വെള്ളമടിച്ച് റോക്കി ഭായിയാകാന്‍ നോക്കിയതാ! ഫോര്‍ച്യൂണര്‍ ഡ്രൈവര്‍ക്ക് സംഭവിച്ചത് കണ്ടോ
പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റായ കന്നഡ സിനിമയാണ് കെജിഎഫ്. യാഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പല സീനുകളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. കെജിഎഫ് ചാപ്റ്റര്‍ വണില്‍ അമ്മയുടെ കഷ്ടപ്പാടിനെയും ധീരതയെയും വരച്ച് കാണിക്കുന്ന ഒരു രംഗമുണ്ട്. നിലത്ത് വീണ ബണ്‍ എടുക്കാനായി കഷ്ടപ്പെടുന്ന ഒരു അമ്മയെ സഹായിക്കാനായി റോഡ് ബ്ലോക്കിട്ട് കാറിന്റെ ഡോറിന് വെളിയിലേക്ക് തോക്ക് ചൂണ്ടി ട്രാഫിക് കണ്‍ട്രോളിലാക്കുന്ന രംഗം ആരാധകരില്‍ കോരിത്തരിപ്പുണ്ടാക്കിയിരുന്നു. റോക്കി ഭായിയുടെ സീനും അതിലെ ഡയലോഗുകളും ഇന്നും സ്റ്റാറ്റസുകളും റീലുകളും ഭരിക്കുന്നുണ്ട്.
തോക്കേന്തിയ കൈകള്‍ ഡോറിന് വെളിയിലിട്ട് കെജിഎഫ് പോലുള്ള സിനിമയില്‍ ഈസിയായി മാസ് കാണിക്കാം. എന്നാല്‍ ഇത് നടുറോഡില്‍ കാണിച്ചാല്‍ എങ്ങിനെയുണ്ടാകും. സമാനമായ രീതിയില്‍ ഓടുന്ന കാറില്‍ തോക്ക് പുറത്തേക്ക് ചൂണ്ടിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ഉടമക്ക് സംഭവിച്ച കാര്യമാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ഇന്ത്യയുടെ പലഭാഗത്തും പ്രത്യേകിച്ച് റോഡ് സ്വന്തം തറവാട്ട് വകയാണെന്ന് മട്ടില്‍ വാഹനം ഓടിക്കുന്ന ചിലരെ നമുക്ക് കാണാം. വലിയ വാഹനങ്ങള്‍ പ്രത്യേകിച്ച് ഫോര്‍ച്യൂണര്‍ പോലുള്ള എസ്‌യുവികള്‍ സ്വന്തമായുള്ള ചിലരാണ് ഇത്തരത്തില്‍ സ്റ്റിയറിംഗിന് പിന്നിലെത്തിയാല്‍ വലിയ അഹങ്കാരം കാണിക്കുന്നത്. പലപ്പോഴും അത്തരക്കാര്‍ക്ക് അഹങ്കാരത്തിനുള്ള തക്കതായ തിരിച്ചടിയും ലഭിക്കാറുണ്ട്. ഇപ്പോള്‍ ഒരു ബസിനെ മറികടന്ന ശേഷം ഡോറിന് വെളിയിലേക്ക് കൈയ്യിട്ട് തോക്ക്ചൂണ്ടിയ ഫോര്‍ച്യൂണര്‍ ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തോക്ക് ചൂണ്ടിയ ഫോര്‍ച്യൂണറുകാരന് പക്ഷേ സ്‌പോട്ടില്‍ തന്നെ കിട്ടേണ്ടത് കിട്ടി. തോക്ക് ചൂണ്ടിയതിന് പിന്നാലെ കാറിനെ മറികടന്ന് ബ്ലോക്കിട്ട ബസ് ഡ്രൈവര്‍ ഫോര്‍ച്യൂണറികാരന്റെ കരണം നോക്കി അടിച്ചു. അടികിട്ടിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച വാഹനം അപകടത്തില്‍ പെട്ട് ഇടിച്ചു തകരുകയും ചെയ്തു. ഹരിയാനയിലെ സോനിപത്തില്‍ നടന്ന സംഭവത്തിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 'ദി ലല്ലന്‍ടോപ്പ്' എന്ന യൂട്യൂബ് ചാനലിലുണ്ട്.

HR 20 AK 0001 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയിലെത്തിയത് മുഹമ്മദ് സഞ്ജയ് ഖാന്‍ എന്നയാളാണ്. ഇയാള്‍ ഡല്‍ഹിയിലെ ബുരാരി സ്വദേശിയാണ്. ഇയാള്‍ ഓടിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണറില്‍ വിഐപി സ്റ്റിക്കറുകളും ഡല്‍ഹി പൊലീസ് സ്റ്റിക്കറും ഉണ്ടായിരുന്നു. ഹരിയാന ട്രാന്‍സ്പോര്‍ട്ട് ബസിനെ മറികടന്ന ഫോര്‍ച്യൂണര്‍ ഡ്രൈവര്‍ ബസിന്റെ വഴി തടസപ്പെടുത്തിയായിരുന്നു ഓടിച്ചിരുന്നത്.
ഇതില്‍ പ്രകോപിതനായ ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചുതുടങ്ങിയതോടെയാണ് ഫോര്‍ച്യൂണര്‍ ഡ്രൈവര്‍ തന്റെ കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ പുറത്തേക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ കാര്‍ മറികടന്ന് തടഞ്ഞ് നിര്‍ത്തിയപ്പോള്‍ എസ്‌യുവി ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവര്‍ അടിച്ചപ്പോള്‍ ഇയാള്‍ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല.

കാറിന് ചുറ്റും ആളുകള്‍ വട്ടംകൂടിയതോടെ അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് കണ്ടാണ് വേഗം ഓടിച്ച് പോയത്. സമീപത്തുണ്ടായിരുന്ന ബൈക്കുകാരനെയും സെലേറിയോ കാറുകാരെയും അപകടപ്പെടുത്തും വിധമാണ് ഇയാള്‍ കാര്‍ ഓടിച്ച് പോയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനായെങ്കിലും മദ്യ ലഹരിയില്‍ അമിത വേഗതയില്‍ പാഞ്ഞ ടൊയോട്ട ഫോര്‍ച്യൂണര്‍ ബാരിയറില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ഫോര്‍ച്യൂണറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
ഈ അപകടത്തിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഫോര്‍ച്യൂണര്‍ ഓടിച്ച സഞ്ജയ് ഖാനെതിരെ മദ്യപിച്ച് വാഹനമോടിക്കുക, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഖാന്‍ ഓടിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ ഇദ്ദേഹത്തിന്‍േറത് തന്നെയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനത്തില്‍ പൊലീസ്, വിഐപി സ്റ്റിക്കറുകള്‍ പതിച്ചത് എങ്ങനെയെന്നും റിവോള്‍വര്‍ എങ്ങനെ കിട്ടിയെന്നും അന്വേഷിക്കും.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ട്രാഫിക് നിയമം അനുസരിച്ച് വാഹനങ്ങള്‍ ഓടിക്കണമെന്നും അധികാരികള്‍ ഓര്‍മിപ്പിച്ചു. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ റോഡ് നമ്മുടെ മാത്രം സ്വന്തമല്ലെന്ന ഓര്‍മയില്‍ വേണം ഡ്രൈവ് ചെയ്യാന്‍. മറ്റ് വാഹനയാത്രികര്‍ നീട്ടിയൊന്ന് ഹോണ്‍ മുഴക്കിയാലോ ഓവര്‍ട്ടേക്ക് ചെയ്താലോ പ്രകോപിതരാകുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇത് ഒരിക്കലും നല്ല ശീലമല്ല. നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലങ്ങള്‍ നാം പാലിക്കാന്‍ ശ്രദ്ധിക്കണം.


Click it and Unblock the Notifications








