1 വെടിക്ക് 2 പക്ഷി... ടൈസര്‍ വാങ്ങുമ്പോള്‍ ഹണ്ടര്‍ ഫ്രീ! വണ്ടി വിളിച്ച് പോയാലും ലാഭം
ഉത്സവ സീസണില്‍ വാഹനം വാങ്ങുന്നവര്‍ക്ക് വമ്പന്‍ കിഴിവുകളും ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യാറുണ്ട്. വണ്ടിക്കമ്പനികളുടെ ഓഫറുകള്‍ക്ക് പുറമെ ഡീലര്‍ഷിപ്പുകളും വില്‍പ്പന ഉയര്‍ത്താനായി ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പൊതുവേ ലക്ഷങ്ങളുടെ ഓഫറുകളാണ് കാര്‍ വാങ്ങുമ്പോള്‍ കമ്പനികള്‍ പ്രഖ്യാപിക്കാറുള്ളത്. ചിലര്‍ ഉത്സവ സീസണില്‍ മൊത്തത്തിലായി നറുക്കെടുപ്പ് നടത്തി ബമ്പര്‍ സമ്മാനമായി ബൈക്കുകളും സ്‌കൂട്ടറുകളും നല്‍കുന്നതും നാം കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ടൊയോട്ട ടൈസര്‍ കാര്‍ വാങ്ങുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ സമ്മാനമായി നല്‍കുകയാണ് ഒരു ഡീലര്‍ഷിപ്പ്. അത് എവിടെയാണെന്നും മറ്റ് വിശദാംശങ്ങളും നമുക്ക് നോക്കാം.
സൗമ്യ മാഥൂര്‍ (somyamathur00hisar) എന്ന യുവതിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ അത്ഭുതപ്പെടുത്തുന്ന ഓഫറിനെ കുറിച്ച് പറയുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള മാലിക് ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജിന്‍ഡാല്‍ ഫ്ലൈഓവര്‍, ഹിസാറിലെ സൗത്ത് ബൈപാസ്, ഫത്തേഹബാദ്, തോഹാന, ഹന്‍സി, സിര്‍സ, ദബ്വാലി, എല്ലെനബാദ് എന്നിവിടങ്ങളില്‍ ഇതേ ഡീലര്‍ക്ക് ഷോറൂമുകളുണ്ട്.

വീഡിയോയില്‍ അവതാരക പുതുതായി ടൈസര്‍ വാങ്ങിയ വ്യക്തിയെന്ന് അവകാശപ്പെടുന്നയാളുമായി സംസാരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഓഫര്‍ കാണുമ്പോള്‍ ആരുടെയും മനസ്സില്‍ ഉദിക്കാവുന്ന ഒരു ചോദ്യമാണ് ഇതൊക്കെ ഉള്ളതാണോ എന്ന്. എന്നാല്‍ ഇത് ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് അല്ലെന്നും കാറിനൊപ്പം തനിക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 360 സൗജന്യമായി ലഭിച്ചുവെന്നും വീഡിയോയില്‍ കാണുന്ന വ്യക്തി പറയുന്നു. കാര്‍ തനിക്കും ഹണ്ടര്‍ ബൈക്ക് മകനും ഉപയോഗിക്കാമെന്ന് തമാശയായി അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ഈ ഓഫറുകള്‍ വ്യാജമാണെന്ന് പറയുന്നവരോട് ഇത് വ്യാജ വാഗ്ദാനമല്ലെന്നും കാറിനൊപ്പം ബൈക്ക് സമ്മാനമായി നല്‍കുന്നുവെന്നതിനുള്ള മികച്ച ഉദാഹരണം താനാണെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം വീഡിയോ ഹോസ്റ്റ് ടൊയോട്ട ഡീലര്‍ഷിപ്പ് ചുറ്റിനടന്ന് മറ്റ് കാറുകള്‍ക്കുള്ള ഓഫറുകളെ കുറിച്ച് പറഞ്ഞു. ടൈസറിനൊപ്പം ഹണ്ടര്‍ ഫ്രീ കൊടുക്കുന്ന പോലെ മറ്റ് കാറുകള്‍ തേടി വരുന്നവരെ വിടാതെ പിടിക്കാനായി ഡീലര്‍ഷിപ്പ് നിരവധി ഓഫറുകള്‍ മുന്നോട്ട് വെക്കുന്നു.

ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സ വാങ്ങുന്നവര്‍ക്ക് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ സൗജന്യമായി ലഭിക്കുമെന്നാണ് പറയുന്നത്. ടൊയോട്ടയുടെ ഹൈബ്രിഡ് എസ്യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് സൗജന്യ സ്വര്‍ണ നാണയം നേടാനാണ് അവസരം. ഇതിന്റെ ഭാരമോ കൃത്യമായ മൂല്യമോ പരാമര്‍ശിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങളിലും സ്വര്‍ണനാണയത്തിലുമൊന്നും താല്‍പര്യമില്ലാത്തവര്‍ക്കും നിരാശപ്പെടേണ്ടതില്ല.
അത്തരക്കാര്‍ക്ക് വെറും 2.99% പലിശ നിരക്കില്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളാണ് ഷോറൂമുകാര്‍ മുന്നോട്ട് വെക്കുന്നത്. ഏതായാലും ഉത്സവകാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നൂതനമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ഡീലര്‍മാര്‍ക്ക് ഒരു ഉദാഹരണം കൂടിയാണ് ഇത്. ഉത്സവ സീസണില്‍ ഒരു ബൈക്കും കാറും വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഹരിയാനയിലേക്ക് വണ്ടി കയറിയാലും നഷ്ടം സംഭവിക്കില്ല. ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ കാര്‍ ഡീലര്‍മാര്‍ രസകരമായ വഴികള്‍ തെരഞ്ഞെടുക്കുന്നത് മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്.
വണ്ടിക്കമ്പനികള്‍ ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ബാക്കി എല്ലാം ഡീലര്‍ഷിപ്പുകളുടെ ഇഷ്ടം പോലെയാണ്. പല ഡീലര്‍മാരും ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ടൂവീലറുകള്‍ സമ്മാനമായി നല്‍കാനുള്ള നീക്കം ഏതായാലും അടിപൊളിയാണ്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണിത്. ഇത്തരം ഓഫറുകള്‍ വളരെ ആകര്‍ഷകമായി തോന്നാമെങ്കിലും വ്യാജ ഡീലര്‍മാരുടെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണം. സോഷ്യല്‍ മീഡിയയില്‍ കാണപ്പെടുന്ന ഇത്തരം ഓഫറുകള്‍ കണ്ട് ചാടിവീഴുന്നതിന് മുമ്പേ ഇതിന്റെ ആധികാരികത പരിശോധിക്കുന്നത് നന്നാകും.
ഹിസാറില്‍ ഓഫറിട്ട് വില്‍ക്കുന്ന ടൈസര്‍ യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ റീബാഡ്ജ് പതിപ്പാണ്. ടൈസര്‍ ക്രോസ്ഓവര്‍ എസ്‌യുവി രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മാനുവല്‍, എംഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാനുവലിലും 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനിലും വാങ്ങാം.

നിലവില്‍ 7.88 ലക്ഷം രൂപ മുതല്‍ 13.19 ലക്ഷം രൂപ വരെയാണ് ടൈസറിന്റെ എക്‌സ്-ഷോറൂം വില. ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാന്‍സയില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകുന്നു. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഗ്ലാന്‍സയുടെ വില 6.99 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 10 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications








