മൂന്ന് ലക്ഷം രൂപയ്ക്ക് ഫോർച്ച്യൂണർ ലെജൻഡർ; പക്ഷേ ട്വിസ്റ്റ് എന്താണെന്ന് അറിഞ്ഞിരിക്കണം
ടൊയോട്ടയുടെ ലൈനപ്പിൽ ഏറ്റവും മസ്കുലർ ലുക്കുളള വാഹനമേതാണെന്ന് ചോദിച്ചാൽ അത് ഫോർച്ച്യൂണർ തന്നെ. പല ഫോർച്ച്യൂണർ ഉടമകളും ലെക്സസ് കിറ്റുകൾ ഘടിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. പലരും പഴയ മോഡൽ പുതിയ മോഡലിലേക്ക് കൺവേർട്ട് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ലെജൻഡർ വേരിയൻ്റിലേക്ക്. അത്തരത്തിലൊരു കൺവേർട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്തൊക്കെയാണ് പഴയതിൽ നിന്ന് ലെജൻഡറിലേക്ക് മാറ്റുന്നതിന് വേണ്ടി ചെയ്തെന്ന് നോക്കിയാലോ.നിങ്ങൾക്കൊരു ഫോർച്ച്യൂണർ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്കും ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
2019 മോഡൽ 4x2 ഫോർച്ച്യൂണറാണ് കൺവേർട്ട് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്.ഒരു റിപ്പയറിങ്ങിന് വേണ്ടിയാണ് ഷോപ്പിൽ ആദ്യം ഫോർച്ച്യുണറുടമ എത്തിയത്. അതിന് ശേഷമാണ് വാഹനത്തിൻ്റെ ലുക്കിൽ ഒരു മാറ്റം ആവാം എന്ന് ചിന്തിക്കുന്നതും ഷോപ്പുടമയുമായി ആശയം പങ്കുവയ്ക്കുന്നതും. ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പർ അതോടൊപ്പം തന്നെ ഹെഡ്‌ലൈറ്റുകൾ മാറ്റി പുതിയ എൽഇഡി ഡിആർഎല്ലുകളും ഫോഗ് ലൈറ്റുകളും ചേർത്ത് ശരിയായ ലെജൻഡർ രൂപം നൽകിയിട്ടുണ്ട്.

പിൻ ബമ്പറും ടെയിൽലൈറ്റുകളും മാറ്റി ലെജൻഡറിലേത് പോലെയുളള പിൻ സ്‌പോയിലർ നൽകി എക്സ്റ്റീരിയറിലെ കൺവേർഷന് മാത്രം ചിലവായ തുക 85000 രൂപയാണ് എന്നാണ് കടയുടമ പറയുന്നത്.പെയിൻ്റ് ചെയത് ഏതെങ്കിലും ഭാഗത്ത് പിഴവുണ്ടെങ്കി അതിന് ഗ്യാരൻ്റി ഉണ്ടെന്നും വീണ്ടും പെയിൻ്റ് ചെയ്ത് തരുമെന്ന ഉറപ്പും അദ്ദേഹം നൽകുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത.
വാഹനത്തിൽ ഉണ്ടായിരുന്ന ടയറുകളും അലോയ് വീലുകളും മാറ്റി പുതിയതാണ് നൽകിയിരിക്കുന്നത്.അതിന് വന്ന ചിലവ് 80000 രൂപ മുതൽ 1.10 ലക്ഷം വരെയാണ്. 25000 രൂപയുടെ ഇൻ്റീരിയർ പാക്കേജാണ് വാഹനയുടമ തെരഞ്ഞെടുത്തത്.ടൊയോട്ട ലെജൻഡറിൽ ലഭിക്കുന്ന അതേ സീറ്റുകളും സ്റ്റിച്ചിങ്ങുകളുമാണ് ഇതിലും ലഭിക്കുന്നു എന്നതാണ് പ്രത്യേകതയായി എടുത്തു പറയേണ്ടത്.
കഴിഞ്ഞ മാസമാണ് ടൊയോട്ട തങ്ങളുടെ ഫോർച്ച്യൂണർ ലെജൻഡർ വേരിയൻ്റിന് 4X4 മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ചത്.46.36 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ വേരിയന്റ് ടൊയോട്ട ഫോർച്യൂണർ 4X4 ഓട്ടോമാറ്റിക്കിനും ഫോർച്യൂണർ GR-S പതിപ്പിനും ഇടയിലായിരിക്കും പുതിയ മോഡൽ സ്ഥാനംപിടിക്കുക.
പുതിയ വേരിയന്റ് ഫോർച്യൂണറിന്റെ ലെജൻഡർ ശ്രേണിയിൽ 4X4 ശേഷി അവതരിപ്പിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 201 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സ് സംവിധാനമാണ് വാഹനത്തിന് കൊടുത്തിരിക്കുന്നതും.

ഇതിനൊപ്പം ടൊയോട്ടയുടെ പ്രൊപ്രൈറ്ററി 4X4 സാങ്കേതികവിദ്യയും കൂടി ചേരുമ്പോൾ ആള് വേറെ ലെവലാവും. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും അല്പം വ്യത്യസ്തമായ ശൈലിയുമായാണ് ഫോർച്യൂണർ ലെജൻഡർ നിരത്തിലേക്ക് എത്തുന്നത്. ഡ്യുവൽ-ടോൺ കളർ പാറ്റേൺ, ഷാർപ്പർ ഹെഡ്‌ലാമ്പ് ഡിഎർഎല്ലുകൾ, വ്യത്യസ്ത ബമ്പറുകൾ, കുറച്ച് കൂടുതൽ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള രൂപം ആരേയും ആകർഷിക്കുന്നതാണ്.
ബോൾഡർ ലുക്കിനും റോഡ് പ്രസൻസിനുമായി എസ്‌യുവിയിൽ വലിയ 20 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എസ്‌യുവിക്ക് 4,795 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,835 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 2,745 മില്ലീമീറ്റർ വീൽബേസും 209 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുകയും ചെയ്യും.
ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ തരക്കേടില്ലാത്ത സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് വിപണിയിൽ എത്തിയിരിക്കുന്നത്. ഡ്യുവൽ-ടോൺ ഇൻ്റീരിയർ, ലെതർ സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.
ഇതോടൊപ്പം മുൻ നിരയിൽ വെൻ്റിലേഷൻ സംവിധാനമുള്ള മികച്ച സക്ഷൻ അധിഷ്ഠിത സീറ്റുകൾ പുതിയ വേരിയൻ്റിൽ കമ്പനി ചേർത്തിട്ടുണ്ട്. ഫോർച്യൂണർ ലെജൻഡറിൻ്റെ അധിക സവിശേഷതകളിൽ സബ് വൂഫറും ആംപ്ലിഫയറും ഉൾപ്പെടെ പ്രീമിയം 11 ജെബിഎൽ സ്പീക്കറുകളും ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ ഫോർച്യൂണർ ലെജൻഡർ എസ്‌യുവി ഒട്ടും മോശക്കാരനല്ല കേട്ടോ.
7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിനെയും കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവിയിൽ ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ X-ട്രെയിൽ തുടങ്ങിയവരോടാണ് ഫോർച്യൂണർ ശ്രേണിയുടെ മത്സരം.
ഫോർച്ച്യൂണറിൻ്റെ ചേട്ടൻപുളളിയുടെ കാര്യം കൂടെ പറയാതിരിക്കാൻ പറ്റില്ല.ഏറ്റവും പുതിയ 2025 ലാൻഡ് ക്രൂയിസർ 300 പതിപ്പിനായുളള ബുക്കിംഗും ഔദ്യോഗികമായി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ZX, GR-S എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളിലെത്തുന്ന പുതിയ 2025 ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് യഥാക്രമം 2.31 കോടി, 2.41 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
കംപ്ലീറ്റ്ലി-ബിൽറ്റ് അപ്പ് യൂണിറ്റ് അതായത് പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്.ഓഫ്-റോഡ് പ്രേമികൾക്കായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്ന GR-S വേരിയന്റിൽ ഡിഫറൻഷ്യൽ ലോക്കുകൾ, മെച്ചപ്പെട്ട ഷോക്ക് അബ്സോർബറുകൾ, കൂടുതൽ സ്പോർട്ടി സ്റ്റാൻസ് എന്നിവയെല്ലാം ഉൾപ്പെടും. ഡിസൈനിലും അൽപം മാറ്റങ്ങളുണ്ടാവുമെന്ന് കാണാം. നേരായ ഫ്രണ്ട് ഗ്രിൽ, സ്കൾപ്പഡ് ബമ്പറുകൾ, സ്ട്രീംലൈൻഡ് രൂപഘടന എന്നിവയാണ് ഇതിലെ പ്രത്യേകതകൾ.
അതേസമയം അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം (AHS) ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ടൊയോട്ട കൊടുത്തിട്ടുണ്ട്. ഇതുകൂടാതെ കറുത്ത നിറത്തിലുള്ള എക്സ്റ്റീരിയർ ആക്സന്റുകൾ, കൂടുതൽ സ്പോർട്ടിയറായ ബമ്പർ, GR ബാഡ്ജിംഗ് എന്നിവയെല്ലാമുള്ള ഒരു എക്സ്ക്ലൂസീവ് സ്റ്റൈലിംഗ് പാക്കേജാണ് ലാൻഡ് ക്രൂയിസയർ GR-S വേരിയന്റിന് ലഭിക്കുന്നത്. പ്രീമിയം മൾട്ടി-ലേയേർഡ് ഫിനിഷുള്ള പ്രഷ്യസ് വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ എസ്‌യുവി ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിൽ പ്രീ-കൊളിഷൻ സിസ്റ്റം (PCS), ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ് (LTA), ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് (LDA), ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (DRCC) എന്നിവ ഉൾക്കൊള്ളുന്ന ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്ന ADAS ടെക്കും പുത്തൻ ലാൻഡ് ക്രൂയിസറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 SRS എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
റിയൽ-ടൈം വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, റിമോട്ട് ലോക്ക്/അൺലോക്ക് ഫംഗ്ഷനുകൾ, ലൈവ് ട്രാക്കിംഗ്, 14-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഒന്നിലധികം USB പോർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഐ-കണക്റ്റ് ടെലിമാറ്റിക്സ് സിസ്റ്റവും എസ്‌യുവികളിലെ വല്യേട്ടന് അകമ്പടിയേകുന്നുണ്ട്. മോഡുലാർ TNGA-F പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ലാൻഡ് ക്രൂയിസർ 300 ഭാരം കുറഞ്ഞതും എന്നാൽ കർക്കശവുമായ ലാഡർ-ഫ്രെയിം ഷാസിയിലാണ് വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








