സണ്‍റൂഫിന് പുറത്ത് നിന്ന് യാത്ര ചെയ്യരുതെന്ന് പറയുന്നത് ഇതാണ്; Kia Carnival യാത്രക്കാർക്ക് സംഭവിച്ചത് കാണൂ...
ഇന്ന് ഇന്ത്യന്‍ കാറുകളില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറാണ് സണ്‍റൂഫ് എന്നത്. ഇന്ന് ഹാച്ച്ബാക്കുകളിലും എസ്‌യുവികളിലും ഇലക്ട്രിക് സണ്‍റൂഫും പനോരമിക് സണ്‍റൂഫും സാധാരണമായി മാറിയിട്ടുണ്ട്.

തന്റെ കാറില്‍ സണ്‍റൂഫ് വേണമെന്ന് ആവശ്യപ്പെടുന്ന ഒരു കസ്റ്റമറിനോട് അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. ഓടുന്ന വാഹനത്തില്‍ സണ്‍റൂഫ് തുറന്ന് പുറത്തെ കാഴ്ചകള്‍ കാണ്ടുകൊണ്ട് സഞ്ചരിക്കാനാണെന്ന് പലരും മറുപടി പറയും. സോഷ്യല്‍ മീഡീയ കൂടുതല്‍ പ്രചാരത്തിലായതോടെ ഇത്തരം വീഡിയോകള്‍ പകര്‍ത്തി തന്റെ വാളില്‍ പങ്കുവെക്കാന്‍ വേണ്ടിയും കൂടിയാണിത്.

എന്നാല്‍ ഇത് എത്ര അപകടകരമാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ഓടുന്ന കാറിന്റെ സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് നില്‍ക്കുന്നത് എത്ര അപകടകരമായ പ്രവര്‍ത്തിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലേറ്റസ്റ്റ് കാര്‍ അപ്‌ഡേറ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഈ വീഡിയോയില്‍ ഇടുങ്ങിയ റോഡിലൂടെ പോകുന്ന കിയ കാര്‍ണിവല്‍ കാര്‍ കാണാം. സണ്‍റൂഫിന് പുറത്ത് രണ്ട് പേര്‍ നില്‍ക്കുന്നുണ്ട്. വിപണിയിലുള്ള മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമായി കിയ രണ്ട് വ്യത്യസ്ത ഇലക്ട്രിക് സണ്‍റൂഫുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്‍വശത്തെ സണ്‍റൂഫിലാണ് രണ്ട് പേര്‍ തല പുറത്തേക്കിട്ട് നില്‍ക്കുന്നത്.

ഡ്രൈവര്‍ മാന്യമായ വേഗതയിലാണ് എംപിവി മുന്നോട്ട് എടുത്ത് ഓടിക്കുന്നത്. സണ്‍റൂഫില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് നിന്ന് ചിലര്‍ പകര്‍ത്തുന്നുണ്ട്. പോസ് ചെയ്ത് കൊണ്ട് കൈവീശിയാണ് ഒരാള്‍ വരുന്നത്. എന്നാല്‍ പിന്നീടാണ് 'ട്വിസ്റ്റ്'.

കാര്‍ വീഡിയോ പകര്‍ത്തുന്നവര്‍ക്ക് സമീപം എത്തിയതിന് പിന്നാലെ ഡ്രൈവര്‍ വേഗത വര്‍ദ്ധിപ്പിച്ചു. ക്യാമറ ക്രോസ് ചെയ്ത ശേഷം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയും ചെയ്തു. എന്നാല്‍ സണ്‍റൂഫിന് പുറത്ത് നിന്നവര്‍ ഇതൊന്നും പ്രതീക്ഷിച്ചില്ല. വാഹനത്തിന്റെ ഒരു ഭാഗത്തും പിടിക്കാത്തതിനാല്‍ അവരുടെ മുഖം കാര്‍ണിവലിന്റെ റൂഫില്‍ ചെന്ന് ശക്തിയായി ഇടിച്ചു.

വീഡിയോയുടെ ദൈര്‍ഘ്യം കുറവാണെങ്കിലും അത് നല്‍കുന്ന സന്ദേശം വലുതാണ്. ഈ സംഭവത്തില്‍ സണ്‍റൂഫിന്റെ പുറത്ത് നിന്ന യുവാക്കള്‍ക്ക് എന്തായാലും ചെറിയ രീതിയിലെങ്കിലും പരിക്കേറ്റിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. എങ്കിലും റൂഫില്‍ നിന്നവര്‍ക്ക് സാരമായ പരിക്കില്ല എന്നാണ് പ്രതീക്ഷ.
സണ്‍റൂഫ് ഉപയോഗിച്ച് എന്തുചെയ്യരുതെന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു സംഭവമാണ് ഈ വീഡിയോ. റൂഫില്‍ തല ഇടിച്ചവരുടെ മുഖം നിങ്ങള്‍ക്ക് വ്യക്തമായി കാണാം. എന്താണ് സംഭവിച്ചതെന്നറിയാതെ അയാള്‍ പകച്ചുപോയിട്ടുണ്ട്. കാര്‍ നല്ല വേഗത്തിലാണ് ഓടിച്ചിരുന്നതെങ്കില്‍ സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്ന ആളുകള്‍ തെറിച്ച് വീഴാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് വലിയ ദുരന്തമായേനെ.

സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്നത് അപകടത്തിനിരയാക്കിയ നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഴിയില്‍ തൂങ്ങിക്കിടക്കുന്ന പട്ടച്ചരടുകള്‍ കഴുത്തില്‍ കരുങ്ങി മുറിവേറ്റ സംഭവമാണ് അതില്‍ ഒന്ന്. അത് പോലെ നമ്മുടെ നാട്ടില്‍ ധാരാളം കേബിളുകള്‍ റോഡിന് കുറുകെയും മറ്റും പോകുന്നുണ്ട്. ഇതും അപകടത്തിന് ഇടയാക്കാം.

ഇന്ന് പല ബജറ്റ് കാറുകളിലും ഇലക്ട്രിക് സണ്‍റൂഫുകള്‍ ഒരു ഫീച്ചറായി മാറിയിരിക്കുന്നു. കാറിന്റെ മൊത്തം രൂപഭാവം തന്നെ പൂര്‍ണ്ണമായി മാറ്റുന്നതിനാല്‍ ഇത് നല്ലൊരു ഫീച്ചറായി നമുക്ക് പറയാന്‍ പറ്റും. വിന്‍ഡോസ് തുറക്കാതെ തന്നെ ക്യാബിനിലേക്ക് കൂടുതല്‍ ശുദ്ധവായു എത്തിക്കാന്‍ സണ്‍റൂഫ് നമ്മളെ സഹായിക്കുന്നു.

വിന്‍ഡോ തുറക്കുന്നത് ചിലപ്പോള്‍ പൊടി അകത്ത് കയറുകയും ശബ്ദമുണ്ടാകുകയും ചെയ്യും. നിങ്ങള്‍ക്ക് കാറിന് ഡാര്‍ക്ക് ഇന്റീരിയറാണെങ്കില്‍ സണ്‍റൂഫ് ക്യാബിന്‍ കൂടുതല്‍ വായുസഞ്ചാരമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ സണ്‍റൂഫിന്റെ ഉപയോഗം കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാരും ശ്രമിക്കുക.


Click it and Unblock the Notifications








