ഓല സ്‌കൂട്ടര്‍ തട്ടിപ്പ്; ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ ദിവസമാണ് ഓല ഇലക്ട്രിക്കിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി 1000-ത്തിലേറെ പേരില്‍ നിന്നായി കോടികള്‍ തട്ടിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയാന്‍ പോകുന്നത്.

ഓല ഇലക്ട്രിക് എന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഓല സ്‌കൂട്ടറുകളുടെ ബുക്കിംഗുകള്‍ക്കും മറ്റ് പര്‍ച്ചേസ് ഫോര്‍മാലിറ്റികളും ഓണ്‍ലൈനായാണ് തുടക്കം മുതല്‍ ചെയ്ത് വന്നിരുന്നത്. ഇപ്പോഴാണ് അവര്‍ ഷോറും മാതൃകയില്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറന്നത്.

വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കെണിയില്‍ പെടുന്ന ഇരകളോട് ആദ്യം രജിസ്‌ട്രേഷനായി 499 രൂപ അടയ്ക്കാനാണ് സംഘം ആവശ്യപ്പെടുന്നത്. പിന്നീട് ഗതാഗതത്തിനും വാഹന ഇന്‍ഷുറന്‍സിനുമായി പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ കാലതാമസം നേരിടുമെന്നും അവരെ ഇരകളെ തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ 11 പേര്‍ ബിഹാറില്‍ നിന്നുള്ളവരും നാല് പേര്‍ തെലങ്കാനയില്‍ നിന്നുള്ളവരും മൂന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും രണ്ട് പേര്‍ കര്‍ണാടകക്കാരുമാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന ആദ്യ സംഭവമല്ല ഓല സ്‌കൂട്ടറുമായി ബന്ധപ്പെട്ട തട്ടിപ്പ്. ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓല ഇലക്ട്രിക്, സിമ്പിള്‍ എനര്‍ജി തുടങ്ങിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വളരെ കൂടുതലാണ്.

ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ആദ്യമായി ഓണ്‍ലൈനില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ വാഹന നിര്‍മാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ബ്രൗസ് ചെയ്യുന്നതെന്ന കാര്യം ഉറപ്പ് വരുത്തുക.

റിസര്‍വേഷന്‍ ടോക്കണ്‍ തുകയ്ക്ക് പുറമെ മറ്റ് പേയ്മെന്റുകളൊന്നും വാഹന നിര്‍മാതാക്കള്‍ സാധാരണയായി ആവശ്യപ്പെടില്ല. ഗതാഗത ചെലവുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ നിങ്ങള്‍ കമ്പനിക്ക് അടയ്ക്കുന്ന അന്തിമ തുകയിലാണ് ഉള്‍പ്പെടുത്തുന്നത്. ഇവിടെ ഓലയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ സംഭവിച്ച പോലെ ഇവ പ്രത്യേകം ആവശ്യപ്പെടില്ല.

ഇടപാട് നടന്നയുടന്‍ ഒരു ഓണ്‍ലൈന്‍ രസീത് ജനറേറ്റ് ചെയ്യുകയും ഉപഭോക്താവിന്റെ ഇമെയില്‍ ഐഡിയിലേക്ക് കൈമാറുകയും ചെയ്യും. ഇതിന്റെ വിശദാംശങ്ങള്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററുകളുമായുള്ള കോളിലൂടെ പരിശോധിക്കാവുന്നതാണ്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്‍ഷുറന്‍സ്, ചരക്ക് നീക്കത്തിനുള്ള കൂലി എന്നിവയുടെ പേരില്‍ 60,000 മുതല്‍ 70,000 രൂപ വരെ കൈമാറാന്‍ സംഘാംഗങ്ങള്‍ തട്ടിപ്പിനിരയായവരോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

30,998 രൂപ നഷ്ടപ്പെട്ടതായി ഒരാള്‍ പരാതി നല്‍കിയതോടെയാണ് വന്‍ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിയുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. സംഘത്തിലെ ബംഗളൂരു സ്വദേശികളാണ് ഓലയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയത്.

ഇരകള്‍ വ്യാജ വെബ്‌സൈറ്റുകളില്‍ അവരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തയുടന്‍ മൊബൈല്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ സംഘാംഗങ്ങളുമായി പങ്കികയായിരുന്നു.

ആദ്യം അറസ്റ്റിലായ കര്‍ണാടക സ്വദേശിയില്‍ നിന്നാണ് വന്‍ സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികളില്‍ നിന്ന് ഏഴ് ലാപ്‌ടോപ്പുകള്‍, 38 സ്മാര്‍ട്ട്‌ഫോണുകള്‍, 25 ഫീച്ചര്‍ ഫോണുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സ്മാര്‍ട്ട് വാച്ചുകള്‍, 114 സിം കാര്‍ഡുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.


Click it and Unblock the Notifications








