ചെളിപുരണ്ട കാറുകൾക്ക് വിലക്ക്! വിചിത്ര നിയമങ്ങളുടെ കാര്യത്തില്‍ ഉത്തര കൊറിയയെ വെല്ലുന്ന ഒരു രാജ്യം
ആധുനിക കാലത്ത് ഒരു സ്വേച്ഛാധിപതിയെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനിന്റെ പേരായിരിക്കും പറയുക. ഈ രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് അടുത്ത കാലത്ത് വരെ പുറംലോകവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ റഷ്യന്‍ വിനോസഞ്ചാരികള്‍ക്ക് അവസരമൊരുങ്ങിയിരുന്നു. എന്നാല്‍ അത് അവരുടെ നയതന്ത്ര തീരുമാനമായിരുന്നു.
ബാഹ്യലോകവുമായി പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരു രാജ്യമായാണ് ഉത്തര കൊറിയയെ കാണുന്നത്. ഭരണ കര്‍ത്താക്കള്‍ കൊണ്ടുവരുന്ന കര്‍ശന നിയമങ്ങള്‍ കാരണം പലപ്പോഴും ജനങ്ങളുടെ പല അവകാശങ്ങളും ഇത്തരം രാജ്യങ്ങളില്‍ നിഷേധിക്കപ്പെടുന്നു. പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വരെ വിച്ഛേധിക്കപ്പെടുന്നു. എന്നാല്‍ സ്വേച്ഛാധിപതികള്‍ ഭരിക്കപ്പെടുന്നതും വിചിത്രമെന്ന് തോന്നുന്ന നിയമങ്ങള്‍ നിലവിലുള്ളതുമായ മറ്റൊരു രാജ്യവും ലോകത്തുണ്ട്. വാഹനമുടകളെ ബാധിക്കുന്ന ചില വിചിത്രമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുള്ള ആ രാജ്യത്തെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.

കസാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്ക്‌മെനിസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. മധ്യേഷ്യയില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്ക്‌മെനിസ്ഥാന്‍ നിഗൂഢതകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു ദേശമായാണ് കണക്കാക്കപ്പെടുന്നത്. വിശാലമായ മരുഭൂമികള്‍, പുരാതന സില്‍ക്ക് റോഡ് നഗരങ്ങള്‍, ആകര്‍ഷണീയമായ സ്മാരകങ്ങള്‍ എന്നിവ ഈ രാജ്യത്തിന്റെ പ്രത്യേകതകളില്‍ ചിലത് മാത്രമാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1991-ലാണ് ഈ രാജ്യം സ്ഥാപിതമായത്. അതിനുശേഷം സ്വേച്ഛാധിപതികളാണ് രാജ്യത്തിന്റെ ഛരണചക്രം കൈയ്യാളുന്നത്. സപര്‍മുരത് നിയാസോവും പിന്നീട് ഗുര്‍ബാംഗുലി ബെര്‍ഡിമുഹാമദോവുമായിരുന്നു ഭരണാധികാരികള്‍. സെര്‍ദാര്‍ ബെര്‍ഡിമുഹമ്മദോവാണ് ഇപ്പോഴത്തെ പ്രസിഡന്റ്. 65 ലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ. ലോകത്ത് ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നും കൂടിയാണ് തുര്‍ക്ക്‌മെനിസ്ഥാന്‍. ലോകത്തിന് വളരെ അപരിചിതമായ ഈ രാജ്യത്തെ ചില നിയമങ്ങള്‍ കേട്ടാല്‍ നമ്മള്‍ അമ്പരന്ന് പോകും.

15-ാം നൂറ്റാണ്ട് വരെ ചൈനയും പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച സില്‍ക്ക് റോഡ് ഈ രാജ്യത്തിലൂടെയാണ് കടന്ന് പോയിരുന്നത്. ചരിത്രപരമായ സമ്പന്നതകള്‍ അവകാശപ്പെടാനുണ്ടെങ്കിലും മറ്റ് പല ലോകരാജ്യങ്ങളിലും കേട്ടുകേള്‍വി പോലുമില്ലാത്ത ചില നിയമങ്ങളാണ് ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാക്കി മാറ്റുന്നത്. അതില്‍ ഒന്നാണ് തലസ്ഥാന നഗരമാണ് അഷ്ഗാബത്തിലെ വാഹനങ്ങള്‍ക്ക് ബാധകമായിട്ടുള്ള ഒരു നിയമം. ഇവിടുത്തെ നിരത്തുകളില്‍ വെള്ള അല്ലെങ്കില്‍ സില്‍വര്‍ നിറമുള്ള വാഹനങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ.
അഷ്ഗാബത്ത് നഗരത്തില്‍ മറ്റ് നിറമുള്ള വാഹനങ്ങളുടെ ഉപയോഗത്തിന് നിരോധനമുണ്ട്. വൈറ്റ് അല്ലെങ്കില്‍ സില്‍വര്‍ നിറത്തില്‍ അല്ലാത്ത കാറുകള്‍ നിരത്തിലിറക്കിയാല്‍ വന്‍ തുക പിഴയായി ഒടുക്കേണ്ടി വരും. 2018-ല്‍ മുന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഹമ്മദോവാണ് ഈ നിയമം കൊണ്ടുവന്നത്. കറുത്ത നിറത്തിലുള്ള കാറുകള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ട് തന്നെ വൈറ്റ്, സില്‍വര്‍ അല്ലാത്ത നിറത്തിലുള്ള വാഹനങ്ങള്‍ ഉണ്ടായിരുന്നവര്‍ തങ്ങളുടെ വണ്ടിയുടെ പെയിന്റ് മാറ്റിയടിക്കാന്‍ നിര്‍ബന്ധിതരായി.

ഇതുമാത്രമല്ല ഈ രാജ്യത്ത് വാഹനയുടമകളെ ബാധിക്കുന്ന മറ്റ് ചില വിചിത്ര നിയമങ്ങള്‍ കൂടിയുണ്ട്. വൈറ്റ് മാര്‍ബിളിന്റെ നഗരം എന്നറിയപ്പെടുന്ന അഷ്ഗാബാത്തില്‍ വൃത്തിഹീനമായി വാഹനങ്ങള്‍ കൊണ്ടുനടക്കാന്‍ പാടില്ല. കാറുകള്‍ വെളുത്തതായിരിക്കണമെന്ന് മാത്രമല്ല വൃത്തിയുള്ളതും അഴുക്കില്‍ നിന്ന് മുക്തവുമായിരിക്കണമെന്നുമാണ് നിയമം. ചെളിപുരണ്ട് വൃത്തികെട്ട രീതിയില്‍ കാര്‍ നിരത്തലിറക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള കാറുമായി തലസ്ഥാന നഗരത്തിലെത്തുന്ന ആളുകള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും.
അതുകൊണ്ട് അഷ്ഗബാത്ത് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിരവധി സര്‍വീസ് സ്‌റ്റേഷനുകളാണ് കൂണുപോലെ മുളച്ച് പൊന്തിയിരിക്കുന്നത്. ചെളിപിടിച്ച വണ്ടികള്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് നഗരത്തിലേക്ക് പ്രവേശിക്കുക. മുകളില്‍ പറഞ്ഞ പോലെ വൈറ്റ് മാര്‍ബിളിന്റെ നഗരം എന്നറിയപ്പെടുന്ന തുര്‍ക്ക്‌മെനിസ്ഥാന്‍ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും ഇടതൂര്‍ന്ന വെളുത്ത മാര്‍ബിള്‍ കെട്ടിടങ്ങളുള്ള നഗരമായാണ് അഷ്ഗാബാത്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയത്. 4.5 ദശലക്ഷം ചതുരശ്ര അടിയില്‍ 543 വൈറ്റ് മാര്‍ബിള്‍ കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്.
ഇതല്ലാതെ തുര്‍ക്ക്‌മെനിസ്ഥാനില്‍ മറ്റ് ചില വിചിത്ര സംഗതികളുമുണ്ട്. തുര്‍ക്ക്‌മെനിസ്ഥാനില്‍ 70 വയസ് കഴിയാത്ത പുരുഷന്‍മാര്‍ക്ക് താടി വളര്‍ത്താനോ മുടി നീട്ടിവളര്‍ത്താനോ അവകാശമില്ല. മാത്രമല്ല തണ്ണിമത്തനായി ഒരു ദിനം ആചരിക്കുന്ന രാജ്യം കൂടിയാണിത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ദേശീയ തണ്ണിമത്തന്‍ ദിനം. തുര്‍ക്ക്‌മെനിസ്ഥാന്‍ എന്ന രാജ്യത്തെ ഈ വിചിത്രമായ നിയമങ്ങളെ കുറിച്ച് വാഹനപ്രേമിയായ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








