ഇവര്‍ക്ക് ഇനി ദേശീയപാതകളില്‍ 'ടോള്‍-ഫ്രീ' യാത്ര! പക്ഷേ, ചെറിയൊരു കണ്ടീഷന്‍ ഉണ്ട്
ദേശീയപാതകളിലെ ടോള്‍ബൂത്തുകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. കോടികള്‍ മുടക്കി പണിത എക്‌സ്പ്രസ് ഹൈവേകളുടെയും ദേശീയപാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് ദേശീയപാതാ അതോറിറ്റി (NHAI) വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നത്. നിലവില്‍ ഫാസ്ടാഗ് എന്ന സംവിധാനം വഴിയാണ് ടോള്‍ പ്ലാസകളില്‍ നിന്ന് പണം ഈടാക്കുന്നത്. ഈ സംവിധാനം ഉടന്‍ മാറാന്‍ പോകുകയാണെന്ന് നിങ്ങള്‍ അിഞ്ഞിട്ടുണ്ടാകും. ഗതാഗത വകുപ്പിന്റെ പുത്തന്‍ അറിയിപ്പ് പ്രകാരം നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള അവസരം വാഹനയുടമകള്‍ക്ക് കൈവന്നിരിക്കുകയാണ്. അത് ഏത് വാഹനങ്ങള്‍ ആണെന്നും എത്ര ദൂരം ടോള്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നീ വിവരങ്ങള്‍ പറഞ്ഞു തരാം.
നിലവിലെ ഫാസ്ടാഗ് സംവിധാനത്തിന് പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ജിഎന്‍എസ്എസ് പോലെ കാര്യക്ഷമമായ ടോള്‍ പിരിവ് സംവിധാനം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ കുറേ കാലങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്.

കര്‍ണാടകയിലെ NH275-ന്റെ ബെംഗളൂരു-മൈസൂര്‍ സെക്ഷനിലും ഹരിയാനയിലെ NH709-ന്റെ പാനിപ്പത്ത്-ഹിസാര്‍ സെക്ഷനിലും ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വരുന്നുണ്ട്. ജിഎന്‍എസ്എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ, സംസ്ഥാന പാതകളിലെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ കുറഞ്ഞ ദൂരം സഞ്ചരിക്കുന്ന കാര്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
ദേശീയ പാതകളില്‍ ഫംഗ്ഷണല്‍ ജിഎന്‍എസ്എസ് ഉള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് ദേശീയ പാതകളില്‍ സൗജന്യമായി 20 കിലോമീറ്റര്‍ വരെ വണ്ടി ഓടിക്കാം. 2024-ലെ നാഷണല്‍ ഹൈവേ ടോള്‍ നിയമ ഭേദഗതി പ്രകാരം 20 കിലോമീറ്റര്‍ ദൂരത്തില്‍ കവിഞ്ഞാല്‍ മാത്രമേ ടോള്‍ ബാധകമാകൂ എന്നാണ് പറയുന്നത്. ദേശീയപാതകളിലൂടെ പതിവായി കുറച്ച് ദൂരം മാത്രം സഞ്ചരിക്കുന്നവര്‍ക്ക് മാറ്റം ഉപയോഗപ്രദമാകും.

ടോള്‍ ബൂത്തുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ കുറച്ച് ദൂരം സഞ്ചരിക്കാന്‍ ഒരുപാട് ദൂരത്തിന്റെ ടോള്‍ കൊടുക്കേണ്ടി വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുതിയ നിയമഭേദഗതി കാരണം ദേശീപാതയോരത്തുള്ള സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിഎന്‍എസ്എസ് പ്രാപ്തമാക്കിയ ടാഗുകള്‍ വാഹനങ്ങളുടെ സ്ഥാനത്തെയും വേഗതയെയും കുറിച്ചുള്ള ഡോറ്റ ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൈമാറുന്നു. അത് യാത്ര ചെയ്ത ദൂരത്തെയും വേഗതയെയും അടിസ്ഥാനമാക്കി ഫീസ് കണക്കാക്കുന്നു. വാഹനങ്ങള്‍ ജിഎന്‍എസ്എസ് പ്രാപ്തമാക്കിയ ടോള്‍ പോയിന്റുകള്‍ കടന്നുപോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്കായി കുറയ്ക്കും. നിലവിലെ ഫാസ്ടാഗ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി വാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കാന്‍ സ്‌കാന്‍ ചെയ്യുന്നതിനായി വേഗത കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യേണ്ട ആവശ്യമില്ല.

ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (ETC) നിലവിലുള്ള ഫാസ്ടാഗ് ചട്ടക്കൂടിനുള്ളി ഒരു ഹൈബ്രിഡ് മോഡലിലാണ് തുടക്കത്തില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്. ആര്‍എഫ്‌ഐഡി അധിഷ്ഠിത ടോള്‍ പിരിവും ജിഎന്‍എസ്എസ് അധിഷ്ഠിത ടോള്‍ പിരിവും തുടക്കത്തില്‍ ഒരേസമയം പ്രവര്‍ത്തിക്കും. ഇതില്‍ ജിഎന്‍എസ്എസ് ടാഗുള്ള വാഹനങ്ങള്‍ക്ക് ടോള്‍ ബൂത്തുകളില്‍ നിര്‍ത്താതെ കടന്നുപോകാന്‍ പ്രത്യേക പാതയുണ്ടാകും.
ഘട്ടംഘട്ടമായി എല്ലാ ലെയ്‌നുകളും ജിഎന്‍എസ്എസ് ലെയ്‌നുകളാക്കി മാറ്റും.ടോള്‍ ബൂത്തുകളിലെ പണമിടപാടുകള്‍ ഒഴിവാക്കി ഒരുപാട് സമയം ലാഭിക്കാന്‍ ഫാസ്ടാഗുകള്‍ വഴി സാധിക്കുന്നുണ്ട്. എന്നിരുന്നാലും, സ്റ്റിക്കറുകള്‍ വാങ്ങാനും പരിശോധിക്കാനുമുള്ള സമയവും ചിലപ്പോള്‍ ഫാസ്ടാഗ് ഇല്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും കാരണം ഈ സംവിധാനം വലിയ പഴികേള്‍ക്കുന്നുണ്ട്. എന്നാല്‍ ജിഎന്‍എസ്എസ് ടോള്‍ പിരിവ് സംവിധാനം ഈ പരാതികള്‍ എല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതിക വിദ്യ പ്രാബല്യത്തില്‍ വരുന്നതോടെ യാത്ര ചെയ്ത ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്നതിനാല്‍ ആളുകള്‍ക്ക് ധാരാളം പണം ലാഭിക്കാനാകും. ടോള്‍ ബൂത്തുകളിലെ നീണ്ട വരി അവസാനിപ്പിക്കാനാണ് ഫാസ്ടാഗ് അവതരിപ്പിച്ചത്. എന്നാല്‍ വലിയൊരളവില്‍ അത് ഫലവത്തായില്ല. ഈ സാഹചര്യത്തില്‍ സാറ്റലൈറ്റ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ വരവ് സ്വാഗതാര്‍ഹമാണ്. ഇത് പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെയാകും ഇതിന്റെ ഗുണവും ദോഷങ്ങളുമെല്ലാം അറിയാനാകുക. ഏതായാലും അധികം വൈകാതെ തന്നെ കേരളത്തിലെ ടോള്‍ പ്ലാസകളിലും ഇതിന്റെ ഗുണം ലഭ്യമാകും.


Click it and Unblock the Notifications








