ഇനി മുതല്‍ ബൈക്കുകള്‍ക്കും ടോള്‍ നല്‍കേണ്ടിവരും! ഈ റോഡിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുക...
ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയാണ് ടോളുകള്‍. നിലവില്‍ ഫാസ്ടാഗ് സംവിധാനത്തിന് കീഴിലാണ് ടോളുകള്‍ പിരിക്കുന്നതെങ്കിലും അധികം വൈകാതെ സാറ്റലൈറ്റ് സിസ്റ്റത്തിലേക്ക് മാറാന്‍ പോകുകയാണ്. ഇന്ത്യയില്‍ പൊതുവേ എക്‌സ്പ്രസ് വേകളിലും മറ്റും ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാറില്ല. പലപ്പോഴും പല അതിവേഗ പാതകളിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പ്രവേശന വിലക്കുണ്ട്. അത് ഇല്ലാത്ത സ്ഥലങ്ങളില്‍ ടോള്‍ ബുത്തിന്റെ ഇടത്തേ വശത്തുള്ള ലെയ്‌നിലൂടെ ടൂവീലറുകള്‍ക്ക് ടോള്‍ കൊടുക്കാതെ കടന്ന് പോകാമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി എക്‌സ്പ്രസ് വേയില്‍ ബൈക്കുകള്‍ക്കും മറ്റ് ഇരുചക്രവാഹനങ്ങള്‍ക്കും ടോള്‍ ഈടാക്കാന്‍ പോകുകയാണ്. അതിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.
സംഭവം എവിടെയാണെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ടാണ് ടൂവീലറുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് നോക്കാം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്ന റോഡുകളില്‍ മാത്രമാണ് ഇരുചക്ര വാഹനങ്ങളെ ടോളുകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് ആദ്യമേ പറയട്ടേ. അടുത്തകാലത്ത് ഹൈവേ അതോറിറ്റിയും ഇരുചക്രവാഹന യാത്രക്കാരില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വരികയായിരുന്നു. ഇരുചക്രവാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന ടോളിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ ലക്ഷ്യമിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലോകത്ത് തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഇരുചക്രവാഹനങ്ങളാണ്.
അത്തരമൊരു സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നത് സര്‍ക്കാര്‍ ഖജനാവ് വലുതാക്കാന്‍ സഹായകമാണ്. ഈ പണം റോഡുകളുടെയും ഹൈവേകളുടെയും കൂടുതല്‍ വികസനത്തിനായി ഉപയോഗിക്കാം. നിലവില്‍ രാജ്യത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ മുന്നേറുന്നതിനാല്‍ ടോള്‍ വഴി ലഭിക്കുന്ന പണം ഈ പദ്ധതികള്‍ക്ക് വിനിയോഗിക്കാമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടോള്‍ സമ്പ്രദായം ഇരുചക്രവാഹന യാത്ര കൂടുതല്‍ ചെലവേറിയതാക്കും എന്നതാണ് ഇതിലെ ഒരു പോരായ്മ.

കുറഞ്ഞ വിലയും പ്രവര്‍ത്തനച്ചെലവുമെല്ലാമാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ ടൂവീലറുകളെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗമായി കൊണ്ടുനടക്കാന്‍ കാരണം. ടോള്‍ കൂടി ഈടാക്കാന്‍ തുടങ്ങിയാല്‍ ഇത്തരമാളുകളുടെ കുടുംബ ബജറ്റ് താളംതെറ്റും. ദിവസവേതനക്കാരെ മാത്രമല്ല ചെറുകിട കച്ചവടക്കാരെയും ലാസ്‌മൈല്‍ ഡെലിവറി സര്‍വീസ് നടത്തുന്നവരെയുമെല്ലാം ബാധിക്കും. ഹൈവേ അതോറിറ്റി ഇനിയും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. എന്നിരുന്നാലും, നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലല്ലാത്ത പാതകളില്‍ ടൂവീലറുകള്‍ക്ക് ടോള്‍ ഈടാക്കാം.
ഇപ്പോള്‍ ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേയില്‍ ബൈക്കുകള്‍ക്കുള്ള ടോള്‍ നിരക്കുകള്‍ തീരുമാനിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി. ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേ എന്‍എച്ച്എഐയുടെ കീഴിലല്ലാത്തതിനാല്‍ യുപിഇഐഡിഎക്ക് ടോള്‍ ഈടാക്കാന്‍ സാധിക്കും. ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ എന്നിവയെ ഒരേ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഇനി മുതല്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിന് ടോള്‍ നല്‍കേണ്ടിവരും.

സാധാരണയായി ഇരുചക്രവാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഉണ്ടാകാറില്ല. അതിനാല്‍ ടോള്‍ തുക ക്യാശായി സ്വീകരിക്കും. ഇരുചക്രവാഹന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രതിമാസ പാസുകള്‍ ഭാവിയില്‍ അവതരിപ്പിക്കും. ഓരോ പാസിലും 20 യാത്രകള്‍ വരെയായിരിക്കും അനുവദിക്കുക. രണ്ട് ടോള്‍ ബൂത്തുകള്‍ തമ്മിലുള്ള ദൂരം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത് എന്ന് യുപിഇഐഡിഎ അറിയിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇരുചക്ര വാഹനങ്ങള്‍ എക്‌സ്പ്രസ് വേകളില്‍ പ്രവേശിപ്പിക്കുന്നത് അത്ര സുരക്ഷിതമല്ല. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഫോര്‍വീലറുകളുടെ വേഗപരിധി. അവിടെ ഇരുചക്രവാഹനങ്ങളെയും ട്രാക്ടറുകള്‍ പോലുള്ള സാവധാനത്തില്‍ പോകുന്ന വാഹനങ്ങളെ പ്രവേശിപ്പിക്കുന്നത് അപകട സാധ്യത കൂട്ടുന്നു. ഇന്നും പലര്‍ക്കും എക്‌സ്പ്രസ് വേ ലെയ്‌നുകളില്‍ എങ്ങിനെ കൃത്യമായി ഡ്രൈവ് ചെയ്യണമെന്ന കാര്യം അറിയില്ല.
ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള പല ഹൈവേകളിലും ടൂവീലറുകള്‍ക്ക് പ്രവേശനവിലക്കുണ്ട്. ഇതിനിടയിലാണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ടോള്‍ ചുമത്താന്‍ തയാറായ ആദ്യത്തെ എക്‌സ്പ്രസ് വേയുടെ വാര്‍ത്ത വരുന്നത്. ഹൈവേ അതോറിറ്റിക്ക് കീഴില്‍ വരുന്നതല്ലാത്തിനാല്‍ ഈ റോഡ് ഉപയോഗിക്കാന്‍ സാധാരണക്കാര്‍ക്ക് പണം നല്‍കേണ്ടിവരും. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്ന പരിപാടിയെ കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായം എന്താണ്?. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ?.
Source: jagran


Click it and Unblock the Notifications








