ഫോർച്ച്യൂണറിൻ്റെ മാനം കപ്പൽ കയറിയല്ലോ; സൈഡ് മിറർ പോയാൽ ഇങ്ങനെയൊക്കെ ചെയ്യാമോ
വാഹനമോടിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനമുളള കാര്യമാണ് സൈഡ് മിററുകൾ. എപ്പോൾ വേണമെങ്കിലും വശങ്ങളിൽ നിന്ന് വാഹനം കയറി വരാൻ സാധ്യതയുണ്ട്. അത് കാണണമെങ്കിൽ സൈഡ് മിറർ കൂടിയേ തീരു. വാഹനത്തിൻ്റെ വലിപ്പം അനുസരിച്ച് സൈഡ് മിററിൻ്റെ ഉപയോഗം കൂടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ച് ഫോർച്ച്യൂണർ പോലെയൊരു ആജാനുബാഹു കാർ കൂടിയാണെങ്കിൽ പറയുകയേ വേണ്ട.2.8 ഡീസൽ മാനുവൽ 4x2, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x2, 2.8 ഡീസൽ മാനുവൽ 4x4, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x4 എന്നിങ്ങനെയാണ് ഫോർച്ച്യൂണറിൻ്റെ വേരിയന്റുകൾ. ടൊയോട്ട ഫോർച്യൂണർ ഇപ്പോഴും 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.
ആദ്യത്തേതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് പരമാവധി 186 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോർച്യൂണറിലുള്ളത്. 204 bhp പവറിൽ 500 Nm torque നൽകാൻ കഴിയുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്.

സംഭവം എന്താണെന്ന് വച്ചാൽ ഫോർച്ച്യൂണർ പോലൊരു വാഹനത്തിൻ്റെ സൈഡ് മിററർ നഷ്ടപ്പെടുകയോ തകരാറിലാകുകയോ ചെയ്താൽ സാധാരണ അത് മാറ്റി സ്ഥാപിക്കുക എന്നതാണല്ലോ ചെയ്യുന്നത്. എന്നാൽ അതിന് പകരം മുഖം നോക്കുന്ന കണ്ണാടി ഫിറ്റ് ചെയ്താലോ. എന്തൊരു നാണക്കേടായിരിക്കും,എന്നാൽ ഒഡീഷ രജിസ്ട്രേഷൻ ടൊയോട്ട ഫോർച്ച്യൂണറിൻ്റെ വീഡിയോ സോഷ്യൽ മീഡിയ വൈറലാണ്.
ഇത്രയ്ക്കും അശ്രദ്ധമായി വാഹനമോടിക്കുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണ്. സൈഡ് മിറർ ഒരു ഡ്രൈവർക്ക് ഏറെ ഉപകാരപ്രദമായ ഭാഗമാണ് എന്ന് പോലും ഇദ്ദേഹം മനസിലാക്കിയിട്ടില്ല, വായനക്കാർ ഒരിക്കലും ഇത് പോലെയുളള സാഹസങ്ങൾ കാണിക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഫോർച്ച്യൂണറിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ 33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഫോർച്യൂണർ ഫീച്ചറുകളാലും സമ്പന്നമാണ്.
എസ്‌യുവിയിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 18 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, സുരക്ഷയ്ക്കായി വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. വില എത്ര കൂടിയാലും ഫോർച്യൂണർ വാങ്ങാൻ ആളുണ്ടെന്നത് കാലം തെളിയിച്ചിട്ടുണ്ട്.
2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്. ഈ വർഷം പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ് ഫോർച്യൂണർ എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.നല്ല ഡീസൽ എഞ്ചിനും പെർഫോമൻസും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രൻ റീസെയിൽ വാല്യുവും ഫോർച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്. നമ്മുടെ നാട്ടിൽ ഫോർച്യൂണറിനുള്ള ഇമേജ് വെച്ച് ടാക്‌സിയൊന്നും ആക്കാൻ ആളുകൾ ധൈര്യപ്പെടില്ലെങ്കിലും മഹാരാഷ്ട്രയിലെ മുംബൈയിൽ ഇതെല്ലാം ഒരു പതിവ് കാഴ്ച്ചയാണ്.
ഫോർച്യൂണറിനോടുള്ള ആരാധന കാരണം കേരളത്തിൽ നിന്നും ഒരുപാട് ആളുകൾ ഡൽഹിയിലെല്ലാം പോയി ചുളുവിലയ്ക്ക് എസ്‌യുവി വാങ്ങിക്കൊണ്ട് വരാറുണ്ട്. അത് കൊണ്ട് തന്നെ ടൊയോട്ട വാഹനങ്ങളുടെ വില വർധിപ്പിച്ചാലും ഞങ്ങൾക്ക് അതൊരു വിഷയമല്ല എന്നുള്ള രീതിയിലാണ് ആളുകൾ ടൊയോട്ടയിലേക്ക് ഇടിച്ചു കയറുന്നത്. എന്തായാലും എതിരാളികളില്ലാതെ ഒറ്റയാനായി എസ്‌യുവി സെഗ്മെൻ്റിൽ ആറാടുകയാണ് ആശാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








