KL 01 -ന് റിട്ടയർമെന്റ് ഇനി അങ്ങോട്ട് KL 99; സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് ഉടൻ
ഇനി KL 01 -ന് പകരം KL 99, സര്‍ക്കാർ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പർ സീരീസ് അനുവദിച്ചു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ തന്നെ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള ഈ നിർണ്ണായക തീരുമാനം എടുത്തത്. KL 15 എന്ന് KSRTC-ക്ക് അനുവദിച്ചിരിക്കുന്നതിന് സമാനമാണിത്. കൂടാതെ ഇതിനായി പ്രത്യേക ഓഫീസും സർക്കാർ ആരംഭിക്കും.
സര്‍ക്കാർ വാഹനങ്ങളുടെ ഉയർന്നു വരുന്ന ദുരുപയോഗം തടയുന്നതിനാണ് പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. KL 99 -A എന്ന സീരീസ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും KL 99 -B സീരീസ് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും KL 99 -C തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും KL 99 -D പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമാണ് നല്‍കുക.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ടുവെച്ച ഈ ശിപാര്‍ശ മുമ്പ് പരിഗണിച്ചിരുന്നു. തുടര്‍ന്ന് നയപരമായ തീരുമാനം ആവശ്യമായതിനാല്‍ വിഷയം മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും എംവിഡി മുമ്പ് അറിയിച്ചിരുന്നു. കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിന്റേത് അല്ലാത്ത വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.
അടുത്തിടെ നൽകിയ ശിപാർശയിൽ, മുഖ്യമന്ത്രി മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള അധികാരികളുടെ വാഹനങ്ങളിൽ മാത്രമേ 'കേരള സ്റ്റേറ്റ്' എന്ന ബോർഡ് പ്രദർശിപ്പിക്കാവൂ എന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.
അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിന് താഴെയുള്ള ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്ദ്യോഗസ്ഥർക്ക് 'ഗവൺമെന്റ് ഓഫ് കേരള' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാമെന്നും എംവിഡി നൽകിയ നിർദേശത്തിൽ പറയുന്നു. നിലവിൽ, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും അതിനു താഴെയുള്ളവരും തങ്ങളുടെ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' എന്ന ബോർഡാണ് ഉപയോഗിക്കുന്നത്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ കാറുകളിൽ 'കേരള സർക്കാർ' എന്ന ബോർഡുകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും എംവിഡി വ്യക്തമാക്കി. പകരം, ഈ സ്വകാര്യ വാഹനങ്ങൾക്ക് വകുപ്പിനൊപ്പം ഉദ്യോഗസ്ഥന്റെ റാങ്കും സൂചിപ്പിക്കുന്ന ബോർഡുകൾ ഉപയോഗിക്കാം. ഉദാഹരണമായി, ബോർഡിൽ, 'അഡീഷണൽ സെക്രട്ടറി, നിയമനിർമ്മാണ വകുപ്പ്, സർക്കാർ സെക്രട്ടേറിയറ്റ്' എന്ന് വെയ്ക്കാം.
മറ്റ് അനുബന്ധ വാർത്തകളിൽ കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പേജ് പോളിസിയിൽ നിന്ന് 15 വർഷത്തിലേറെ പഴക്കമുള്ള കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ഓവർറൂൾ ചെയ്യാൻ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കും. കെഎസ്ആർടിസി ബസുകൾക്ക് മാത്രമേ ഈ ഇളവ് ലഭ്യമാക്കൂ. ഇതല്ലാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റെല്ലാ വാഹനങ്ങളും നിരത്തിൽ നിന്ന് പിൻവലിച്ച് സ്ക്രാപ്പ് ചെയ്യും.
കോർപ്പറേഷനിൽ ബസുകളുടെ കുറവ് കാരണമാണ് കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ ഇളവുകൾ നൽകിയത്. വാഹൻ പോർട്ടൽ പ്രകാരം 1,622 കെഎസ്ആർടിസി വാഹനങ്ങളും 884 സർക്കാർ വാഹനങ്ങളും നിലവിൽ സംസ്ഥാനത്ത് കരിമ്പട്ടികയിലാണ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങളുടെ രജിസ്ട്രേഷൻ മന്ത്രാലയം റദ്ദാക്കി.
വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി പ്രകാരം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 245 കെഎസ്ആർടിസി വാഹനങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ ബസുകളുടെ സർവീസ് തുടരാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം.


Click it and Unblock the Notifications








