ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
നമ്മളില്‍ അധികമാളുകളും ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ്. എന്നാല്‍ ട്രെയിന്‍ യാത്രക്കിടെ നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റ് ടിക്കറ്റ് ഇല്ലാത്തവര്‍ കൈയ്യേറുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കുമറിയില്ല. ഈ വിഷയം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച യാത്രക്കാരന് റെയില്‍വേ ഇതുസംബന്ധിച്ച് മറുപടി നല്‍കിയിട്ടുണ്ട്. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ആയിരക്കണക്കിന് യാത്രക്കാര്‍ തങ്ങളുടെ ചെറുതും വലുതുമായ യാത്രകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന റെയില്‍വേ സംവിധാനം രാജ്യത്തിന്റെ ജീവനാഢികളില്‍ ഒന്നാണെന്ന് തന്നെ പറയാം. കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്ര സാധ്യമാകുന്നതിനാല്‍ ആയിരക്കണക്കിനാളുകളാണ് ദിവസവും ട്രെയിനില്‍ സഞ്ചരിക്കുന്നത്. ട്രെയിനുകള്‍ക്ക് റിസര്‍വ്ഡ്, അണ്‍ റിസര്‍വ്ഡ് എന്നിങ്ങനെ രണ്ട് തരം കോച്ചുകള്‍ ഉണ്ട്.

എന്നാല്‍ റിസര്‍വ് കോച്ചുകള്‍ പരിമിതമായിരിക്കും. എന്നാല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ പരിധിയില്ലാതെ വിറ്റഴിക്കും. എല്ലാ ദിവസവും ഓടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെയും തിരക്കേറിയ റൂട്ടിലുള്ള വണ്ടികളുടെയും അണ്‍റിസര്‍വ്ഡ് കോച്ചുകളില്‍ കാലുകുത്താന്‍ ഇടമുണ്ടാകില്ല. ജനറല്‍ ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകള്‍ കോച്ച് നോക്കാതെ തന്നെ റിസര്‍വ്ഡ് കോച്ചുകളില്‍ കയറിപ്പറ്റും. സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക.
സമാധാനമായി യാത്ര ചെയ്യാനായി മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കൊരുങ്ങുന്നവര്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ ആലോചിച്ച് നോക്കു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമെല്ലാം പോകുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വരുന്നു. എസി കംപാര്‍ട്‌മെന്റുകള്‍ വരെ ഇത്തരത്തില്‍ യാത്രക്കാര്‍ കൈയ്യേറിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

കേരളം വിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിയാല്‍ റിസര്‍വ്ഡ് കോച്ച് പോലും ജനറല്‍ കോച്ചാകുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ബാബു ഭയ്യ എന്ന എക്‌സ് (മുമ്പ് ട്വിറ്റര്‍) യൂസര്‍ തനിക്കുണ്ടായ ദുരനുഭവം മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. ഭുജ്-ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ഈ ട്രെയിനിലെ S5 കോച്ചിലാണ് ബാബു യാത്ര ചെയ്തിരുന്നത്.
അഹമ്മദാബാദ് ജംഗ്ഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് യാത്രക്കാരന്‍ പോസ്റ്റില്‍ പറയുന്നത്. റിസര്‍വേഷന്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ സീറ്റുകള്‍ കൈയ്യേറുകയും ഇടനാഴികള്‍ തിങ്ങിനിറയുകയും ചെയ്തതോടെ താനും കുടുംബവും ഏറെ ബുദ്ധിമുട്ടിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ ഫോട്ടോ സഹിതം ഇന്ത്യന്‍ റെയില്‍വേസിനെയും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്ത് എക്‌സില്‍ പോസ്റ്റിടുകയായിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ അക്കൗണ്ടായ റെയില്‍വേ സേവ ഈ പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ സൂചിപ്പിച്ചു. സംഭവത്തില്‍ നടപടിയെടുക്കാന്‍ പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ 139 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരം സാഹച്യത്തില്‍ യാത്രക്കാര്‍ക്ക് 'റെയില്‍ മദദ്' എന്ന വെബ്‌സൈറ്റ് മുഖേനയും പരാതി നല്‍കാവുന്നതാണ്.
ബാബു ഭയ്യയുടെ എക്‌സ് പോസ്റ്റ് 13 ലക്ഷത്തിലധികമാളുകളിലെത്തി. എങ്കിലും റെയില്‍വേയുടെ മറുപടിയില്‍ നെറ്റിസണ്‍സ് തൃപ്തരല്ല. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ സീറ്റുകള്‍ കൈയ്യേറുന്ന സംഭവം കൂടി വരികയാണെന്നും എസി ടിക്കറ്റെടുത്താല്‍ പോലും രക്ഷയില്ലെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് മൂക്കുകയറിടാന്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇനി മുതല്‍ ദീര്‍ഘദൂര യാത്രകളില്‍ നിങ്ങളുടെ റിസര്‍വ്ഡ് സീറ്റ് ആരെങ്കിലും കൈയ്യേറിയാല്‍ റെയില്‍ മദദില്‍ പരാതിപ്പെടുകയോ 139 നമ്പറില്‍ വിളിക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് ട്രെയിന്‍ യാത്രകളില്‍ ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടോ?. ഉത്തരം അതെ എന്നാണെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








