ഇതൊക്കെയാണ് മോനെ ഭാഗ്യം...! ബിരിയാണി കഴിച്ചപ്പോള്‍ കിട്ടിയത് 7 ലക്ഷം രൂപയുടെ നിസാന്‍ കാര്‍
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ബിരിയാണി. മലയാളികളുടെയും തീന്‍മേശയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമായി ബിരിയാണി മാറിയിട്ടുണ്ട്. ബിരിയാണി ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍, യോഗങ്ങള്‍ അങ്ങനെ ആളുകള്‍ കൂടുന്ന ഏത് പരിപാടിയിലെയും ഹോട്ട് ഫേവറിറ്റുകളില്‍ ഒന്ന് ബിരിയാണി ആയിരിക്കും.
കുഴി മന്തിയടക്കം പല അറേബ്യന്‍ ഭക്ഷണങ്ങളും അടുത്ത കാലത്തായി കളംനിറഞ്ഞിട്ടുണ്ടെങ്കിലും ബിരിയാണിയുടെ തട്ട് താണ് തന്നെ ഇരിക്കും. അതിന് തെളിവാണ് കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നായി ബിരിയാണി മാറിയത്. ഭക്ഷണപ്രിയരായ ആളുകളുടെ ഫേവറിറ്റാണ് ബിരിയാണി. എന്നാല്‍ ബിരിയാണി കഴിച്ച് ഒരു കാര്‍ സമ്മാനമായി നേടാനായാലോ?. സംഭവം സത്യമാണ് കേട്ടോ.

ആന്ധ്രാപ്രദേശിലെ പുണ്യനഗരങ്ങളിലൊന്നാണ് തിരുപ്പതി. ഹൈദരാബാദ് സ്‌റ്റൈല്‍ ദം ബിരിയാണി ലോക പ്രശസ്തമാണ്. പ്രായ, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരമാണ് ബിരിയാണി. ഈ ഒരു സാഹചര്യം മുതലെടുക്കാനാണ് തിരുപ്പതി നഗരത്തിലുള്ള റോബോ ഹോട്ടല്‍ ആണ് ഉപഭോക്താക്കള്‍ക്കായി കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മത്സരം പ്രഖ്യാപിച്ചത്. ഭക്ഷണം കഴിക്കുന്നവര്‍ക്ക് നല്‍കുന്ന കൂപ്പണില്‍ നിന്ന് ഒരു ഭാഗ്യശാലിക്ക് ഒരു കാര്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു ഹോട്ടല്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.
അത്തരത്തില്‍ ബിരിയാണി കഴിച്ച് ഒരു നിസാന്‍ മാഗ്‌നൈറ്റ് കാര്‍ സമ്മാനമായി നേടിയിരിക്കുകയാണ് രാഹുല്‍ എന്നയാള്‍. ആകെ 23,000 കൂപ്പണുകളാണ് ലക്കിഡ്രോയുടെ ഭാഗമായി കിട്ടിയത്. ഇതില്‍ നിന്നാണ് ഏഴുലക്ഷം രൂപ വിലയുള്ള നിസാന്‍ എസ്‌യുവി രാഹുലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ 31-നായിരുന്നു നറുക്കെടുപ്പ്. ഞായറാഴ്ച രാത്രി ഹോട്ടല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഉടമ ഭരത് കുമാര്‍ റെഡ്ഡിയും ഭാര്യ നീലിമയും ചേര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്.

പുതുവര്‍ഷം ഏതായാലും രാഹുലിന് ഭാഗ്യം കൊണ്ടുവന്നു. ഹോട്ടല്‍ ഉടമ തന്നെ വിജയിയായ രാഹുലിനെ സന്തോഷവാര്‍ത്ത വിളിച്ച് അറിയിക്കുകയായിരുന്നു. ആശംസകള്‍ അറിയിച്ച ശേഷം രാഹുലിന് അവര്‍ കാര്‍ കൈമാറുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് നിസാന്‍ മാഗ്നൈറ്റ്.
3-ഡ്യുവല്‍ ടോണ്‍, 5-മോണോടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടെ 4 വേരിയന്റുകളില്‍ നിസാന്‍ മാഗ്‌നൈറ്റ് വാങ്ങാനാകും. 5 പേര്‍ക്ക് ഈ കാറില്‍ സുഖമായി യാത്ര ചെയ്യാനാകും. നിസാന്‍ മാഗ്നൈറ്റ് എസ്യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ bhp പവറും 96 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

അതേസമയം 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. ലിറ്ററിന് 17.40 മുതല്‍ 20 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത അവകാശപ്പെടുന്നുണ്ട്. ഈ കാറിന് 336 ലിറ്റര്‍ ബൂട്ട് സ്‌പേസുമുണ്ട്.
8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ജെബിഎല്‍ സ്പീക്കറുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300, റെനോ കൈഗര്‍ എന്നീ മോഡലുകളോടാണ് നിസാന്‍ മാഗ്‌നൈറ്റ് മത്സരിക്കുന്നത്. നിലവില്‍ നിസാന്‍ മാഗ്നൈറ്റിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില വെറും 6 ലക്ഷം രൂപയാണ്. അതേസമയം ടോപ് വേരിയന്റിന് 11.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.


Click it and Unblock the Notifications








