ഇനി 'കൈവിട്ടകളി' നടക്കൂല! ടൂവീലറുകളില്‍ ഇക്കാര്യം നിര്‍ബന്ധമാക്കാന്‍ പോകുന്നു...
ഇന്ത്യയില്‍ ഓരോ വര്‍ഷവും റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുതിയ സുരക്ഷാ ഫീച്ചറുകള്‍ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തി അപകടങ്ങള്‍ കുറയ്ക്കാനാണ് അധികൃതരുടെ ശ്രമം. അതിനായി ഇരുചക്ര വാഹനങ്ങളില്‍ ചില സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. ഏതൊക്കെ ഫീച്ചറുകളാണ് നിര്‍ബന്ധമാക്കാന്‍ പോകുന്നത്? എന്തുകൊണ്ടാണ് വില ഉയരുന്നത്? തുടങ്ങിയ വിവരങ്ങള്‍ താഴെ വായിക്കാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. അതിനാല്‍ തന്നെ അപകടത്തില്‍പ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. ഇന്ത്യയില്‍ നടക്കുന്ന 100 അപകടങ്ങളില്‍ ഏകദേശം 44 എണ്ണത്തിലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അമിത വേഗതയും നിയന്ത്രണം നഷ്ടപ്പെടുന്നതുമാണ് ഈ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.

ഇന്ത്യയില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവക്കിടയില്‍ പൊതുവേ കണ്ടു വരുന്ന നിയമലംഘനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ വേണ്ടി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ പോകുകയാണ്. പുതിയ നിയമം അനുസരിച്ച് ഇരുചക്ര വാഹനങ്ങളില്‍ അമിത വേഗതയില്‍ പോകുമ്പോള്‍ റൈഡര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം നിര്‍ബന്ധമായും ഘടിപ്പിക്കേണ്ടി വരും. അതുപോലെ, ഹാന്‍ഡില്‍ ബാറില്‍ നിന്ന് കൈ എടുത്താല്‍ ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ഉണ്ടാകും.
സാധാരണയായി റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്. ഈ സംവിധാനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യതയുള്ള സമയത്ത് തന്നെ മുന്നറിയിപ്പ് നല്‍കാനും അതുവഴി അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഇരുചക്ര വാഹനങ്ങളെ ഒരു സെന്‍സര്‍ വഴി നിരീക്ഷിച്ചാണ് ഈ സുരക്ഷാ സംവിധാനത്തിന്റെ പ്രവര്‍ത്തനം.

ഇത് വാഹനത്തിന്റെ പ്രവര്‍ത്തനം തത്സമയം നിരീക്ഷിക്കുകയും വാഹനം ഓടിക്കുമ്പോള്‍ ഹാന്‍ഡില്‍ ബാറില്‍ നിന്ന് കൈയെടുത്താല്‍ ഉടന്‍ തന്നെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും. ഈ സുരക്ഷാ സംവിധാനം വാഹനത്തിലെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഒരു സംവിധാനത്തെ കുറിച്ച് വാഹന മേഖലയില്‍ നിന്നുള്ളവര്‍ വളരെ പോസിറ്റീവായ പ്രതികരണമാണ് നല്‍കുന്നത്.
ഈ സിസ്റ്റം ഘടിപ്പിക്കുന്നത് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കാം. എങ്കിലും 2026 ജനുവരിക്ക് ശേഷം പുറത്തിറങ്ങുന്ന എല്ലാ ഇരുചക്രവാഹനങ്ങളിലും ഈ ഉപകരണം നിര്‍ബന്ധമായി ഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷാ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മുകളില്‍ പറഞ്ഞ ഫീച്ചറുകള്‍ കൂടാതെ എബിഎസ്, ഹെല്‍മെറ്റ് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയിലെ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ഈ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പുതിയ ബൈക്കുകളില്‍ നടപ്പാക്കുന്നത് എളുപ്പമായിരിക്കും. എന്നാല്‍ പഴയ ബൈക്കുകളുടെ പരീക്ഷണം, നടപ്പാക്കല്‍, റെട്രോ ഫിറ്റിംഗ് സാധ്യതകള്‍ എന്നിവ ചോദ്യങ്ങളായി അവശേഷിക്കുന്നു. ഈ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ എങ്ങിനെ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുമെന്നതും നിര്‍ണായകമാണ്. വരുംദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ എല്ലാം തന്നെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.
Source: livemint


Click it and Unblock the Notifications








