'ചതിയില്‍ വഞ്ചന പാടില്ല'; മോഷ്‌ടിച്ച കാര്‍ 3 ദിവസത്തിനകം മടക്കി നല്‍കാമെന്ന് പറഞ്ഞ കള്ളന്‍മാര്‍ പിടിയില്‍
മോഷ്ടിച്ച കാര്‍ മൂന്ന് ദിവസത്തിനകം തിരികെ നല്‍കാമെന്ന വാഗ്ദാനത്തോടെ കവര്‍ന്ന 'നല്ലവനായ' കള്ളനെ കുറിച്ചുള്ള വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അസമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയതല്ലാത കള്ളന്‍ കാര്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്‍ പൊലീസ് വീണ്ടെടുത്തു നല്‍കി.
കഴിഞ്ഞ മാസമാണ് അസമിലെ ദരാംഗ് ജില്ലയിലെ മംഗള്‍ദായ് പട്ടണത്തില്‍ നിന്ന് മാരുതി സുസുക്കി ബ്രെസ കാര്‍ മോഷണം പോയത്. ഉടമയ്ക്ക് 3 ദിവസത്തിനുള്ളില്‍ കാര്‍ തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന രീതിയില്‍ കുറിപ്പ് എഴുതിവെച്ചാണ് കള്ളന്‍ മുങ്ങിയത്. എന്നാല്‍ മോഷ്ടാവ് വാഹനം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് അസം പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ഇതിനിടെയാണ് മലയോര മേഖലയിലെ റോഡിലൂടെ മോഷണം പോയ ബ്രെസ കാര്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തൊട്ടുപിന്നാലെ പൊലീസ് കള്ളന്‍മാര്‍ക്ക് പിന്നാലെ പാഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ വാഹനം റോഡരികിലെ കാറുകളിലും മരങ്ങളിലും മറ്റും ഇടിച്ചതായി വീഡിയോയില്‍ കാണാം. വാഹനം കാട്ടിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ മോഷ്ടാക്കളെ പൊലീസ് വലയിലാക്കി.
എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ മാരുതി ബ്രെസ എസ്‌യുവിക്ക് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അബ്ദുല്‍ അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള AS 01 FL 7552 എന്ന നമ്പരിലുള്ള ബ്രെസയാണ് മോഷ്ടിക്കപ്പെട്ടത്. അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നായിരുന്നു മോഷ്ടാക്കള്‍ കാര്‍ കവര്‍ന്നത്. വീട്ടില്‍ കിടക്ക് അരികിലെ മേശയില്‍ വെച്ചിരുന്ന താക്കോല്‍ കവര്‍ന്ന കള്ളന്‍മാര്‍ കൂടെ കുറച്ച് പണവും അപഹരിച്ചതായി അബ്ദുല്‍ അസീസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം കാര്‍ തിരികെ നല്‍കാമെന്നും പൊലീസിനെ വിവരം അറിയിച്ചാല്‍ കാര്‍ തിരികെ ലഭിക്കില്ലെന്നുമായിരുന്നു കള്ളന്‍മാര്‍ ഉപേക്ഷിച്ചുപോയ കുറിപ്പില്‍ എഴുതിയിരുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് കാര്‍ മോഷണം വളരെ കൂടി വരികയാണ്. ഓരോരുത്തരും ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ വാഹനം അന്യന്‍മാര്‍ അപഹരിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന വേദന വളരെ കൂടുതലാണ്. അതിനാല്‍ തന്നെ കാര്‍ മോഷണം തടയാന്‍ നമ്മളെ കൊണ്ട് സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം.
കാര്‍ മോഷ്ടാക്കള്‍ പലപ്പോഴും വാഹനം പാര്‍ട്‌സുകളാക്കി വില്‍ക്കാറാണ് പതിവ്. ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങള്‍ അയല്‍രാജ്യമായ നേപ്പാളിലടക്കം കൊണ്ടുപോയാണ് വില്‍ക്കാറ്. അതിനാല്‍ വണ്ടി മോഷണം പോയതിന് ശേഷമുള്ള ഏതാനും മണിക്കൂറുകള്‍ വളരെ പ്രധാനമാണ്. കാറിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചാല്‍ അത് അന്വേഷണത്തിന് ഏറെ ഗുണം ചെയ്യും. അത്തരം സാഹചര്യത്തിലാണ് ജിപിഎസ് ഉപകാരപ്പെടുക.
ഇന്ന് ചില വിലകൂടിയ കാറുകള്‍ ഫാക്ടറി ഫിറ്റഡ് ജിപിഎസ് സുരക്ഷാ സംവിധാനങ്ങളോടെയാണ് വരുന്നത്. എന്നാലും ഇത് അധികം കാറുകളിലും ലഭ്യമല്ല. കാര്‍ ഉടമകള്‍ക്ക് അവരുടെ കാറിന്റെ തത്സമയ ലൊക്കേഷന്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉപകരണം വാങ്ങി ഫിറ്റ് ചെയ്യുന്നത് സുരക്ഷ വര്‍ധിപ്പിക്കും. ഇതിന് പുറമെ മോഷണം തടയാന്‍ വേറെയും ഉപകരണങ്ങള്‍ നമുക്ക് വാങ്ങി കാറില്‍ ഘടിപ്പിക്കാം.
കാര്‍ തുറന്ന് അതിന്റെ നിയന്ത്രണം അധീനപ്പെടുത്താന്‍ ഒത്തിരി സമയം എടുക്കുമെന്ന് കണ്ടാല്‍ കള്ളന്‍മാര്‍ മോഷണത്തില്‍ നിന്ന് പിന്‍മാറാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഗിയര്‍ ലോക്ക്, സ്റ്റിയറിംഗ് ലോക്ക് എന്നിവ കാറില്‍ ഫിറ്റ് ചെയ്യുന്നത് ഉപകാരപ്പെടും. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സുരക്ഷിതമായ ഇടമില്ലാത്തതിനെ തുടര്‍ന്ന് റോഡരികിലും മറ്റും നിര്‍ത്തിയിടുന്നവര്‍ നല്ല വെളിച്ചമുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതും ബുദ്ധിയാകും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ മോഷണം ഒരു പരിധി വരെ തടയാനാകും.


Click it and Unblock the Notifications








