നിങ്ങളുടെ വീട്ടിൽ സോളാർ പാനലുണ്ടോ, എങ്കിൽ ഇവി ചാർജ് ചെയ്യാനുള്ള വഴി പറഞ്ഞു തരാം
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലിരിക്കുകയാണോ, നിങ്ങളുടെ വീട്ടിൽ സോളാർ പാനലുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ഇലക്ട്രിക് വാഹനം വാങ്ങാം. വാഹനം ചാർജ് ചെയ്യുന്നതെങ്ങനെയെന്നും വൈദ്യുതി എങ്ങനെ ഉണ്ടാകുന്നുവെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങാം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വൈദ്യുതിയെയാണ് ഡയറക്ട് കറൻ്റ് എന്ന് വിളിക്കുന്നത്. ഈ വൈദ്യുതി ഇൻവേർട്ടർ എന്ന ഉപകരണത്തിലൂടെ കടത്തി വിട്ട് ആൾട്ടർനേറ്റിംഗ് കറൻ്റ് ആക്കിയാണ് കാറിൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നത്.
ഇനി നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും. ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്. ഇനി ശ്രദ്ധിക്കേണ്ടത് പകൽ സമയത്ത് ചാർജ് ചെയ്യാനാണ്.

നിങ്ങളുടെ സോളാർ യൂണിറ്റിൽ നിങ്ങളുടെ കാറിന് വേണ്ടി ചാർജ് സൂക്ഷിക്കാനുളള സംവിധാനമുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അത് പുതിയതായി ഘടിപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ സോളാർ പാനലിനൊപ്പം ബാറ്ററി സ്‌റ്റോറേജ് ഉണ്ടെങ്കിൽ, നിങ്ങളുടെ സോളാർ പാനലുകൾക്ക് നിങ്ങളുടെ ബാറ്ററി സ്‌റ്റോറേജ് ടോപ്പ്-അപ്പ് ചെയ്യാം. രാത്രിയിൽ പോലും സുര്യപ്രകാശമുണ്ടായിരുന്നപ്പോൾ ശേഖരിച്ച് വച്ച് ഊർജ്ജം ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.
8-12 പാനലുകളുളള സോളാർ പാനൽ സിസ്റ്റത്തിന് 1 മുതൽ 4 കിലോവാട്ട് പവർ വരെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതാണ്, ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ ഇത് മതിയാകും, എന്നിരുന്നാലും ചാർജ് ചെയ്യുന്ന സമയം നിങ്ങളുടെ ഇലക്ട്രി വാഹനത്തിൻ്റെ ബാറ്ററിയുടെ വലുപ്പത്തെയും നിലവിലെ അവസ്ഥയെയും ആശ്രയിച്ചിരിക്കും.

വൈദ്യുതി ഉപയോഗത്തിൽ നിങ്ങൾക്ക് വലിയ ലാഭം കൈവരിക്കാൻ സാധിക്കും. തുടക്കത്തിൽ സോളാർ പാനലുകൾ സജ്ജീകരിക്കുന്നതിൻ്റെ ചിലവുകൾ അടച്ചുകഴിഞ്ഞാൽ, ഓരോ തവണയും നിങ്ങളുടെ കാർ ചാർജ് ചെയ്യുന്നതിൽ നിങ്ങൾക്ക് വലിയ തുക ചിലവാകുന്നില്ല എന്നതാണ് സത്യം. വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയാൽ അത് ഒട്ടും തന്നെ അധിക ചിലവായിരിക്കില്ല എന്ന് ചുരുക്കം.
വീട്ടിൽ സോളാർ പാനലുകൾ ഇല്ലാത്തവർ വിഷമിക്കേണ്ട, ഇവി ചാർജിങ്ങിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








