ഓടിക്കുന്നവര്‍ക്കെല്ലാം വണ്ടി റിവ്യൂ പറയാം! 2.50 ലക്ഷം കി.മീ ഓടിയ ഇന്നോവ ക്രിസ്റ്റ മുതലാളി പറയുന്നത് കേട്ടാലോ?
വിശ്വാസ്യത കൊണ്ട് ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായ ഒരു കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. പല വമ്പന്‍ ബ്രാന്‍ഡുകളും മോഷം ഉപഭോക്തൃ സേവനത്തിന്റെ പേരില്‍ പഴികേള്‍ക്കുമ്പോള്‍ കസ്റ്റമേഴ്‌സിനെ മറ്റെന്തിനേക്കാളും മുകളില്‍ പ്രതിഷ്ഠിക്കുന്ന ടൊയോട്ട വ്യത്യസ്തരാകുന്നു. മെയിന്റനന്‍സ് കോസ്റ്റും വിശ്വസനീയമായ എഞ്ചിനുമായതിനാല്‍ വണ്ടി വാങ്ങിയിട്ടാല്‍ പിന്നെ കൊല്ലങ്ങള്‍ തിരിഞ്ഞുനോക്കേണ്ട ആവശ്യം ടൊയോട്ട ഉടമകള്‍ പറയാറുണ്ട്.
അതുകൊണ്ട് തന്നെ ടൊയോട്ടയുടെ പല വാഹനങ്ങളും ടാക്‌സിക്കാര്‍ക്ക് പ്രിയങ്കരമാണ്. ലക്ഷക്കണക്കിന് കിലോമിറ്ററുകള്‍ നിര്‍ത്താതെ ഓടിയാലും തളരാത്ത എഞ്ചിനുകള്‍ തന്നെയാണ് അവരെ ജാപ്പനീസ് ബ്രാന്‍ഡിന്റെ കാറുകളിലേക്ക് അടുപ്പിക്കുന്നത്. ഡിമാന്‍ഡ് ഒന്നുകൊണ്ട് തന്നെയാണ് ഹൈക്രോസ് വന്നിട്ടും പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നോവ ക്രിസ്റ്റ പിന്‍വലിക്കാതെ ഡീസല്‍ എഞ്ചിനില്‍ ടൊയോട്ട തുടര്‍ന്നും വാഗ്ദാനം ചെയ്യുന്നതിന് കാരണവും.

ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും 1 ലക്ഷം കിലോമീറ്റര്‍ ഓടിയ ടാക്‌സി വണ്ടികള്‍ റീ-രജിസ്റ്റര്‍ ചെയ്ത് നമ്മുടെ നാട്ടില്‍ ചിലര്‍ ഓടിക്കുന്നത് കാണാറുണ്ട്. ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ പിന്നെ വണ്ടി പരിപാലിക്കാന്‍ പാടാണെന്ന കാരണം പറഞ്ഞാണ് പലരും വില്‍ക്കുന്നത്. എന്നാല്‍ ടാക്സിയായി ഉപയോഗിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉടമ 2.5 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട ശേഷം തന്നെ അനുഭവം പങ്കുവെക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ കാണാം.
സുന്ദര്‍ദീപ് സിംഗ് എന്നയാളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് യൂട്യൂബര്‍ ടാക്‌സി ഡ്രൈവറോട് സംസാരിക്കുന്നത്. ഡ്രൈവറുമായുള്ള കുശലാന്വേഷണത്തിനിടെയാണ് ഈ ഇന്നോവ 2.5 ലക്ഷം കിലോമീറ്റര്‍ ഓടിയതാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. അഞ്ച് വര്‍ഷം പഴക്കമുള്ള വാഹനമാണെങ്കിലും ഇതിന്റെ അകവും പുറവും കണ്ടാല്‍ അങ്ങനെ തോന്നുകയേ ഇല്ല. അത്രയും വൃത്തിയോടെയായിരുന്നു അദ്ദേഹം ഇതുപരിപാലിച്ച് വരുന്നത്.

വാഹനയുടമ തന്നെയായിരുന്നു ഈ കാറില്‍ ഡ്രൈവറായി സേവനമനുഷ്ഠിച്ച് വരുന്നത്. അദ്ദേഹം 2019-ലാണ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത്. മുമ്പ് ഇദ്ദേഹം മഹീന്ദ്ര സൈലോ, XUV500, പഴയ ടൊയോട്ട ഇന്നോവ തുടങ്ങിയ കാറുകള്‍ അദ്ദേഹം ഓടിച്ചിരുന്നു. അന്ന് മുതലേ ഒരു ഇന്നോവ സ്വന്തമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അതിനുള്ള സാമ്പത്തിക ശേഷി വന്നപ്പോള്‍ ഇന്നോവ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
പകരം കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ക്രിസ്റ്റയായിരുന്നു മുമ്പില്‍ ഉണ്ടായിരുന്നത്. സുഖസൗകര്യങ്ങളുടെയും യാത്രാസുഖത്തിന്റെയുമൊപ്പം ഓണര്‍ഷിപ്പിന്റെ കാര്യത്തിലും ഇന്നോവ മികച്ചതായതിനാല്‍ ക്രിസ്റ്റയെ കൂടെക്കൂട്ടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വണ്ടി വാങ്ങി 5 വര്‍ഷമായിട്ടും യാതൊരു പ്രശ്‌നങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും 2.5 ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടും സ്റ്റോക്ക് ക്ലച്ചിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ഉടമ സാക്ഷ്യപ്പെടുത്തുന്നു. ഇന്നോവ ക്രിസ്റ്റയുടെ മൈലേജിനെ കുറിച്ചും ഈ ഡ്രൈവര്‍ വാചാലനായി.

അല്‍പ്പം വലിപ്പമുണ്ടെങ്കിലും ഈ എംപിവി നഗരയാത്രകളില്‍ ലിറ്ററിന് 12 മുതല്‍ 13 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുന്നുണ്ട്. ഹെവേയിലാണെങ്കില്‍ എംപിവിക്ക് 16 മുതല്‍ 17 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടുമത്രെ. ഈ ക്രിസ്റ്റയില്‍ അദ്ദേഹത്തിന് പരമാവധി 17.5 kmpl മൈലേജ് ലഭിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ഇന്നോവയെന്ന വാഹനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് വളരെ ആത്മവിശ്വാസമുള്ള ഈ ഉടമ ഓരോ 10,000 കിലോമീറ്ററിലും വണ്ടി സര്‍വീസ് ചെയ്യാറുണ്ട്.
തുടക്കത്തില്‍ ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പില്‍ വെച്ചായിരുന്നു സര്‍വീസ് ചെയ്തിരുന്നതെങ്കിലും വാറണ്ടി അവസാനിപ്പിച്ചതോടെ അത് സ്വന്തം സുഹൃത്തിന്റെ ഗരാജിലേക്ക് മാറ്റുകയായിരുന്നു. ശരാശരി 12,000 രൂപയാണ് ഇന്നോവ ക്രിസ്റ്റയുടെ സര്‍വീസ് കോസ്റ്റ് വരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല തന്റെ പരിചയക്കാരില്‍ ഒരാള്‍ക്ക് 8 ലക്ഷം കിലോമീറ്റര്‍ ഓടിയ പഴയ തലമുറ ഇന്നോവയുണ്ടെന്നും അതിപ്പോഴും നല്ല കിടിലന്‍ കണ്ടീഷനിലാണെന്നും ഡ്രൈവര്‍ പറയുന്നു.

ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളുടെ ഉപയോഗിച്ച് നിര്‍മിക്കുന്ന എഞ്ചിനുകള്‍ക്ക് ടൊയോട്ട ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തുന്നില്ല. സങ്കീര്‍ണമല്ലാത്ത സംവിധാനവും ശാന്തമായ സ്വഭാവവും കാരണം ടൊയോട്ട എഞ്ചിനുകള്‍ ഏറെ കാലം 'പണി' തരാതെ നീണ്ടുനില്‍ക്കുന്നു. ഈ ലേഖനം ഇഷ്ടമായെങ്കില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉടമയായ നിങ്ങളുടെ ഒരു സുഹൃത്തിന് അയച്ച് കൊടുക്കുക. മാത്രമല്ല എംപിവിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുകയും ചെയ്യുക.


Click it and Unblock the Notifications








