എന്തേ എത്താൻ വൈകിയെ എന്നൊരു ചോദ്യം മാത്രമേയുള്ളൂ.? 369 ഗരാജിലെ പുത്തൻ അതിഥിയെ കണ്ടോ?
വിപണിയിൽ എത്തിയപ്പോൾ തന്നെ പല പ്രമുഖരുടേയും ഇഷ്ടം പിടിച്ചുപറ്റുകയും മിക്ക സെലിബ്രിറ്റി ഗരാജുകളിൽ പെട്ടെന്ന് തന്നെ ഇടം പിടിക്കുകയും ചെയ്ത മോഡലാണ് ടൊയോട്ട വെൽഫയർ എന്ന ആഡംബര എംപിവി. ആദ്യം എത്തിയപ്പോൾ തന്നെ നമ്മുടെ ലാലേട്ടൻ ഇവനെ സ്വന്തമാക്കിയിരുന്നു, പിന്നീട് അങ്ങോട്ട് മോളിവുഡിലെ പല താരങ്ങളും വെൽഫയറിനെ വാങ്ങിയിരുന്നു. ഇപ്പോൾ ഇതാ മലയാള സിനിമാ ലോകത്തെ മാത്രമല്ല ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന 369 ഗരാജിലേക്കും ഈ ടൊയോട്ട എംപിവി എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും അദ്ദേഹത്തിന്റെ മകനും സൂപ്പർ സ്റ്റാറുമായ ദുൽഖർ സൽമാന്റെയും വാഹന കമ്പം മലയാളികളോട് എടുത്തു പറയേണ്ടതില്ല.
എന്തേ ഈ ഗരാജിലേക്ക് വരാൻ വൈകിയേ എന്ന് ഒരു ചോദ്യമേയുള്ളൂ. ഒട്ടനവധി ലക്ഷ്വറി / സ്പോർട്സ് കാറുകളും, വമ്പന്മാരും കരുത്തരുമായ എസ്‌യുവികളും, വിന്റേജ് ക്ലാസിക്ക് മോഡലുകളും അടങ്ങുന്ന വളരെ വിപുലമായ ഒരു വാഹന ശേഖരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ ടൊയോട്ട വെൽഫയറും.

വാഹനത്തിന്റെ വ്യക്തമായ വിശദാംശങ്ങളും മറ്റും ലഭ്യമല്ല. വാഹനത്തിന് 369 നമ്പറാവും ലഭിക്കുക എന്ന പ്രതീക്ഷയുണ്ട്, എന്നാൽ ഏത് RTO -യ്ക്ക് കീഴിലാവും ഇത് രജിസ്റ്റർ ചെയ്യുക എന്ന കാര്യം വ്യക്തമല്ല. ഒരു കോടി രൂപയ്ക്കു മുകളിൽ വില വരുന്ന ഈ ആഡംബര എംപിവി ഇനി മുതൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒരു നിറ സാനിധ്യമായി മാറാൻ സാധ്യതയുണ്ട്.
ഇനി ടൊയോട്ട വെൽഫയറിനെ പറ്റി പറയുകയാണെങ്കിൽ, ഹൈ, വിഐപി (VIP) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഈ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതിൽ ബേസ് വേരിയന്റായ ഹൈ -യ്ക്ക് 1.22 കോടി രൂപയും ടോപ്പ് സ്പെക്ക് വേരിയന്റിന് 1.32 കോടി രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്.

ഒരു ബോക്സി രൂപശൈലിയും അഗ്രസ്സീവ് ബോഡി ലൈനിംഗും വളരെ മികവുറ്റത്തും പ്രീമിയം ഫീൽ നൽകുന്നതുമായ എൽഇഡി ലൈറ്റിംഗ് യൂണിറ്റുകളാണ് വാഹനത്തിൽ വരുന്നത്. കൂടാതെ ഗംഭീര റോഡ് സാനിധ്യം നൽകുന്ന വലിയ ആറ് സ്ലാറ്റ് ഗ്രില്ലും ഈ ലക്ഷ്വറി എംപിവിയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.
എക്സ്റ്റീരയർ ലുക്സിനേക്കാൾ ഇതിൽ പ്രധാനം വാഹനത്തിന്റെ ഇന്റീരിയർ തന്നെയാണ്, അൾട്രാ ലക്ഷ്വറിയായിട്ടാണ് ഈ എംപിവിയുടെ അകത്തളം ടൊയോട്ട ഒരുക്കിയിരിക്കുന്നത്. വലിപ്പമേറിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇതിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിൽ ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം വളരെ കുറവാണ്.
വളരെ കംഫർട്ടബിളായ സീറ്റുകൾ, ADAS ടെക്, യാത്രക്കാർക്കുള്ള ഒരു ഓവർഹെഡ് കൺസോൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), എക്‌സിക്യൂട്ടീവ് ലോഞ്ച് പായ്ക്കിനൊപ്പം റെട്രാക്‌ടബിൾ ടേബിളുകളുള്ള ക്യാപ്റ്റൻ സീറ്റുകൾ, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവയാണ് ടൊയോട്ട വെൽഫയറിന്റെ ഉൾവശത്തെ കിടിലമാക്കുന്ന പ്രധാന ഫീച്ചറുകൾ.
സേഫ്റ്റിയുടെ കാര്യത്തിൽ വെൽഫയർ എംപിവിക്ക് ടൊയോട്ട സേഫ്റ്റി സെൻസ് ADAS സിസ്റ്റം ലഭിക്കുന്നുണ്ട്. ഇതിൽ പ്രീ -കൊളിഷൻ സേഫ്റ്റി സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ ലെയിൻ ട്രെയ്സ് അസിസ്റ്റ്, എന്നിവയെല്ലാം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എംപിവിക്ക് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, പാർക്ക് അസിസ്റ്റ് എന്നിവ പോലുള്ള സംവിധാനങ്ങളം ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ ഫോർ -സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ടൊയോട്ട വെൽഫയറിന്റെ ഹൃദയം. ഈ യൂണിറ്റ് 193 bhp മാക്സ് പവറും 240 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിവുള്ളതാണ്. ഒരു e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം വരുന്ന എംപിവിയ്ക്ക് ലിറ്ററിന് 19.28 കിലോമീറ്റർ മൈലേജ് നൽകും എന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.


Click it and Unblock the Notifications








