ടോപ് ഗിയര്‍ ഗടികള്‍ക്ക് ഫ്രാന്‍സില്‍ നിരോധനം!
കഴിഞ്ഞ ദിവസമാണ് ടോപ് ഗിയറിന്റെ വാര്‍ഷിക ഡിവിഡി പുറത്തിറങ്ങിയത്. ഈ 2013 പതിപ്പ് ഡിവിഡിയുടെ ഷൂട്ടിംഗ് ഫ്രാന്‍സില്‍ വെച്ച് നടക്കവെയാണ് വിഖ്യാതരായ ടോപ് ഗിയര്‍ ജേണലിസ്റ്റുകളായ ജെരെമി ക്ലാര്‍ക്‌സണിനും റിച്ചാര്‍ഡ് ഹെമ്മോണ്ടിനും പണി കിട്ടിയത്.
ക്ലാര്‍ക്‌സണ്‍ ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ വാന്‍ക്വിഷിലും റിച്ചാര്‍ഡ് ഒരു പോഷെ 911 ജിടി3യിലും കയറി ഒഴിഞ്ഞ ഒരു നിരത്തിലൂടെ കത്തിച്ചുവിടുകയായിരുന്നു. ഒരു ടോള്‍ ബൂത്തെത്തുന്നതു വരെ വേഗതയില്‍ രണ്ടുപേരും വിട്ടുവീഴ്ച ചെയ്തില്ല. ടോള്‍ ബൂത്തില്‍ കാത്തു നില്‍ക്കുകയായിരുന്ന പൊലീസുകാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഫ്രാന്‍സിലെ ഔദ്യോഗിക വേഗതാപരിധി മണിക്കൂറില്‍ പരമാവധി 130 കിലോമീറ്ററാണ്. ഷൂട്ടിംഗ് നടക്കുന്ന മേല്‍പറഞ്ഞ നിരത്തില്‍ വേഗതാ പരിധി 90 കിലോമീറ്ററായിരുന്നു.

ജെരെമി ക്ലാര്‍ക്‌സന്‍ തന്റെ ആസ്റ്റണ്‍ മാര്‍ടിന്‍ വാന്‍ക്വിഷ് ഓടിച്ചത് മണിക്കൂറില്‍ 141 കിലോമീറ്റര്‍ വേഗതയിലായിരുന്നു.

റിച്ചാര്‍ഡ് ഹാമ്മോണ്ട് കയറിയ പോഷെ 911 മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയിലും പാഞ്ഞു.

ടോള്‍ ബൂത്തിനരികില്‍ കാത്തു നില്‍ക്കുകയായിരുന്ന പൊലീസ് വലിയൊരു സംഖ്യ പിഴയായി ചുമത്തി രണ്ടു പേര്‍ക്കും. കൂടാതെ മൂന്നു മാസത്തേക്ക് ഫ്രാന്‍സില്‍ കാറോടിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

കയ്യിലുള്ള പണം മുഴുവന്‍ പിഴയായി ഒടുക്കിയ റിച്ചാര്‍ഡും ജെരെമിയും ആരെങ്കിലും വന്ന് എടുത്തോണ്ടു പോകണമെന്ന് ഷൂട്ടിംഗ് സ്ഥലത്തേക്ക് വിളിച്ചറിയിച്ചു. സംഭവത്തിനു ശേഷം ജെരെമി ക്ലാര്‍ക്‌സണ്‍ ഇപ്രകാരം ഉവാച: 'സ്പീഡ് ലിമിറ്റ് ലംഘിക്കാന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ ഫ്രാന്‍സിലല്ല എന്നാദ്യം ഉറപ്പുവരുത്തുക!'


Click it and Unblock the Notifications








