ഫോർച്യൂണറും ലെക്സസ് കിറ്റും; അത് ഒരു ഒന്നൊന്നര കോബിനേഷനാണ് മോനേ, വീഡിയോ കാണാം
2009 -ൽ വാഹന വിപണിയിലേക്ക് ഗജരാജ പ്രതാപത്തോടെ ഇറങ്ങിയ ടൊയോട്ടയുടെ മോഡലാണ് ഫോർച്ച്യൂണർ. അന്ന് മുതൽ ഇന്നു വരെ വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി നിലനിൽക്കുകയും അവരുടെ മനസിൽ മാത്രമല്ല മാർക്കറ്റിലും എപ്പോഴും മുന്നിൽ തന്നെയാണ്. പുതിയ ഫോർച്ച്യൂണറിൻ്റെ വില 60 ലക്ഷത്തിൽ എത്തി നിൽക്കുകയാണ്. ഇത്രയൊക്കെ വിലയുണ്ട് എന്ന് പറഞ്ഞാലും വാഹനത്തിൻ്റെ വിൽപ്പനയ്ക്ക് ഒരു കുറവുമില്ല.
പുത്തൻ മോഡലുകളിനേക്കാൾ അൽപ്പം ഡിമാൻ്റ് അദ്യ മോഡലിനാണ്. അത് കൊണ്ട് തന്നെ പഴയ മോഡൽ കൈവശമുളളവർ വാഹനത്തെ മോഡിഫൈ ചെയ്ത് പുത്തൻ മോഡലിലേക്ക് എത്തിക്കുകയാണ്. അത്തരമൊരു മോഡിഫിക്കേഷൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വമ്പൻ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ലെക്സസ് കിറ്റ് ഘടിപ്പിച്ച ഫോർച്യൂണറിൻ്റെ ഇൻ്റീരിയർ, എക്സ്റ്റീരിയർ മാറ്റങ്ങളെ കുറിച്ചറിയാൻ തുടർന്നു വായിക്കണേ.

പഴയ മോഡലുകളെ പുതിയ മോഡലുകളാക്കി മാറ്റുന്ന ഒരു ഷോപ്പിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ വൈറലായത്. ഗുജറാത്തിലെ തങ്ങളുടെ കടയിലാണ് വാഹനത്തിൻ്റെ കിറ്റുകളെല്ലാം വരുത്തി മാറ്റങ്ങൾ ചെയ്യിക്കുന്നത്. പഴയ ഫോർച്യൂണർ മോഡലുകളുടെ രൂപം മാറ്റാൻ ഈ ലെക്സസ് കിറ്റ്, ലെജൻഡർ, മറ്റ് കസ്റ്റമൈസ്ഡ് കിറ്റുകൾ എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത ബോഡി കിറ്റുകൾ അവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടൈപ്പ് 1 ഫോർച്യൂണറിനെ ടൈപ്പ് 2 ആയും പിന്നീട് ലെക്സസ് മോഡലായും മാറ്റുന്നതിന്, മുൻവശത്തെ ഒരുപാട് ഭാഗങ്ങൾ മാറ്റേണ്ടി വന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. മുൻവശത്തെ ഹെഡ്‌ലൈറ്റുകൾ, ബോണറ്റ്, ബമ്പർ, ഫെൻഡറുകൾ എന്നിവയെല്ലാം മാറ്റിയതായി കടയുടമ പറയുന്നുണ്ട്. ടൈപ്പ് 1 ഫോർച്യൂണർ ടൈപ്പ് 2 ആക്കാനാണ് ഈ ഭാഗങ്ങൾ മാറ്റുന്നത്. ഇത് ലെക്സസ് മോഡലാക്കാൻ, മുൻ ഗ്രില്ലിലും മാറ്റം വരുത്തിയിട്ടുണ്ട്. കസ്റ്റമൈസ്ഡ് ഫ്രണ്ട് ഗ്രില്ലും രണ്ട് വ്യത്യസ്ത എൽഇഡി ഡിആർഎല്ലുകളുമാണ് ലെക്‌സസ് കിറ്റിൽ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഫ്രണ്ട് എൻഡ് പരിവർത്തനത്തെ തുടർന്ന്, അവതാരകൻ എസ്‌യുവിയുടെ സൈഡ് പ്രൊഫൈൽ കാണിക്കുന്നു.ഡോറുകളിലെ അധിക പ്ലാസ്റ്റിക് ട്രിമ്മുകൾ മാറ്റിയെന്നത് ഒഴിച്ചാൽ സൈഡ് പ്രൊഫൈൽ ഒന്നാം തലമുറ മോഡലിന് സമാനം തന്നെയാണ്. അലോയ് വീലുകളിൽ മാറ്റം വരുത്തിയിട്ടില്ല എങ്കിലും ബ്ലാക്ക് നിറം പൂശുകയും ബ്രേക്ക് കാലിപ്പറുകളിൽ ചുവപ്പ് അടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓൾ-എൽഇഡി ടെയിൽലൈറ്റുകൾ ഉപയോഗിച്ച് പിൻ ടെയിൽലൈറ്റുകൾ മാറ്റുകയും ഒരു സ്പോയിലർ നൽകുന്നതിനൊപ്പം തന്നെ വാഹനം മുഴുവനായി പെയിൻ്റ് ചെയ്തിട്ടുമുണ്ട്. ക്രീമും ബ്രൗൺ കളറും ലെതർ പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് അവർ ഇന്റീരിയർ പൂർണ്ണമായും റീഡിസൈൻ ചെയ്തിട്ടുണ്ട്. സീറ്റുകളെല്ലാം കസ്റ്റമൈസ് ചെയ്യുകയും ടൈപ്പ് 3 ഫോർച്ച്യൂണറിൻ്റെ സ്റ്റീയറിങ്ങ് വീൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.
ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയമായ ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. അടുത്ത വര്‍ഷം ഫുള്‍സൈസ് എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുമായിട്ടായിരിക്കും എസ്‌യുവി എത്തുകയെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു.


Click it and Unblock the Notifications








