'ഗോട്ട്' സിനിമയിലെ വൈറൽ നമ്പർപ്ലേറ്റ് ഒടുവിൽ വിജയ്‌യുടെ കൈകളിൽ! പരിവാഹൻ വഴി ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
സിനിമയില്‍ ഒരു പ്രവചനം എന്ന പോലെ കാണിച്ച സീന്‍ ഏതാനും മാസങ്ങള്‍ക്കിപ്പുറം യാഥാര്‍ത്ഥ്യമായതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ-രാഷ്ട്രീയ ലോകം. 'TN 07 CM 2026' എന്ന വൈറല്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഈ അപൂര്‍വ്വ സമ്മാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ് അഭിനയിച്ച 'GOAT' (ഗോട്ട്) എന്ന സിനിമയിലെ ഒരു സീനിലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് കാറില്‍ ഈ പ്രത്യേക നമ്പര്‍ പ്ലേറ്റ് കാണിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന ഡിഎംകെയെ വീഴ്ത്തി വിജയ്‌യുടെ ടിവികെ അധികാരം പിടിച്ചതിന് പിന്നാലെ ഗോട്ടിലെ ഈ സീന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഗോട്ട് സിനിമയുടെ സംവിധായകനായ വെങ്കട്ട് പ്രഭുവാണ് സിനിമയില്‍ ഉപയോഗിച്ച അതേ നമ്പര്‍ പ്ലേറ്റ് ഇപ്പോള്‍ നേരിട്ടെത്തി മുഖ്യമന്ത്രി വിജയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ നിമിഷത്തിന്റെ ചിത്രങ്ങള്‍ സംവിധായകന്‍ വെങ്കട്ട് പ്രഭു തന്റെ ഔദ്യോഗിക എക്സ് (X) ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

'ഒരു ചിന്തയില്‍ നിന്നും ദര്‍ശനത്തില്‍ നിന്നും തുടങ്ങിയ ഈ നിമിഷം ചരിത്രമായി മാറിയിരിക്കുന്നുവെന്നും, ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിക്കുകയുണ്ടായി. സര്‍ക്കാര്‍ പോര്‍ട്ടല്‍ പരിശോധിച്ചപ്പോള്‍, ഈ പ്രത്യേക നമ്പര്‍ 2018 ജനുവരി മാസത്തില്‍ ഇഷ്യൂ ചെയ്ത ഒരു ഹോണ്ട സിബി ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ക്ക് എങ്ങിനെ ഇഷ്ടമുള്ള ഫാന്‍സി നമ്പര്‍ സ്വന്തമാക്കാം എന്നതിനെ കുറിച്ച് നമുക്ക് പരിശോധിക്കാം.
ഒന്നാം ഘട്ടം: പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
നിങ്ങളുടെ വാഹനത്തിന് ഇഷ്ടമുള്ള ഫാന്‍സി അല്ലെങ്കില്‍ വിഐപി രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ . കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള https://fancy.parivahan.gov.in എന്ന വെബ്സൈറ്റ് വഴിഅപേക്ഷിക്കേണ്ടതുണ്ട്. രാജ്യത്ത് പ്രത്യേക വാഹന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ അനുവദിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ചിട്ടുള്ള ഏക ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഇതാണ്. വായനക്കാര്‍ വ്യാജ വെബ്സൈറ്റുകളില്‍ വീഴാതെ ഔദ്യോഗി വെബ്‌സൈറ്റ് ലിങ്ക് വഴി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
രണ്ടാം ഘട്ടം: നമ്പര്‍ ലഭ്യമാണോ എന്ന് പരിശോധിക്കുക
ഔദ്യോഗിക പോര്‍ട്ടലില്‍ കയറിയ ശേഷം സംസ്ഥാനം, നിലവിലുള്ള ആര്‍ടിഒ ഓഫീസ്, ഏത് വിഭാഗത്തില്‍പ്പെട്ട വാഹനം എന്നിവ കൃത്യമായി തിരഞ്ഞെടുക്കണം. ഇതിന് ശേഷം ആവശ്യമുള്ള നമ്പര്‍ സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രത്യേക നമ്പര്‍ നിലവില്‍ മറ്റാര്‍ക്കെങ്കിലും അനുവദിച്ചിട്ടുണ്ടോ, അതോ ബുക്കിംഗിനായി ലഭ്യമാണോ എന്ന് ഈ ഘട്ടത്തില്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ലഭ്യമായ നമ്പറുകളുടെ മുഴുവന്‍ ലിസ്റ്റും ഈ വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
മൂന്നാം ഘട്ടം: അക്കൗണ്ട് തുടങ്ങുക
നിങ്ങള്‍ തിരഞ്ഞെടുത്ത ഫാന്‍സി നമ്പര്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വെബ്സൈറ്റില്‍ ഒരു പുതിയ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ഇതിനായി അപേക്ഷകന്റെ നിലവിലുള്ള മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കണം. തുടര്‍ന്ന് മൊബൈലിലേക്ക് വരുന്ന ഒടിപി (OTP) വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നിങ്ങളുടെ പേരില്‍ അക്കൗണ്ട് റെഡിയാകും. ഭാവിയില്‍ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാനും നേരിട്ടുള്ള അലോട്ട്മെന്റ് നടപടികള്‍ക്കുമായി ഈ അക്കൗണ്ടാണ് ഉപയോഗിക്കേണ്ടി വരിക.

നാലാം ഘട്ടം: റിസര്‍വേഷന്‍ ഫീസ് അടയ്ക്കുക
ഇഷ്ട നമ്പര്‍ ലഭ്യമാണെങ്കില്‍, അത് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുന്നതിനായി നിശ്ചിത തുക റിസര്‍വേഷന്‍ ഫീസായി അടയ്ക്കേണ്ടതുണ്ട്. ഇത് റീഫണ്ടബിള്‍ അല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. റിസര്‍വേഷന്‍ ഫീസ് നമ്പറുകളുടെ പ്രാധാന്യത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് സിംഗിള്‍ ഡിജിറ്റ് നമ്പറുകള്‍ (1, 5, 9), ഡബിള്‍ ഡിജിറ്റ് നമ്പറുകള്‍, അല്ലെങ്കില്‍ മറ്റ് ആകര്‍ഷകമായ പ്രത്യേക കോമ്പിനേഷന്‍ നമ്പറുകള്‍ എന്നിവയ്ക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും അധികൃതര്‍ ഈടാക്കുക. ഫീസ് അടയ്ക്കുന്നവര്‍ക്കായി ഈ നമ്പര്‍ താല്‍ക്കാലയികമായി മാറ്റിവെക്കും.
അഞ്ചാം ഘട്ടം: ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കുക
വിപണിയില്‍ കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന ഉയര്‍ന്ന ഡിമാന്‍ഡുള്ള നമ്പറുകള്‍ സാധാരണയായി ഓണ്‍ലൈന്‍ ഇ-ലേലം (E-Auction) വഴിയാണ്് അനുവദിക്കുന്നത്. ഈ ഓണ്‍ലൈന്‍ ലേല പ്രക്രിയകള്‍ സാധാരണയായി മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ക്ക് തങ്ങളുടെ താല്‍പര്യപ്രകാരം തുക പലതവണ പുതുക്കി നല്‍കാന്‍ സാധിക്കും. ലേലം അവസാനിക്കുന്ന സമയത്ത് ഏറ്റവും ഉയര്‍ന്ന തുക (Highest Bid) വിളിച്ച വ്യക്തിയായിരിക്കും ആ പ്രത്യേക ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ യോഗ്യന്‍.
ആറാം ഘട്ടം: പേയ്മെന്റും രജിസ്‌ട്രേഷനും
ലേലത്തില്‍ വിജയിക്കുന്ന വ്യക്തി ബാക്കി തുക നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനായി അടച്ചു തീര്‍ക്കണം. പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആദ്യത്തെ ഫീസ് നഷ്ടപ്പെടുകയും ബുക്കിംഗ് റദ്ദാകുകയും ചെയ്യും. പണമടച്ച ശേഷം ഈ നമ്പര്‍ 90 ദിവസത്തേക്ക് റിസര്‍വ് ചെയ്യപ്പെടും. ഈ കാലാവധിക്കുള്ളില്‍ തിരഞ്ഞെടുത്ത ആര്‍ടിഒ ഓഫീസില്‍ പുതിയ വാഹനം ഹാജരാക്കി ഈ നമ്പര്‍ ഔദ്യോഗികമായി വാഹനത്തില്‍ ഘടിപ്പിക്കേണ്ടതാണ്. നിങ്ങളുടെ സാധാരണ വാഹനങ്ങള്‍ക്കും വിഐപി ലുക്ക് നല്‍കാന്‍ ഈ ലളിതമായ മാര്‍ഗത്തിലൂടെ സാധിക്കും.


Click it and Unblock the Notifications