ഈ കാശിന് ഒരു കെടിഎം 390 ഡ്യൂക്ക് എടുക്കാം! 634 ചലാനുകളിൽ നിന്ന് സ്കൂട്ടി ഉടമയ്ക്ക് ലഭിച്ച വമ്പൻ പിഴ
ഇന്ത്യയിലുടനീളം ഇപ്പോൾ ട്രാഫിക് സിഗ്നൽ ക്യാമറകളും ഓട്ടോമാറ്റിക് ഫൈൻ സംവിധാനങ്ങളും ഉള്ളതിനാൽ, ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനുള്ള പിഴകൾ നൽകുന്ന രീതി ഗണ്യമായി മാറിയിരിക്കുകയാണ്. നമ്മുടെ നാട്ടിലെ AI ക്യാമറകൾ പണികൊടുത്ത നിരവധി കേസുകളും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കർണാടകയിലെ ബെംഗളൂരുവിലെ ഒരു സ്‌കൂട്ടർ ഉടമയ്ക്ക് ലഭിച്ച ചലാനുകളും, പിഴയുടെ തുകയുമാണ് വാർത്തയാവുന്നത്.
3.25 ലക്ഷം രൂപയാണ് ഈ ടു വീലർ ഉടമയ്ക്ക് കുടിശ്ശികയായിട്ടുള്ളത്, ഇതേ തുടർന്ന് പൊലീസ് വാഹനം പിടികൂടിയിരിക്കുകയാണ്. 2022 ഫെബ്രുവരി മുതൽ ഈ സ്‌കൂട്ടറിന് എതിരെ 634 ട്രാഫിക് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. KA 04 KF 9072 എന്ന രജിസ്‌ട്രേഷനുള്ള ടിവിഎശ് സ്കൂട്ടി പെപ്+ -നായി ട്രാഫിക് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു.

ഒടുവിൽ പൊലീസ് സ്കൂട്ടർ കണ്ടെത്തി. ആർടി നഗർ ട്രാഫിക് പൊലീസാണ് ഈ വാഹനത്തെയും ഉടമയെയും പിടികൂടിയത്. ഈ വാഹനയുടമ നടത്തിയ എല്ലാ നിയമലംഘനങ്ങളും ഓട്ടോമാറ്റിക് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ക്യാമറയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. ഗഗനഗർ സ്വദേശിയായ മാലാ ദിനേശനാണ് വാഹനത്തിന്റെ ഉടമ.
2021 -ൽ സ്കൂട്ടർ വാങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി 23 -നാണ് ആദ്യത്തെ ട്രാഫിക് നിയമലംഘനം സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 634 നിയമലംഘനങ്ങൾ ഇദ്ദേഹത്തിന് എതിരായിട്ടുണ്ട്, അവയെല്ലാം ഒന്നുകിൽ ഹെൽമെറ്റ് ധരിക്കാത്തതിനോ അല്ലെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചതിനോ ആണ് എന്നത് ശ്രദ്ധേയമാണ്. 2023 ഡിസംബർ 17 -നാണ് ഏറ്റവും അവസാനത്തെ ലംഘനം രേഖപ്പെടുത്തിയത്.

പെറ്റി ഇനത്തിൽ സ്കൂട്ടർ സ്വരൂപിച്ച ആകെ തുക 3.25 ലക്ഷം രൂപയാണ്, ഇത് സ്കൂട്ടറിന്റെ വിലയുടെ നാലിരട്ടിയോളം വരും എന്നതാണ് രസകരം. സ്‌കൂട്ടർ ഉടമ ദിനേശ് ചലാൻ വരുന്നത് ശ്രദ്ധിക്കാതെ ആർടി നഗർ വഴി പതിവായി കടന്നുപോയി. അധികൃതർ വാഹനം പിടിച്ചെടുത്ത ശേഷം ചൊവ്വാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ഇത്രയും ഭീമമായ പിഴ അടയ്‌ക്കാൻ ആവില്ലെന്നും സ്‌കൂട്ടർ വിട്ടുനൽകണം എന്നും ഉടമ ആവശ്യപ്പെട്ടു.
എന്നാൽ ഈ അപേക്ഷകൾ നിരസിച്ച പൊലീസ് പിഴ തുക അടച്ചതിന് ശേഷം മാത്രമേ സ്‌കൂട്ടർ വിട്ടുനൽകൂ എന്ന് അറിയിച്ചു. ഉടമയ്ക്ക് പൊലീസ് നോട്ടീസും നൽകിയിട്ടുണ്ട്. ഒട്ടുമിക്ക ഇന്ത്യൻ നഗരങ്ങളിലും ട്രാഫിക് നിയമലംഘനങ്ങളുടെ അളവ് വളരെ ഉയർന്നിരിക്കുകയാണ്, ഇവ കുറയ്ക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

ഓരോ ദിവസവും ഓരോ ലംഘനവും പ്രത്യേകം രേഖപ്പെടുത്തുന്ന ഇന്റലിജന്റ് ക്യാമറകൾ കാരണം ഈ നിയമലംഘനങ്ങൾ എല്ലാം പിടിക്കപ്പെടുന്നുണ്ട്. ഇതിനർത്ഥം ഒരാൾ ഒരു ദിവസം ഒന്നിലധികം തവണ ജംഗ്ഷനിലൂടെ ഹെൽമെറ്റ് ഇല്ലാതെയോ മറ്റോ കടന്നുപോയാൽ ഓരോ തവണയും ഈ നിയമലംഘനം രജിസ്റ്റർ ചെയ്യപ്പെടുകയും, ഓരോ പ്രാവശ്യത്തിനും അവർക്ക് പുതിയ പിഴകൾ ലഭിക്കുകയും ചെയ്യും. നിലവിൽ ഇത്തരം നിയമലംഘനങ്ങളുടെ പിഴ കുടിശ്ശിക വളരെ കൂടുതലാണ്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, ഓരോ ട്രാഫിക് പൊലീസ് സ്റ്റേഷന്റെയും അധികാരപരിധിയിലുള്ള ടോപ്പ് 100 നിയമലംഘകരിൽ നിന്ന് തീർപ്പാക്കാത്ത പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ് ഒരു പ്രത്യേക ഡ്രൈവ് ആസൂത്രണം ചെയ്തിരിക്കുകയാണ്. പിഴ ഈടാക്കുന്നതിനും ഈ ലംഘനങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു സംഘം ഉദ്യോഗസ്ഥർ നിയമലംഘകരുടെ വീടുകൾ സന്ദർശിക്കും.
ഇന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളിലും ഇപ്പോൾ CCTV ക്യാമറകളുടെ ഒരു വലിയ ശൃംഖലയുണ്ട്, അവ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. ഈ ക്യാമറകളിലൂടെ ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ നമ്പറുകൾ ട്രാക്ക് ചെയ്യുകയും നിയമലംഘനങ്ങൾക്ക് ചലാൻ നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, വ്യാജ നമ്പർ പ്ലേറ്റുകൾ കാരണം തെറ്റായ ഓൺലൈൻ ചലനുകൾ ചുമത്തപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ തെറ്റായ പിഴകൾ ചൂണ്ടിക്കാട്ടാൻ ട്രാഫിക് പൊലീസ് നൽകുന്ന ഒരു സൊല്യൂഷൻ പോർട്ടൽ ഉണ്ട്.
നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയുടെ തുക വർധിപ്പിക്കാൻ സർക്കാരും അധികാരികളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും അതുവഴി റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കുകയുമാണ് ഇത്തരത്തിലുള്ള വർധനവിന് പിന്നിലെ ലക്ഷ്യം. AI ക്യാമറകൾ നിലവിൽ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങളിലും അപകടങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








