ടൊയോട്ട മുതലാളിയുടെ 'പേഴ്‌സണല്‍' വണ്ടി സുസുക്കിയുടേത്! തുറന്നുപറയാന്‍ കാണിച്ച ആ മനസ്സിനിരിക്കട്ടെ കുതിരപ്പവന്‍
ഒന്നിലേറെ കാറുകള്‍ സ്വന്തമായുള്ള ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. കൈയ്യില്‍ ആവശ്യത്തിലേറെ പണമുള്ള വണ്ടിക്കമ്പനി മുതലാളിമാര്‍ക്ക് ഏന്തായാലും ഒന്നിലേറെ വണ്ടികള്‍ ഗരാജിലുണ്ടാകും. അതില്‍ കൂടുതലും സ്വന്തം ബ്രാന്‍ഡില്‍ നിന്നുള്ള വണ്ടികള്‍ തന്നെയായിരിക്കും. വണ്ടിപ്രാന്തന്‍മാരും വ്യത്യസ്തമായ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്നവരുമായ ആളുകള്‍ ഒരുപക്ഷേ തങ്ങളുടെ എതിരാളികളുടെ കാറുകളും വാങ്ങും.
എന്നിരുന്നാലും ഒരു പൊതുപരിപാടിയില്‍ മറ്റൊരു വാഹന നിര്‍മാതാവിന്റെ കാര്‍ താന്‍ സ്വന്തമായി ഉപയോഗിക്കുന്ന വിവരം പരസ്യമാക്കാന്‍ ഏതെങ്കിലും വണ്ടിക്കമ്പനി മുതലാളി തയാറാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്നാല്‍ അങ്ങനെ ഒരാളുണ്ട്. 2024 ടോക്കിയോ ഓട്ടോ സലൂണ്‍ എന്ന ഷോയില്‍ വെച്ചാണ് ടൊയോട്ടയുടെ ചെയര്‍മാനായ അക്കിയോ ടൊയോട്ട തന്റെ വ്യക്തിഗത കാര്‍ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചത്.

അക്കിയോ ടൊയോട്ടയുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളിലൊന്നായ അക്കോര്‍ഡ് അടക്കം പ്രദര്‍ശനത്തിലുണ്ട്. അതേസമയം തന്റെ ഗരാജിലുള്ള സുസുക്കി ജിംനി ത്രീ ഡോര്‍ മോഡലും ടൊയോട്ട കസൂ റേസിംഗ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ കമ്പനിയുടെ തലപ്പത്തിരിക്കുന്ന വ്യക്തി മറ്റൊരു ബ്രാന്‍ഡിന്റെ വാഹനം സ്വന്തമാക്കിയ സംഭവം പലരിലും ഞെട്ടല്‍ ഉളവാക്കി.
എന്നാല്‍ അക്കിയോ ടൊയോട്ടയുടെ വാഹന കമ്പത്തെ പ്രകീര്‍ത്തിക്കുന്നവരുമുണ്ട്. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ വൈവിധ്യമാര്‍ന്ന ഓട്ടോമോട്ടീവ് എക്‌സ്പീരിയന്‍സ് അനുഭവിച്ചറിയാന്‍ കാണിക്കുന്ന അഭിനിവേശത്തി കൈയടിക്കുകയാണിവര്‍. അത് തുറന്ന് പറയാനും ഇതുപോലൊരു പരിപാടിയില്‍ കാര്‍ പ്രദര്‍ശിപ്പിക്കാനും കാണിക്കുന്ന അദ്ദേഹത്തിന്റെ മനസ്സിന്റെ ലാളിത്യവും അഭിനന്ദിക്കപ്പെടുന്നുണ്ട്. അകിയോ ടൊയോട്ടയുടെ ജിംനി കാണിക്കുന്ന ഒരു വീഡിയോയും ടൊയോട്ട ടൈംസ് ഗ്ലോബല്‍ അവരുടെ ചാനലില്‍ യൂട്യൂബില്‍ പങ്കിട്ടു.

അക്കിയോ ടൊയോട്ടയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന വീഡിയോ, തുടര്‍ന്ന് മോറിസോ ഗാരേജ് ബൂത്തിലെ അദ്ദേഹത്തിന്റെ അതുല്യമായ വ്യക്തിഗത കാര്‍ ശേഖരം കാണിക്കുന്നു. പ്രത്യേക നീല നിറത്തില്‍ പൂര്‍ത്തിയാക്കിയ ടെയോട്ട മുതലാളിയുടെ ത്രീ ഡോര്‍ ജിംനി ഷോയുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു. 5 ഡോര്‍ പതിപ്പുമായി ഒത്തുനോക്കുമ്പോള്‍ ഈ 3 ഡോര്‍ പതിപ്പ് കൂടുതല്‍ സ്‌പോര്‍ട്ടിയറും ചടുലവുമായ രൂപത്തിലാണ് കാണപ്പെടുന്നത്.
അതുല്യമായ ഡിസൈന്‍, ഓഫ്-റോഡ് കഴിവുകള്‍ എന്നിവ കാരണം ആഗോളതലത്തില്‍ അംഗീകാരം നേടിയ ജിംനി 3 ഡോര്‍ പക്ഷേ ഇന്ത്യയില്‍ വില്‍പ്പനക്കില്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ജിംനി 5 ഡോറാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ മികച്ച സ്വീകാര്യതയാണ് ഈ കാറിന് ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഓഫ്-റോഡ് എസ്‌യുവി കളിലൊന്നാണ് ജിംനി.

10.74 ലക്ഷം രൂപ മുതല്‍ 15.05 ലക്ഷം രൂപ വരെയുള്ള വില പോകുന്നത്. മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായിട്ടാണ് ഇത് മത്സരിക്കുന്നത്. ഡീസല്‍ മാനുവല്‍ എഞ്ചിന്‍ ഗിയര്‍ബോക്‌സ് കോംബോയിലാണ് ഫോഴ്‌സ് ഗൂര്‍ഖ ലഭ്യമാകൂ. അതേസമയം, മഹീന്ദ്ര ഥാര്‍ പെട്രോള്‍, ഡീസല്‍, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് മാരുതി സുസുക്കി ജിംനി വാങ്ങാന്‍ സാധിക്കുകയുള്ളൂ.
ജിംനിയിലെ K15B 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. മഹീന്ദ്ര ഥാറിന് ഒത്ത എതിരാളിയായിട്ടാണ് ജിംനി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. എന്നാല്‍ വില്‍പ്പന കണക്കുകളില്‍ ഇതുവരെ ഥാറിന് വെല്ലുവിളി ഉയര്‍ത്താന്‍ ജിംനിക്ക് സാധിച്ചിട്ടില്ല. ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത് ഥാറിന് ഒരു പ്ലസാണ്. മാത്രമല്ല കൂടുതല്‍ പ്രായോഗികമായ ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഈ വര്‍ഷം വിപണിയില്‍ എത്താന്‍ പോകുകയാണ്.
ലോഞ്ചിന് മുന്നോടിയായി 5 ഡോര്‍ ഥാറിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് കൂടി വരുന്നതോടെ ജിംനിയുടെ കഥ എന്താകുമോ എന്തോ എന്നാണ് ഇപ്പോള്‍ മാരുതി ആരാധകര്‍ കൂടി പറയുന്നത്. ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിക്ക് അടുത്ത കാലത്ത് വമ്പന്‍ ഓഫറുകള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ പഴയ വിലയിലേക്ക് തന്നെ മടങ്ങിവന്നിട്ടുണ്ട്. ജിംനി 5 ഡോര്‍ പതിപ്പുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട്.


Click it and Unblock the Notifications








