16 ലക്ഷം കി.മീ ഓടിയ ഹൈലാന്‍ഡര്‍ ചുഴലിക്കാറ്റില്‍ നഷ്ടപ്പെട്ടു; പുത്തന്‍ എസ്‌യുവി സമ്മാനിച്ച് ടൊയോട്ട
ലോകത്ത് വിശ്വാസ്യതക്ക് പേരുകേട്ട ഒരു കാര്‍ ബ്രാന്‍ഡുണ്ടെങ്കില്‍ അത് ജാപ്പനീസ് ഭീമന്‍മാരായ ടൊയോട്ടയാണ്. സര്‍വീസിന്റെ കാര്യത്തിലായാലും കാറുകള്‍ ഈടുനില്‍ക്കുന്ന കാര്യത്തിലായാലും ഉപഭോക്താക്കള്‍ക്ക് വിശ്വസിച്ച് കയറിച്ചെല്ലാന്‍ കഴിയുന്ന കമ്പനിയെന്ന പേര് അവര്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തു. ഉപഭോക്താക്കളുമായ മികച്ച ബന്ധം സൂക്ഷിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും പ്രശസ്തമാണ് ടെയോട്ട.
ഇപ്പോള്‍ അതിന് അടിവരയിടുന്ന മറ്റൊരു ഉദാഹരണം കൂടിയുണ്ട്. ഇയാന്‍ ചുഴലിക്കാറ്റിനിടെ ദശലക്ഷം മൈല്‍ ഓടിച്ച ഹൈലാന്‍ഡര്‍ എസ്‌യുവി നഷ്ടപ്പെട്ടു പോയ അമേരിക്കന്‍ പൗരന് പുത്തന്‍ ഹൈലാന്‍ഡര്‍ എസ്‌യുവി സമ്മാനിച്ചാണ് ടൊയോട്ട ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ എസ്‌യുവി സൗജന്യമായി നല്‍കിയാണ് ടൊയോട്ട ഇദ്ദേഹം തങ്ങളുടെ കമ്പനിയില്‍ അര്‍പ്പിച്ച വിശ്വാസ്യതക്ക് നന്ദിയോതിയത്.

മാര്‍ക്ക് മില്ലര്‍ എന്ന അമേരിക്കന്‍ പൗരനാണ് ടൊയോട്ടയുടെ സ്‌നേഹത്തിന് പാത്രമായത്. ജനുവരിയില്‍ പ്രാദേശിക ഡീലര്‍ഷിപ്പില്‍ നടന്ന ചടങ്ങില്‍ വെച്ച് ടൊയോട്ട യുഎസ്എ 2023 ഹൈലാന്‍ഡര്‍ ഹൈബ്രിഡ് ബ്രോണ്‍സ് എഡിഷന്‍ സമ്മാനിച്ചു. 2006-ലാണ് മാര്‍ക് മില്ലര്‍ ടൊയോട്ട ഹൈലാന്‍ഡര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം ഒരു ദിവസമില്ലാതെ അദ്ദേഹം എസ്‌യുവി നിരത്തിലിറക്കി. ഒരു റോഡ് നിര്‍മാണ കമ്പനി നടത്തി വരികയാണ് മാര്‍ക്ക് മില്ലര്‍.
ജോലി സമയത്ത് ടൊയോട്ട ഹൈലാന്‍ഡര്‍ മില്ലറിന്റെ മൊബൈല്‍ ഓഫീസായും പ്രവര്‍ത്തിച്ചു. തനിക്ക് ആ എസ്‌യുവി വളരെയധികം ഇഷ്ടമായിരുന്നുവെങ്കിലും ഇയാന്‍ ചുഴലിക്കാറ്റ് അതിനെ കൊണ്ടുപോയെന്ന് അദ്ദേഹം സങ്കടത്തോടെ ഓര്‍ക്കുന്നു. 2020-ലാണ് യുഎസിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. ഏകദേശം 113 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് നിമിത്തം ഉണ്ടായത്. കാര്‍ 5 ലക്ഷം മൈല്‍ ഓടിയ ശേഷം മാര്‍ക് മില്ലര്‍ ഇക്കാര്യം ഡീലര്‍ഷിപ്പിനെ അറിയിച്ചിരുന്നു.

ആ സമയം ടെയോട്ട ഡീലര്‍ഷിപ്പ് ഒരു കൂളറായിരുന്നു അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. കാര്‍ 10 ലക്ഷം മൈല്‍ പിന്നിട്ടതായി സൂചിപ്പിച്ചപ്പോള്‍ മാര്‍ക് മില്ലറിനെ വീണ്ടും ഡീലര്‍ഷിപ്പിലേക്ക് വിളിച്ചു. കമ്പനി മാര്‍ക്കിന് അപ്പോള്‍ തന്നെ ഒരു പുതിയ 2023 ഹൈലാന്‍ഡര്‍ സൗജന്യമായി നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ക്കിന്റെ കൈവശമുണ്ടായിരുന്നു ഹൈലാന്‍ഡര്‍ നേപ്പിള്‍സിലെ ജെര്‍മെയ്ന്‍ ടൊയോട്ടയില്‍ നിന്നായിരുന്നു ഇക്കാലമത്രയും സര്‍വീസ് ചെയ്തിരുന്നത്.
എസ്‌യുവി ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടിയെങ്കിലും അതിന്റെ അറ്റകുറ്റപ്പണികളെയും സര്‍വീസിനെയും കുറിച്ച് ടൊയോട്ട പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നില്ല. അതിനാല്‍ തന്നെ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഹൈബ്രിഡ് ബാറ്ററി പായ്ക്ക് എന്നിവ കാര്‍ നഷ്ടപ്പെടുന്നതിന് മുമ്പ് യാതൊരു കേടുപാടുകളും കൂടാതെയിരുന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. തനിക്ക് ആ ഹൈലാന്‍ഡര്‍ വളരെയധികം ഇഷ്ടവും അങ്ങേയറ്റം വിശ്വാസവുമായിരുന്നുവെന്നാണ് മില്ലര്‍ പറയുന്നത്.
ടൊയോട്ട ഏറ്റവും പുതുതായി പുറത്തിറക്കിയ മോഡലുകളില്‍ ഒന്നാണ് കമ്പനി മാര്‍ക്കിന് സമ്മാനിച്ച ഹൈലാന്‍ഡര്‍ ഹൈബ്രിഡ് ബ്രോണ്‍സ് എഡിഷന്‍. പവര്‍ഫുള്‍ പെര്‍ഫോമൻസും അത്യാധുനിക ഫീച്ചറുകളും സംയോജിപ്പിച്ചാണ് എസ്‌യുവിയുടെ വരവ്. ഇതിന് ആകര്‍ഷകവും സ്‌റ്റൈലിഷുമായ ഡിസൈനുണ്ട്. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും അപ്ഗ്രേഡുകളും ഉള്ള ഒരു പുതിയ ട്രിം ലെവലാണ് ബ്രോണ്‍സ് എഡിഷന്‍ എന്ന് പറയാം.
2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ കൂടിച്ചേര്‍ന്ന് 243 bhp സംയോജിത പവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. eCVT ട്രാന്‍സ്മിഷനൊപ്പം ഓള്‍-വീല്‍ ഡ്രൈവും വാഗ്ദാനം ചെയ്യുന്നു. സവിശേഷമായ ബ്രോണ്‍സ് ഫിനിഷിലാണ് 2023 ഹൈലാന്‍ഡര്‍ ഹൈബ്രിഡ് ബ്രോണ്‍സ് എഡിഷന്റെ എക്‌സ്റ്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 18 ഇഞ്ച് ബ്രോണ്‍സ് വീലുകളും ഡാര്‍ക്ക് ഫ്രണ്ട് ഗ്രില്ലും എസ്‌യുവിയുടെ മൊഞ്ച് വര്‍ധിപ്പിക്കുന്നു.
ഇന്റീരിയറിലേക്ക് കടന്നാല്‍ സീറ്റുകളിലും ഡോര്‍ പാനലുകളിലും ഡാഷ്ബോര്‍ഡിലുമുള്ള ബ്രോണ്‍സ് ആക്സന്റുകള്‍ ആകര്‍ഷകമാണ്. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, പ്രീമിയം ജെബിഎല്‍ ഓഡിയോ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ സണ്‍റൂഫ്, ടൊയോട്ട സേഫ്റ്റി സെന്‍സ് 2.5 ഉള്‍പ്പെടെയുള്ള വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാണ് ഹൈലാന്‍ഡര്‍ ബ്രോണ്‍സ് എഡിഷന്റെ മറ്റ് സുപ്രധാന സവിശേഷതകള്‍.


Click it and Unblock the Notifications








