുതന്നെ വെസ്പയുടെ സ്‌കൂട്ടറുകള്‍ നിരത്തുകളിലെത്തിയിരുന്നു എന്നോര്‍ക്കണം. ഓട്ടോറിക്ഷകളുടെ അടിസ്ഥാന ഡിസൈന്‍ പഴയ കാലത്തെ വെസ്പ മോഡലുകളില്‍ നിന്നാണെന്ന് വാദിക്കാവുന്നതാണ്. വെസ്പ സ്‌കൂട്ടറിന് മേല്‍ക്കൂര ഘടിപ്പിച്ചതു പോലെയാണ് ഓട്ടോറിക്ഷയുടെ ഡിസൈന്‍. എന്തായാലും തുടക്കം മുതല്‍ ഇതുവരെ ഓട്ടോറിക്ഷയുടെ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നു കാണാം. ലോകത്തിലെ ഏറ്റവും പ്രിയം നേടിയ വാഹന ഡിസൈനുകളിലൊന്നായി ഓട്ടോറിക്ഷകള്‍ ഇപ്പോഴും നിലകൊള്ളുന്നു.

Photo credit: Wiki Commons/Mytho88

പലനാടുകളില്‍ പലപേരുകളില്‍

പലനാടുകളില്‍ പലപേരുകളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ ഓട്ടോറിക്ഷകള്‍ വില്‍ക്കപ്പെടുന്നുണ്ട്. ടുക് ടുക്, ബേബി ടാക്‌സി, മോട്ടോടാക്‌സി, ലാപ, സമോസ, ടുക്‌സി തുടങ്ങി രസകരമായ നിരവധി പേരുകളുണ്ട് ഓട്ടോറിക്ഷയ്ക്ക്. മധ്യേഷ്യ, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, കരീബിയന്‍ നാടുകള്‍, മധ്യ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ വാഹനത്തിന്റെ സാന്നിധ്യമുണ്ട്.

വിലക്കുറവുള്ള ജീവിതോപാധി

വിലക്കുറവുള്ള ജീവിതോപാധി

വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മികച്ചൊരു ജീവിതോപാധിയായിട്ടാണ് ഓട്ടോറിക്ഷകളെ സാമാന്യജനങ്ങള്‍ കാണുന്നത്. 1.3 ലക്ഷത്തിനും 1.8 ലക്ഷത്തിനുമിടയില്‍ ഒരു ഓട്ടോറിക്ഷ സ്വന്തമാക്കാം ഇന്ത്യയില്‍. ഇവ തവണവ്യവസ്ഥയില്‍ സ്വന്തമാക്കുന്നവരാണ് അധികവും. പത്തുനാനൂറ് രൂപ ചെലവിട്ടാല്‍ ഒരു ഓട്ടോറിക്ഷ പെര്‍മിറ്റ് സ്വന്തമാക്കാവുന്നതാണ്. എന്നാല്‍, ഓട്ടോക്കാരെ പിഴിഞ്ഞു കാശുണ്ടാക്കുന്ന നമ്മുടെ ബ്യൂറോക്രസി വ്യവസ്ഥയില്‍ ഇത് ആയിരങ്ങളായി മാറുന്നു. ഇതേ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയാല്‍ ഓട്ടോക്കാരെ തെറി വിളിക്കുന്നവരുടെ സംഘടത്തില്‍ ചേരുന്നതായി കാണാം.

Photo credit: Flickr/Daniel Mennerich

ഓട്ടോക്കാരുടെ സമ്പാദ്യം

ഓട്ടോക്കാരുടെ സമ്പാദ്യം

മാസത്തില്‍ പതിനയ്യായിരമെങ്കിലും സമ്പാദിക്കുന്നവരാണ് ഓട്ടോക്കാര്‍ എന്ന് ഓണ്‍ലൈന്‍ ബുജികള്‍ അഭിപ്രായപ്പെടുന്നതു കാണാം. മെയിന്റനന്‍സും എണ്ണച്ചെലവുമെല്ലാം കഴിഞ്ഞാല്‍ ദിവസം 250 രൂപയില്‍ക്കൂടുതല്‍ ഒരു ഓട്ടോക്കാരനും സമ്പാദിക്കുന്നില്ലെന്നു കാണാം. ഈ പണം കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചാലും മിഡില്‍ ക്ലാസ് ബുജികള്‍ക്ക് ഉത്തരം കാണും. സ്വന്തം ജീവിതത്തിനപ്പുറത്ത് മറ്റൊന്നിനും പ്രാധാന്യം നല്‍കാതിരിക്കാന്‍ നമുക്കുള്ള ശേഷി എത്രയും വലുതാണ്!

Photo credit: Flickr/bratboy76

എങ്കിലും മുമ്പില്‍ത്തന്നെ!

എങ്കിലും മുമ്പില്‍ത്തന്നെ!

നഗരത്തില്‍ എവിടെത്തിരിഞ്ഞാലും കാണപ്പെടുന്ന ഓട്ടോറിക്ഷകളോളം ജനപ്രിയത കൈവരിക്കാന്‍ പുതിയ സോ കോള്‍ഡ് 'റേഡിയോ കാബ് വിപ്ലവ'ത്തിന് സാധിച്ചിട്ടില്ല. വന്‍ നഗരങ്ങളില്‍ 50,000ത്തില്‍ കുറയാത്ത എണ്ണം ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്ക്. കുറെക്കൂടി ചെറിയ നഗരങ്ങളില്‍ 15,000 മുതല്‍ 30,000 വരെ ഓട്ടോറിക്ഷകള്‍ കാണും!

Photo credit: Flickr/Sidddd

എന്‍ജിനും മറ്റും

എന്‍ജിനും മറ്റും

ബജാജ് ഓട്ടോയാണ് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോറിക്ഷ നിര്‍മാതാവ്. ബജാജ് ആര്‍ഇ മോഡലാണ് ഇവരുടെ പ്രധാന മോഡല്‍. വിദേശങ്ങളിലേക്കും ഈ വാഹനം കയറ്റി അയയ്ക്കപ്പെടുന്നു. ഉയര്‍ന്ന സന്നാഹങ്ങളോടു കൂടിയ കോംപാക്ട് 4എസ് സിഎന്‍ജി വേരിയന്റില്‍ ഘടിര്രിച്ചിരിക്കുന്നത് 200 സിസി ശേഷിയുള്ള എന്‍ജിനാണ്. 12 കുതിരശക്തി ഉള്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 13.2 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.

...എന്‍ജിനും മറ്റും

...എന്‍ജിനും മറ്റും

ടിവിഎസ് കിങ് ആണ് വിപണിയിലെ മറ്റൊരു പ്രധാനി. ഈ വാഹനത്തിലും 200സിസിയുടെ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 7.38 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ഒരു 4 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോടൊപ്പം. ലിറ്ററിന് 20 മുതല്‍ 25 കിലോമീറ്റര്‍ മൈലേജ് വരെ നല്‍കാന്‍ ഈ വാഹനത്തിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍.

സ്‌പോര്‍ടി ഓട്ടോമാറ്റിക് ഓട്ടോകള്‍!

സ്‌പോര്‍ടി ഓട്ടോമാറ്റിക് ഓട്ടോകള്‍!

തായ്‌ലന്‍ഡുകാര്‍ മറ്റേതു കാര്യത്തിലുമെന്ന പോലെ ഓട്ടോക്കാര്യത്തിലും ഭ്രാന്തമായ തീരുമാനങ്ങളുള്ളവരാണ്. 550 മുതല്‍ 700 വരെ സിസി ശേഷിയുള്ള ഓട്ടോറിക്ഷകളാണ് തായ്‌ലന്‍ഡ് നിരത്തുകളില്‍ ഓടുന്നത്. നമ്മുടെ ടാറ്റ നാനോയോളം പോരുന്ന കരുത്ത്! ദെയ്ഹാട്‌സു ആണ് ഇവിടുത്തെ പ്രധാന ഓട്ടോറിക്ഷ നിര്‍മാതാവ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വരെ ഘടിപ്പിച്ച് ഓട്ടോകളെത്തുന്നു. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും. ഡിസ്‌ക് ബ്രേക്കുകളും ആന്റി റോള്‍ ബാറുകളുമെല്ലാം ഓട്ടോകളിലുണ്ട്.

Photo credit: Wiki Commons/Ilya Plekhanov

ഇന്ത്യയിലെ ഓട്ടോകള്‍...

ഇന്ത്യയിലെ ഓട്ടോകള്‍...

രണ്ടു തരമാണ്. പെട്രോള്‍, സിഎന്‍ജി/എല്‍പിജി ഇന്ധന പതിപ്പുകള്‍. ടൂ സ്‌ട്രോക്ക്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ വേരിയന്റുകളില്‍ വാഹനം ലഭിക്കുന്നു. നിറങ്ങള്‍ എല്ലായിടത്തും ഏകീകരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും ഓരോ വിധത്തിലാണിവ.

മീറ്ററിടാമോ?

മീറ്ററിടാമോ?

ഇതൊരു ശല്യമാണ് ഓട്ടോക്കാര്‍ക്ക്. വല്ലതും കൈയില്‍ തയണമെങ്കില്‍ മീറ്ററിലോടിയാല്‍ ശരിയാവില്ല. മീറ്ററിലോടിയാല്‍ കുടുംബം നോക്കാന്‍ പ്രയാസമാണെന്ന് ഓട്ടോക്കാര്‍ പറയുന്നു. ബങ്കളുരു പോലെയുള്ള ചെലവേറിയ നഗരങ്ങളില്‍ ഇത് ശരിയാവാനേ വഴിയുള്ളൂ. ശരാശരി 25 രൂപയാണ് മിക്ക നഗരങ്ങളിലും മിനിമം ചാര്‍ജ്. പതിനൊന്നോ പന്ത്രണ്ടോ രൂപ കിലോമീറ്റര്‍ ചാര്‍ജ്.

Photo credit: Flickr/Shubhojit Ghose

മോഡിഫിക്കേഷന്‍

മോഡിഫിക്കേഷന്‍

ഓട്ടോറിക്ഷകള്‍ ലോകത്തില്‍ ഏറ്റവുമധികം മോഡിഫിക്കേഷന്‍ 'ബലാല്‍സംഗ'ത്തിന് വിധേയമാകുന്ന വാഹനങ്ങളിലൊന്നാണ്. ഇവിടെ കോളിന്‍ ഫര്‍സ് മോഡിഫൈ ചെയ്ത ഓട്ടോ കാണുക. ലോകത്തിലെ ഏറ്റവും കരുത്തേറിയ ഓട്ടോറിക്ഷയാണിതെന്നു പറയാം. 600 കുതിരശക്തിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 100 കുതിരകളുടെ കരുത്ത് പകരും ഈ എന്‍ജിന്‍. വണ്ടിയുടെ വശങ്ങളില്‍ എകെ47 തോക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു!

ഓട്ടോസിനിമകള്‍

ഓട്ടോസിനിമകള്‍

ഓട്ടോക്കാരെ ആദര്‍ശവല്‍ക്കരിച്ചു കൊണ്ടുള്ള നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇവയുണ്ടാക്കിയതിനെക്കാള്‍ വലിയ തരംഗമാണ് മറ്റു നാടുകളില്‍ സംഭവിച്ചിട്ടുള്ളത്. കന്നഡയില്‍ പുറത്തിറങ്ങിയ ഓട്ടോരാജാ എന്ന സിനിമയ്ക്ക് ഇപ്പോഴും ഓട്ടോക്കാര്‍ക്കിടയില്‍ ഒരു കള്‍ട്ട് ഫോളോവേഴ്‌സ് തന്നെയുണ്ടെന്നു കാണാം. ഈ പടത്തിലെ നായകനായ ശങ്കര്‍ നാഗിന്റെ പടം ഒട്ടിച്ച ഓട്ടോറിക്ഷകളും നിരത്തുകളിലുണ്ട്. മലയാളത്തില്‍ ഏയ് ഓട്ടോ എന്ന പടം വന്‍ ഹിറ്റാിയിരുന്നു. ബോളിവുഡില്‍ ഈയിടെ പുറത്തിറങ്ങിയ മേരെ ബ്രദര്‍കി ദുല്‍ഹാന്‍ എന്ന ഇര്‍ഫാന്‍ ഖാന്‍-കത്രിന കൈഫ് പടവും ഒരുദാഹരണമാണ്. ഓട്ടോസിനിമകളെപ്പറ്റി പറയുമ്പോള്‍ ഒരു കാരണവശാലും വിട്ടുപോകാന്‍ പാടില്ലാത്ത പടമാണ് രജിനികാന്തിന്റെ ബാഷ.

ഓട്ടോറിക്ഷകളുടെ ഭാവി?

ഓട്ടോറിക്ഷകളുടെ ഭാവി?

റേഡിയോ കാബുകളുടെ വരവ് ഓട്ടോറിക്ഷകളെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് പറഞ്ഞുകൂടാ. എങ്കിലും മഹാഭൂരിപക്ഷം ഇന്നും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന്റെ ഇടുങ്ങിയ തെരുവുകള്‍ക്ക് ഏറ്റവും അനുയോജ്യം ഓട്ടോകള്‍ തന്നെയാണ് എന്നതിനാല്‍ ഈ വാഹനങ്ങള്‍ ഇനിയും നിലനിന്നേക്കും. പല ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും ഓട്ടോറിക്ഷകളെക്കൂടി കൂട്ടത്തില്‍ കൂട്ടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം മനസ്സിലാക്കാവുന്നകത്, ഇന്നത്തെ അതേ വ്യവസ്ഥയിലാവില്ല ഭാവിയില്‍ ഓട്ടോറിക്ഷകള്‍ ഓടുക എന്നാണ്. ഈ രംഗം കൂടുതല്‍ കോര്‍പറേറ്റ്‌വല്‍ക്കരിക്കപ്പെടും. ഇലക്ട്രിക് ഓട്ടോറിക്ഷകളായിരിക്കും ഭാവിയുടെ മറ്റൊരു സാധ്യത.

More from DriveSpark

Article Published On: Monday, June 22, 2015, 8:04 [IST]
English summary
The story of auto rickshaws.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X